മൃതദേഹം അയക്കാന്‍ ഏകീകൃത നിരക്ക്: തീരുമാനം ആയിട്ടില്ലെന്ന് എയര്‍ ഇന്ത്യ
മൃതദേഹങ്ങൾ വിമാനം വഴി അയക്കുമ്പോൾ തൂക്കം നോക്കി നിരക്ക് ഇൗടാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എയർ ഇന്ത്യ. ഇതെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഏത് തരത്തിലാണ് ഇത് നടപ്പാക്കുമെന്ന് തീരുമാനമായിട്ടില്ല.
എയർ ഇന്ത്യയുടെ വിമാനങ്ങൾ വഴി മൃതദേഹം അയക്കാനുള്ള നിരക്ക് മേഖലകൾ തിരിച്ച് ഏകീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം അയക്കുമ്പോൾ തൂക്കം നോക്കി നിരക്ക് നിശ്ചയിക്കുന്ന പതിവ് കാലങ്ങളായി പരാതിക്ക് വഴി വെച്ചിരുന്നു.
യു.എ.ഇയിൽ അബൂദാബി ഒഴികെയുള്ള ഇടങ്ങളിൽ എയർ ഇന്ത്യയുടെ കാർഗ്ഗോ വിഭാഗം കൈകാര്യം ചെയ്യാൻ ഒൗദ്യോഗികമായി നിയോഗിച്ചിരിക്കുന്ന അറേബ്യൻ ട്രാവൽസ് നടത്തിയ പ്രഖ്യാപനം ഏത് സാഹചര്യത്തിൽ ഉണ്ടായതാണെന്ന് അറിയില്ലെന്ന് എയര്‍ ഇന്ത്യ അതികൃതര്‍ പറഞ്ഞിരുന്നു. ദൂരം അനുസരിച്ച് ദക്ഷിണേന്ത്യയിലേക്കും ഉത്തരേന്ത്യയിലേക്കും മൃതദേഹങ്ങൾ കൊണ്ടുവരാന്‍ വ്യത്യസ്ഥ നിരക്ക് തന്നെ ഏർപ്പെടുത്തേണ്ടിവരും. തിരക്കുള്ളപ്പോഴും ഇല്ലാത്തപ്പോഴും രണ്ട് തരം നിരക്ക് ഏർപ്പെടുത്തേണ്ടിയും വരും.
ഇത്തരം കാര്യങ്ങൾ നിലനിൽക്കുന്നതിനാലാണ് നിരക്ക് ഏകീകരണം തര്‍ക്കത്തില്‍ നില്‍ക്കുന്നത്. ശരാശരി തൂക്കം നിശ്ചയിച്ച് സ്ഥിരം നിരക്ക് ഏർപ്പെടുത്തിയാൽ ചിലർക്ക് ലാഭവും ചിലർക്ക് നഷ്ടവുമുണ്ടാകും. നിലവില്‍, കൊച്ചിയിലേക്കും കോഴിക്കോട്ടേയ്ക്കും തിരുവനന്തപുരത്തേയ്ക്കും മൃതദേഹത്തിന് വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. ഒരു കിലോയ്ക്ക് 15 ദിര്‍ഹം മുതല്‍ നിരക്ക് ആരംഭിക്കും.