News

ട്രാഫിക്ക് മറികടക്കാന്‍ തുരങ്കയാത്രയുമായി ഇലോണ്‍ മസ്‌ക്

ലോകത്തിന് മുന്‍പില്‍ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങളുമായി വീണ്ടും ഇലോണ്‍ മസ്‌ക്.വര്‍ധിച്ച് വരുന്ന വാഹനത്തിരക്ക് മറികടന്ന് അതിവേഗം യാത്ര ചെയ്യാനുള്ള അര്‍ബന്‍ ലൂപ് പദ്ധതിയില്‍ കാതലായ മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുകയാണ് മസ്‌ക്.

പൊതുഗതാഗത മാര്‍ഗത്തിനെ അതിവേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാനുള്ള മാര്‍ഗവുമായിട്ടാണ് മസ്‌ക് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

കാറോടിക്കുന്ന വ്യക്തികളില്‍ നിന്നും പൊതുഗതാഗതത്തിലേക്ക് മാറിയതൊഴിച്ചാല്‍ അര്‍ബന്‍ ലൂപ്പില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. തറനിരപ്പില്‍ നിന്നും പ്രത്യേക സംവിധാനം വഴി വാഹനത്തെ താഴെയുള്ള തുരങ്കത്തിലേക്ക് എത്തിക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഈ തുരങ്കം വഴിയായിരിക്കും യാത്ര. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വരെ വാഹനങ്ങള്‍ സഞ്ചരിക്കാന്‍ അര്‍ബന്‍ ലൂപ്പിനുള്ളില്‍ സാധിക്കും.

അര്‍ബന്‍ ലൂപ്പിനെക്കുറിച്ച് തന്റെ സ്വപ്‌നങ്ങള്‍ ട്വിറ്ററിലൂടെയാണ് ഇലോണ്‍ മസ്‌ക് പങ്കുവെച്ചത്. തുരങ്കം നിര്‍മ്മിക്കുന്ന യന്ത്രത്തിന് സമീപത്ത് നില്‍ക്കുന്ന ഒരു ചിത്രം ദിവസങ്ങള്‍ക്ക് മുന്‍പ് ഇലോണ്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.

വാഷിങ്ടണ്‍ ഡിസിയിലെ ഗതാഗത വകുപ്പില്‍ നിന്നും ബോറിങ് കമ്പനിക്ക് നിശ്ചിത പാതയില്‍ തുരങ്കം നിര്‍മിക്കുന്നതിനുള്ള അനുമതി ലഭിച്ചിരുന്നു. ഇതിനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സര്‍ക്കാരില്‍ നിന്നും വാക്കാലുള്ള അനുമതി തന്റെ പദ്ധതിക്ക് ലഭിച്ചുകഴിഞ്ഞെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചിരുന്നു. ന്യൂയോര്‍ക്ക് മുതല്‍ വാഷിങ്ടണ്‍ ഡിസി വരെയായിരിക്കും നിര്‍ദിഷ്ട അര്‍ബന്‍ ലൂപ്പ് പാത. ഈ 363 കിലോമീറ്റര്‍ വെറും 29 മിനിറ്റില്‍ സഞ്ചരിക്കാനാകുമെന്നാണ് എലോണ്‍ മസ്‌കിന്റെ വാഗ്ദാനം. നിലവില്‍ മൂന്നേമുക്കാല്‍ മണിക്കൂര്‍ കാറില്‍ സഞ്ചരിക്കാന്‍ എടുക്കുന്ന ദൂരമാണിത്. നിര്‍ദിഷ്ട പാത നിലവില്‍ വന്നാല്‍ അത് ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാതയായിരിക്കും.