Tech

ഷവോമി റെഡ്മി 5 ആമസോണില്‍ മാത്രം

ഷവോമി റെഡ്മി 5 സ്മാര്‍ട്‌ഫോണ്‍ ഈ  മാസം 14ന് ഇന്ത്യയില്‍ അവതരിപ്പിക്കും. എങ്കിലും ഫോണിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഷവോമി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആമസോണ്‍ ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഉല്‍പ്പന്നമായിരിക്കും റെഡ്മി 5. ഫോണിന് വേണ്ടി പ്രത്യേകം പേജ് തന്നെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഏറെ സ്വീകാര്യത നേടിയ റെഡ്മി 4 സ്മാര്‍ട്‌ഫോണിന്‍റെ തുടര്‍ച്ചക്കാരനാണ് റെഡ്മി 5. കഴിഞ്ഞ ഒരാഴ്ചയായി റെഡ്മി 5ന്‍റെ ടീസറുകള്‍ കമ്പനി സോഷ്യല്‍ മീഡിയവഴി പുറത്തുവിട്ടിരുന്നു. ഫോണിന്‍റെ പേര് പുറത്തുവിടാന്‍ കമ്പനി തയ്യാറായിരുന്നില്ല. എന്നാല്‍ റെഡ്മി 5 സ്മാര്‍ട്‌ഫോണ്‍ തന്നെയാണ് വരാനിരിക്കുന്നത് എന്ന് തീര്‍ച്ച. വലിയ ബാറ്ററി ദൈര്‍ഘ്യം ലഭിക്കുന്ന ഫോണിനെ ‘ കോംപാക്റ്റ് പവര്‍ഹൗസ്’ എന്നാണ് ഷവോമി വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഷവോമി റെഡ്മി 5 ചൈനയില്‍ പുറത്തിറക്കിയത്.

സ്‌നാപ് ഡ്രാഗണ്‍ 450 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്‍റെ 2 ജിബി റാം 16 ജിബി സ്‌റ്റോറേജ്, 3 ജിബി റാം 32 ജിബി സ്‌റ്റോറേജ്, 4 ജിബി റാം 32 ജിബി എന്നിങ്ങനെയുള്ള മൂന്ന് പതിപ്പുകളാണ് പുറത്തിറക്കുന്നത്. ആന്‍ഡ്രോയിഡ് ന്യൂഗട്ട് 7.1 ല്‍ അധിഷ്ഠിതമായ എം.ഐ.യു.ഐ 9 ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഫോണിനുള്ളത്. 5.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും 3300 എം.എ.എച്ച്. ബാറ്ററിയുമാണ്‌ ഫോണിനുള്ളത്.  റാം സൗകര്യം അനുസരിച്ച് ഏകദേശം 8000 രൂപയ്ക്ക് മുകളിലായിരിക്കും ഇന്ത്യയില്‍ ഫോണിന് വില.