അബുദാബി ഡെസേര്‍ട്ട് ചലഞ്ച് 24 മുതല്‍

അബുദാബി ഡെസേര്‍ട്ട് ചലഞ്ച് ഈ മാസം 24 മുതല്‍ 29 വരെ നടക്കും. 24ന് വൈകീട്ട് മൂന്ന് മണിക്ക് യാസ് മറീന സര്‍ക്യൂട്ടില്‍ നടക്കുന്ന വാഹനങ്ങളുടെ റാലിയോടെ 28മത് അബുദാബി ഡെസേര്‍ട്ട് ചലഞ്ചിന് തുടക്കമാവും. ലോകത്തിലെ മുന്‍നിര റാലി ഡ്രൈവര്‍മാര്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ക്ക് അബുദാബി യാസ് മറീന സര്‍ക്യൂട്ട് ആസ്ഥാനമാക്കിയാണ് തുടക്കം. തുടര്‍ന്ന് അല്‍ ദഫ്‌റ മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ മരുഭൂപ്രദേശത്തേക്ക് സംഘം മത്സരങ്ങള്‍ക്ക് യാത്ര തിരിക്കും.

കാറുകള്‍, ബഗ്ഗികള്‍, ബൈക്കുകള്‍, ക്വാഡ് വാഹനങ്ങള്‍ എന്നിവയുടെ കരുത്തും വേഗവും തെളിയിക്കുന്ന മത്സരങ്ങളാണ് മരുഭൂമിയിലെ ട്രാക്കുകളില്‍ നടക്കുക. കാറുകളുടെയും ബഗ്ഗികളുടെയും എഫ്.ഐ.എ. വേള്‍ഡ് കപ്പും ബൈക്കുകളുടെയും ക്വാഡുകളുടെയും എഫ്.ഐ.എം. ക്രോസ് കണ്‍ട്രി റാലി വേള്‍ഡ് ചാംപ്യന്‍ഷിപ്പുമാണ് നടക്കുന്നത്.

ഷോ അബുദാബി റേസിങ് ടീമിന് വേണ്ടി മത്സരത്തിനിറങ്ങുന്ന യു.എ.ഇ. ചാമ്പ്യന്‍ ഡ്രൈവര്‍ ഖാലിദ് അല്‍ ഖാസിമിയും ഫ്രഞ്ചുകാരനായ സഹ ഡ്രൈവര്‍ സേവ്യര്‍ പാന്‍സെരിയുമാണ് യു.എ.ഇ.യിലെ ആരാധകര്‍ ഉറ്റുനോക്കുന്ന താരങ്ങള്‍. അല്‍ ദഫ്‌റ മേഖലയുടെ ഭരണ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ നടക്കുക.