സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നിര്‍ത്തലാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി
ദേശസാത്കൃത പാതകളില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ നിര്‍ത്തലാക്കണമെന്ന് കെ.എസ്.ആര്‍.ടി.സി. മേധാവി എ ഹേമചന്ദ്രന്‍. സ്വകാര്യബസുകള്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ക്ലാസ് ബസുകളുടേതിന് തുല്യമായ സമയക്രമം നിശ്ചയിച്ച സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നല്‍കിയ കത്തിലാണ് ഇക്കാര്യം ഉന്നയിച്ചിട്ടുള്ളത്.
2017 ജൂലായ് 26ന് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശസാത്കൃത ഉത്തരവ് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താവുന്ന പരമാവധി ദൂരം 140 കിലോമീറ്ററാക്കി നിജപ്പെടുത്തി ഓര്‍ഡിനറി ബസുകളാക്കാനായിരുന്നു തീരുമാനം. ഇത് നടപ്പാക്കണമെന്നാണ് കത്തിലെ ആവശ്യം. ഫ്‌ളീറ്റ് ഓണര്‍ നിയമപ്രകാരം സംസ്ഥാനത്ത് ദീര്‍ഘദൂര സൂപ്പര്‍ക്ലാസ് ബസുകള്‍ ഓടിക്കാനുള്ള അവകാശം കെ.എസ്.ആര്‍.ടി.സി.ക്കാണ്. ഇതുലംഘിച്ച് ഒട്ടേറെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഓടുന്നുണ്ട്.
ദേശസാത്കൃത സ്‌കീമിലെ 18-ാം വ്യവസ്ഥ അനുസരിച്ച് സംസ്ഥാനത്തിനകത്ത് സ്വകാര്യ ക്യാരേജുകള്‍ക്ക് ഓര്‍ഡിനറിയായി മാത്രമേ സര്‍വീസ് നടത്താന്‍ അനുമതിയുള്ളൂ. അതുകൊണ്ട് ദേശസാത്കൃത സ്‌കീമിന്‍റെ പൂര്‍ണപ്രയോജനം പൊതുമേഖലാ സ്ഥാപനത്തിന് ലഭിക്കുന്നവിധം ക്രമീകരിക്കണമെന്നും കത്തില്‍ പറയുന്നു. ഇതേ ആവശ്യങ്ങളുന്നയിച്ച് മുന്‍മേധാവി എം ജി രാജമാണിക്യവും സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു.