ഹോക്കിംഗിനെ പരിചയപ്പെടുത്തിയ മലയാളി നേതാവ്
അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിംഗിനെ കുറിച്ച് മലയാളത്തില്‍ ആദ്യം പുസ്തകം എഴുതിയത് പി കേശവന് നായരാണ്. കൊല്ലത്തെ സിപിഎം നേതാവും സിഐടിയു ജില്ലാ സെക്രട്ടറിയുമായിരുന്ന കേശവന് നായര്‍ പിന്നീട് രാഷ്ട്രീയം വിട്ടു. സ്റ്റീഫന്‍ ഹോക്കിംഗിനെ അനുസ്മരിക്കുന്നു പി കേശവന് നായര്‍
ആധുനിക ശാസ്ത്ര ലോകത്തിനു ഏറ്റവും മികച്ച സംഭാവനകള്‍ നല്കിയ പ്രതിഭയായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. പ്രപഞ്ച ഉല്‍പ്പത്തിയെ കുറിച്ച് ഇത്രയും സൂക്ഷ്മായും ആഴത്തിലും പഠിച്ച മറ്റൊരു ശാസ്ത്രജ്ഞന് വേറെ ഇല്ല. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനു ശേഷം ലോകം കണ്ട മറ്റൊരു പ്രതിഭ. എന്റെ കോളേജ് പഠന കാലത്താണ് ഹോക്കിംഗിന്റെ ശാസ്ത്ര പഠനങ്ങളെ ശ്രദ്ധിക്കുന്നത്. ഭൗതിക ശാസ്ത്രം മുഖ്യവിഷയമായി പഠിക്കുന്നത് കൊണ്ടും അതില്‍ താല്‍പ്പര്യം ഉള്ളതുകൊണ്ടും പെട്ടെന്ന് അദ്ദേഹത്തിന്റെ ആരാധകനായി.
അദ്ദേഹത്തിന്റെ തമോഗര്‍ത്തങ്ങള്‍ സംബന്ധിച്ചും ആപേക്ഷികതയെ സംബന്ധിച്ചുമുള്ള കണ്ടുപിടിത്തങ്ങളും പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. കേബ്രിഡ്ജിലെ പഠനകാലത്ത് റോജര്‍ പെന്‍ റോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദം ജ്യോതി ശാസ്ത്രത്തിലേയ്ക്ക് അദ്ദേഹത്തെ അടുപ്പിച്ചു. അവരിരുവരും ചേര്‍ന്നു ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന് പുതിയ വിശദീകരണം നൽകി.
തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും സ്റ്റീഫന്‍ ഹോക്കിംഗിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. ഭീമമായ ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. പ്രപഞ്ചോല്പത്തിയെക്കുറിച്ചും നിരവധി സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു. ഭൂമി തീഗോളമായി മാറുമെന്നും ആളുകള്‍ ചന്ദ്രനിലേയ്ക്കും ചോവ്വയിലെയ്ക്കും കുടിയേറി കോളനികളായി ജീവിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. കൂടാതെ ഗര്ഭപാത്രത്തിന് പുറത്തു ജീവന് വളരുമെന്ന സിദ്ധാന്തവും അദ്ദേഹത്തെ കൂടുതല്‍ പ്രതിഭയാക്കി.
1997ല്‍ അദ്ദേഹത്തെ കുറിച്ച് ‘സ്റ്റീഫന്‍ ഹോക്കിംഗിന്റെ പ്രപഞ്ചം’ എന്ന പേരില്‍ ഞാന്‍ പുസ്തകം എഴുതി. മലയാളത്തില്‍ അദ്ദേഹത്തെ കുറിച്ചും അദ്ദേഹത്തിന്റെ ശാസ്ത്ര ലേഖനങ്ങളെ കുറിച്ചും ആദ്യം പ്രസിദ്ധീകരിച്ച പുസ്തകമാണത്. പ്രപഞ്ചത്തിന് മഹത്തായ ഒരു രൂപകല്‍പ്പനയുണ്ടെന്നും എന്നാല്‍ ഇതിന് പിന്നില്‍ ദൈവം എന്നൊരു ശക്തിയില്ലെന്നും സ്റ്റീഫന്‍ ഹോക്കിംഗ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇത്രയും പ്രപഞ്ചത്തിന്റെ സൂക്ഷ്മതയിലേയ്ക്ക് ഇറങ്ങിച്ചെന്ന മറ്റൊരു മനുഷ്യനില്ല. അദ്ദേഹത്തിന്റെ വിയോഗം ശാസ്ത്രത്തിനു നികത്താനാകാത്ത വിടവാണ്.