കാടു കാണാം ആറളം പോകാം
കണ്ണൂരിലെ കാഴ്ചകള്‍ കാണാനെത്തുന്നവര്‍ ആറളം വന്യജീവി സങ്കേതം കാണാതെ പോകരുത് പ്രകൃതിയെ സ്നേഹിക്കുന്ന ആരും ആറളം മറക്കരുത്. ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം, കണ്ണൂര്‍ നഗരത്തില്‍ നിന്ന് 54 കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. കോഴിക്കോട് നിന്ന് തലശേരി- കൂത്തുപറമ്പ് വഴിയാണ് ആറളത്തേക്ക് പോകാനാവുക.
കാടിനെ അടുത്തറിയാന്‍ ഞങ്ങള്‍ മുപ്പതംഗ സംഘമാണ് ആറളത്തേക്ക് യാത്രതിരിച്ചത്. പുലര്‍ച്ചെ ഏഴര മണിയോടെ തന്നെ എല്ലാവരും യാത്രക്കൊരുങ്ങി കോഴിക്കോട്ടെത്തി. നല്ലൊരു എയര്‍ബസിലായായിരുന്നു ആറളത്തേക്കുള്ള യാത്ര. സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുമിച്ചുള്ള ഒരു യാത്രയുടെ സന്തോഷം എല്ലാവരിലും ഉണ്ടായിരുന്നു. യാത്ര തുടങ്ങും മുന്‍പേ നാല് കുല വാഴപ്പഴവും കുപ്പിവെള്ളവുമായി ടീം ലീഡര്‍ ഫഹീമും ജോയലും ആദ്യം ബസില്‍ കയറി. ബസ് കോഴിക്കോട് പിന്നിട്ടപ്പോഴേക്കും അധ്യാപകനായ സുഹൃത്ത് ആറളത്തെക്കുറിച്ച് വാതോരാതെ സംസാരിക്കാന്‍ തുടങ്ങിയിരുന്നു.
ആറളം; പേരിന്‍റെ കഥ
പുഴകളുടെ നാട് എന്ന അര്‍ഥത്തിലാണ് ആറളം (ആറിന്‍റെ അളം) എന്നു പേര് വന്നത്. വടക്കുകിഴക്കായി പശ്ചിമഘട്ട മലമടക്കുകളാലും തെക്കുപടിഞ്ഞാറ് ആറളം പുഴയാലും കാല്‍ത്തളയിടപ്പെട്ട പ്രകൃതിരമണീയമായ സ്ഥലമാണ് ആറളം ഫാമും വന്യജീവി സങ്കേതവും. ബാവലിപ്പുഴയുടെ നീരൊഴുക്കിനാല്‍ ഫലഭൂയിഷ്ഠമായ മനോഹര ഭൂപ്രദേശമാണിത്. വളപട്ടണം പുഴയുടെ പ്രധാന നീര്‍ച്ചാലായ ചീങ്കണ്ണിപ്പുഴയുള്‍പ്പെടെ ചെറുതും വലുതുമായ നിരവധി അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നുണ്ടെന്ന് സുഹൃത്ത് വിശദീകരിച്ചു.
പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്
വാതില്‍പ്പുറക്കാഴ്ചകള്‍കണ്ട് ചീങ്കണ്ണിപ്പുഴക്ക് മുകളില്‍ സ്ഥാപിച്ച പാലം കടന്ന് ഫാമിന്‍റെ ഗേറ്റിലെത്തിയപ്പോള്‍ സമയം വൈകിട്ട് നാലര കഴിഞ്ഞിരുന്നു. പലയിടത്തും നിര്‍ത്തിയതിനാലാണ് വൈകുന്നേരമായത്. പ്രവേശന കവാടത്തില്‍ നമ്പര്‍ രേഖപ്പെടുത്തി പാസ് വാങ്ങിവേണം വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും കാടകത്തേക്ക് പ്രവേശിക്കാന്‍. കുരുമുളകു കുപ്പായമിട്ട കായ്നിറഞ്ഞ തെങ്ങിന്‍തോപ്പുകള്‍ ഞങ്ങളെ സ്വാഗതംചെയ്തു. കശുമാവും കാപ്പിയും പടര്‍ന്നുപന്തലിച്ച വഴികളിലൂടെ ഞങ്ങള്‍ മുന്നോട്ടുനീങ്ങി. പേരത്തോട്ടങ്ങളും ഞങ്ങളുടെ വഴിയെ സമ്പന്നമാക്കി. നേരത്തെ ബുക്ക് ചെയ്തതിനാല്‍ ചെറിയൊരു പരിശോധനക്കു ശേഷം കടത്തിവിട്ടു. ആശ്വാസമായി ഞങ്ങള്‍ ലക്ഷ്യത്തിലേക്ക് എത്തിയിരിക്കുന്നു. എല്ലാവരും വാഹനത്തില്‍ നിന്നിറങ്ങി. നേരിയ കുളിരുമായി മുട്ടിയുരുമ്മുന്ന തണുത്തകാറ്റ്. എല്ലാവരും പരിസരവീക്ഷണത്തില്‍ മുഴുകിയിരിക്കയാണ്. ആ കാട്ടിലുള്ള അപൂര്‍വ ഇനം പക്ഷികളെപറ്റിയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഞങ്ങളെ ആവേശഭരിതരാക്കി. സന്ദര്‍ശകര്‍ക്കായുള്ള നിര്‍ദേശങ്ങളും കണ്ടു.
55 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് ആറളം വന്യജീവിസങ്കേതം വ്യാപിച്ചുകിടക്കുന്നത്. പശ്ചിമഘട്ടത്തില്‍ സ്ഥിതിചെയ്യുന്ന ഈ വനമേഖലയുടെ അതിരുകള്‍ ആറളം, കൊട്ടിയൂര്‍, കേളകം എന്നീ ഗ്രാമങ്ങളാണ്. ആറളം വന്യജീവിസങ്കേതത്തിലൂടെയുള്ള യാത്രയില്‍ ആന, കാട്ടുപോത്ത്, മാന്‍, കാട്ടുപന്നി, പുള്ളിപ്പുലി, കാട്ടുപൂച്ച തുടങ്ങിയ നിരവധി മൃഗങ്ങളെ കാണാന്‍ കഴിയും. പക്ഷേ അല്‍പം ഭാഗ്യംകൂടി വേണമെന്നു മാത്രം.
ആറളത്തെ താമസം
വൈകുന്നേരം എത്തിയതുകൊണ്ടുതന്നെ കാഴ്ച കാണാന്‍ പുറത്തിറങ്ങാനായില്ല. 40 പേര്‍ക്കുള്ള ഡോര്‍മെട്രിയിലാണ് താമസമൊരുക്കിയിരുന്നത്. വൈകിട്ട് എട്ടിന് ആറളം വന്യജീവിസങ്കേതത്തെക്കുറിച്ചുള്ള ക്ലാസുണ്ടാകുമെന്ന് ടീം ലീഡര്‍ പറഞ്ഞു.
കാട്ടിലും ക്ലാസോ!
ക്ലാസുകളുടെ ബോറടികൂടി മാറാനാണ് ഇവിടെ വന്നതെന്ന് കൂട്ടത്തിലെ തമാശക്കാരനായ സുഹൃത്ത് പ്രതികരിച്ചപ്പോള്‍ എല്ലാവരും ഉച്ചത്തില്‍ ചിരിച്ചു.
ആറളത്തിന്‍റെ പ്രത്യേകതയെക്കുറിച്ചും മറ്റും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞുതന്നു. കേരളത്തിലെ തന്നെ ഏറ്റവും ശുദ്ധമായവെള്ളം ലഭിക്കുന്ന ജലാശയങ്ങളില്‍ ഒന്നാണ് ചീങ്കണ്ണിപ്പുഴ. മറ്റു കാടുകളില്‍നിന്നു ആറളത്തെ വ്യത്യസ്തമാക്കുന്ന ഒട്ടനേകം കാര്യങ്ങള്‍ വിവരിച്ചു. ഇടയ്ക്ക് പുറത്തുനിന്നൊരു അലര്‍ച്ച കേട്ടു.
കാട്ടാനയുടെ ചിന്നംവിളിയായിരുന്നു അത്.
ആ ശബ്ദം ഞങ്ങളെ അക്ഷരാര്‍ഥത്തില്‍ നടുക്കി. ഭീതിനിറഞ്ഞ അനേകം കണ്ണുകള്‍ ഇരുളിലേക്ക് ഊളിയിട്ടു.
പിന്നെ, സര്‍വത്ര ശാന്തം.
ആദ്യമായിട്ടാണ് ഞങ്ങള്‍ കാട്ടിനുള്ളില്‍ താമസിക്കുന്നത്. ഹ്രസ്വമായ ആ ക്ലാസ് അവസാനിച്ചു. ഭക്ഷണവുമായി നാല്‍വര്‍സംഘമെത്തി. ചിക്കനും ബീഫുമൊന്നും ഇവിടെ ലഭിക്കില്ല. സര്‍വത്ര പച്ചക്കറി വിഭവങ്ങള്‍. അത്യുഗ്രന്‍ ഭക്ഷണമായിരുന്നു ഞങ്ങള്‍ക്കായി തയാറാക്കിയത്. നേരം 10 മണിയായിരിക്കുന്നു.
ആരും ഉറങ്ങാന്‍ ഒരുക്കമല്ലാത്ത പോലെ.
‘കാട്ടിനുള്ളില്‍ രാത്രി പുറത്തിറങ്ങി നിന്നാല്‍ പറക്കുംപാമ്പിന്‍റെ വിഷമേല്‍ക്കാം. അവ സീല്‍ക്കാരത്തോടെ ചീറ്റാനും സാധ്യതയുണ്ട്.’
പുറത്തിരിക്കുന്ന ഞങ്ങളെ കണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ അജിത്ത് കുമാര്‍(ശംഭു) ഓര്‍മിപ്പിച്ചു.
പലര്‍ക്കും ആപത്ത് സംഭവിച്ചതും കൂടി വിവരിച്ചപ്പോള്‍ എല്ലാവരും റൂമിലേക്ക് ഓടിക്കയറി. സൊറപറച്ചില്‍ റൂമിനകത്തേക്ക് മാറ്റി. എപ്പോഴാണ് ഉറങ്ങിയത്, ഓര്‍ക്കുന്നില്ല, ഏറെ വൈകിയാണെന്നറിയാം.
കാട്ടിലെ ആദ്യ പ്രഭാതം
അഞ്ചരയോടെ എഴുന്നേറ്റു.
പ്രാഥമിക കര്‍മങ്ങളും പ്രാര്‍ഥനയും കഴിഞ്ഞ് ആറരയോടെ കുളിക്കാനായി ചീങ്കണ്ണിപ്പുഴയിലേക്ക് സംഘമായി നീങ്ങി.
ഹോ..എന്തൊരു നല്ല വെള്ളം.
ഞങ്ങളാരും ഇതുവരെ ഇത്ര ശുദ്ധമായവെള്ളം സ്പര്‍ശിച്ചിട്ടുപോലുമില്ല. ഒച്ചവച്ച് തണുത്തവെള്ളത്തില്‍ ദീര്‍ഘനേരം നീരാടി. ചീങ്കണ്ണിപ്പുഴക്ക് മുകളിലൂടെ മേലാപ്പുപോലെ ആയിരക്കണക്കിന് ശലഭങ്ങള്‍പറന്നുപോകുന്നത് ആശ്ചര്യപ്പെടുത്തിയ കാഴ്ചയായിരുന്നു. സെപ്തംബര്‍ മുതല്‍ മെയ് മാസം വരെയുള്ള കാലയളവാണ് ആറളം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. രാവിലെ എട്ടുമുതല്‍ വൈകുന്നേരം നാലു മണിവരെ മാത്രമേ ഇവിടെ സന്ദര്‍ശകരെ അനുവദിക്കുകയുള്ളു.
കാട്ടിനുള്ളിലേക്ക്
കുളിയും കഴിഞ്ഞ് കട്ടന്‍ചായയും ബിസ്‌ക്കറ്റും കഴിച്ച് ഞങ്ങള്‍ കാട് കാണാനായി ഗൈഡ് ശംഭുവിനടുത്തെത്തി. അദ്ദേഹം ആദ്യം എല്ലാവരേയും അടിമുടിയൊന്ന് നോക്കി. ചുവപ്പ് വസ്ത്രമിട്ടവരോട് അത് മാറ്റിവരാന്‍ പറഞ്ഞു. കാട്ടിനുള്ളില്‍ ചുവപ്പ് വസ്ത്രം ധരിച്ച് യാത്രചെയ്യാന്‍ പാടില്ലത്രെ. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശംഭുവിനൊപ്പം ഞങ്ങള്‍ കാട്ടിനുള്ളിലേക്ക് നടക്കാന്‍തുടങ്ങി.
പോകുന്ന വഴിയിലൊക്കെ യാഗകള്‍ (ആദിവാസികള്‍ കുടിലിനെ യാഗയെന്നാണ് വിളിക്കുന്നത്) കാണാമായിരുന്നു. യാത്രയ്ക്കിടയില്‍ ശംഭു കാട്ടിലെ മൃഗങ്ങളെക്കുറിച്ച് ഞങ്ങള്‍ക്കു പറഞ്ഞുതന്നു. ആന വരുമ്പോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും അതില്‍ ഉള്‍പ്പെട്ടിരുന്നു.
വളഞ്ഞുപുളഞ്ഞ് ഓടിയാല്‍ ആനക്ക് ഒന്നുംചെയ്യാന്‍ കഴിയില്ലത്രെ. കഥ പറച്ചിലിനിടയിലാണ് ശംഭു തന്‍റെ തള്ളു തുടങ്ങിയത്. മദമിളകിയ ആനയെ കുഴിയില്‍ വീഴ്ത്തിയതും കടുവ പിന്നാലെ വന്നപ്പോള്‍ സാഹസികമായി രക്ഷപ്പെട്ടതുമെല്ലാം അതില്‍ ഉള്‍പ്പെട്ടിരുന്നു.
കാനനം മനോഹരം
ഞങ്ങള്‍ക്കു മുന്നില്‍ കാട് മാത്രം. ദൂരം ചെല്ലുംതോറും അതുവരെ ജീവിച്ച പരിസരങ്ങളില്‍നിന്നു മാറി എങ്ങോ എത്തിയതായ ഒരു തോന്നല്‍.പ്ലാസ്റ്റിക്കോ, മറ്റ് മനുഷ്യനിര്‍മിത മാലിന്യങ്ങളോ ഏതുമില്ലാത്ത വനഭൂമി. വളരെ ശ്രദ്ധയോടെയാണ് വനം വകുപ്പ് ഇവിടം പരിപാലിച്ചുപോരുന്നതെന്ന് വേഗം ബോധ്യമാവും. അവരുടെ ജാഗ്രതയെ മാനിച്ച് ഒരു മിഠായി കവര്‍ പോലും ഞങ്ങള്‍ അവിടെ കളഞ്ഞില്ല. രണ്ട് മണിക്കൂറിനു ശേഷം കാട്ടിനതിരില്‍ ചെങ്കുത്തായ കയത്തില്‍ ഞങ്ങളുടെ വനയാത്ര അവസാനിച്ചു. തിരികെ റൂമിലേക്കെത്തിയപ്പോള്‍ സമയം നാലു മണി കഴിഞ്ഞിരുന്നു.
പശ്ചിമഘട്ടത്തിന്റെ തെക്കേച്ചെരിവിലാണ് ആറളം വന്യജീവിസങ്കേതം. രാത്രി എട്ട് മണിയോടെ ആറളം കാടിന്‍റെ പ്രത്യേകതകളും കാട് സംരക്ഷണത്തിന്റെ പ്രാധാന്യവും ബോധ്യപ്പെടുത്തുന്ന ഒരു ക്ലാസ് ഉണ്ടായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ രണ്ടുമണിക്കൂര്‍ നീണ്ട ക്ലാസിന് ശേഷം ഞങ്ങളുടെ കലാപരിപാടിയായിരുന്നു അടുത്ത ഇനം. ജയേഷിന്‍റെ നേതൃത്വത്തില്‍ പാട്ടുകച്ചേരി തുടങ്ങി. സിനിമാപാട്ടും മാപ്പിളപ്പാട്ടും നാടന്‍പാട്ടുമായി അവിസ്മരണീയമാക്കി ആ രാത്രിയെ ഞങ്ങള്‍. അന്ന് രാത്രി ഉറങ്ങാനായില്ല. കാഴ്ച്ചയുടെ കാനനഭംഗി മനസില്‍ നിറച്ച് ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങി