Auto

റേഞ്ച്​ റോവർ ഇവോക്​ കൺവെർട്ടബിൾ ഇന്ത്യയില്‍

റേഞ്ച്​ റോവറി​​ന്‍റെ ആദ്യ കൺവെർട്ടബിൾ മോഡൽ ഇന്ത്യയിലെത്തുന്നു. ഇവോക്കിന്‍റെ കൺവെർട്ടബിൾ മോഡൽ ഈ മാസം രാജ്യത്ത്​ അവതരിപ്പിക്കുമെന്ന്​ റേഞ്ച്​ റോവർ അറിയിച്ചു. ഇന്ത്യൻ വിപണിയിലെ ആദ്യ കൺവെർട്ടബിൾ എസ്.യു.വിയുമായിരിക്കും ഇവോക്​. 2018 ഇവോക്​ കൺവെർട്ടബിളാവും ഇന്ത്യയിൽ അവതരിപ്പിക്കുക. രണ്ട്​ വേരിയൻറുകളിലാവും ഇവോക്​ വിപണി കീഴടക്കാനെത്തുക.

രണ്ട്​ ഡോറിൽ ചെറിയ ബൂ​ട്ടുമായാണ്​ കൺവെർട്ടബിൾ ഇവോക്​ എത്തുക. കാറിലെ 1998 സി.സി ഫോർ സിലിണ്ടർ എൻജിൻ 237 ബി.എച്ച്​.പി പവറും 340 എൻ.എം ടോർക്കും നൽകും. കറുപ്പ്​, ഒാറഞ്ച്​ നിറങ്ങളുടെ സമന്വയമാണ്​ ​റേഞ്ച്​ റോവർ ഇവോകിൽ കാണാൻ സാധിക്കുക. എ പില്ലറിനും റൂഫിനും കറുത്ത നിറവും ഇതിന്​ താഴെ ഓറഞ്ച്​ നിറവുമാണ് കൊടുത്തിരിക്കുന്നത്.

എൽ.ഇ.ഡി ഡേ ടൈം റണ്ണിങ്​ ലൈറ്റ്​, റേഡിയേറ്റർ ഗ്രിൽ, എയർ ഇൻടേക്ക്​, ബംബർ, വീൽ ആർച്ച്​ എന്നിവക്കും കറുത്ത നിറമാണ് നല്‍കിയിരിക്കുന്നത്. കറുപ്പ് നിറത്തിൽ തന്നെയാണ്​ ഇന്‍റിരിയറി​​ന്‍റെ രൂപകൽപ്പന. വിവിധ രീതിയില്‍ ക്രമീകരിക്കാവുന്നതാണ്​ ഫ്രണ്ട്​ സീറ്റ്​​. റെയിൻ സെൻസറിങ്​ വൈപ്പറുകൾ, കീലെസ്സ്​ എൻട്രി, പാർക്ക്​ ചെയ്യാനുള്ള സഹായം എന്നീ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്​.​