Kerala

രാത്രിയാത്ര നിരോധനം: ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ക്കൊരുങ്ങി ഫ്രീഡം ടു മൂവ്

ദേശീയപാത 766 ലെ രാത്രിയാത്ര നിരോധനം നീക്കുന്നതിന് ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ യുവജന കൂട്ടായ്മ ‘ഫ്രീഡം ടു മൂവ്’ തീരുമാനിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, സംഘടനകളും ഫ്രീഡം ടു മൂവും കൂടി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

രാത്രിയാത്ര നിരോധനത്തില്‍ കേരളത്തിന്റെ അനുകൂല തീരുമാനത്തെ അറിയിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ണ്ണാടക സര്‍ക്കാരുമായും, ബി ജെപിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരുമായി അടിയന്തര ചര്‍ച്ചകളും നടത്താനാണ് തീരുമാനം.

നിരോധനം നിര്‍ത്തലാക്കണം എന്ന തീരുമാനം ജനപ്രധിനിധികളെ അറിയിച്ച് സംസ്ഥാനത്തിന്റെ പൊതു ആവശ്യമെന്ന് നിലയില്‍ ഈ വിഷയത്തെ നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം അവതരിപ്പിക്കുവാനാണ് തീരുമാനം.

സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം രൂപവത്കരിച്ച ഉദ്യോഗസ്ഥ സമിതി വയനാട്ടില്‍ സിറ്റിങ് നടത്തുന്നതിനായി സര്‍ക്കാര്‍ വഴി ശ്രമങ്ങള്‍ നടത്തും. ഉദ്യോഗസ്ഥ സമിതിയുടെ ചെയര്‍മാനും കേന്ദ്ര ഉപരിതലഗതാഗതവകുപ്പ് സെക്രട്ടറിയുമായ യുധിഷ്ഠര്‍ മല്ലിക്കിനെ സര്‍വകക്ഷിസംഘം നേരിട്ടുകണ്ട് നിവേദനംനല്‍കും. ഒപ്പം ഫ്രീഡം ടു മൂവ് ശേഖരിച്ചിരിക്കുന്ന ഒരു ലക്ഷം ഒപ്പുകളും കൈമാറും.