പുതിയ പിഴത്തുക അടിസ്ഥാനരഹിതമെന്ന് ഗതാഗതവകുപ്പ്
ദോഹ:ഗതാഗതനിയമത്തില്‍ ഭേദഗതി വരുത്തിയെന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഗതാഗതവകുപ്പ്. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട ഗതാഗതകേസുകളില്‍ പുതിയ പിഴത്തുക ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരണവുമായി ഗതാഗത വകുപ്പിലെ മീഡിയ-ഗതാഗത ബോധവത്കരണ അസി. ഡയറക്ടര്‍ മേജര്‍ ജാബിര്‍ മുഹമ്മദ് ഒദെയ്ബ മുന്നോട്ട് വന്നു.
വാഹനാപകടങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിച്ചിട്ടില്ലെങ്കിലോ അല്ലെങ്കില്‍ റോഡില്‍ സുരക്ഷിതമായ വാഹനം ഓടിക്കാത്തതിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ പിഴ ത്തുക ഏര്‍പ്പെടുത്തുന്നത് നിലവിലുള്ളതാണെന്നും പുതുതായിട്ടുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വാഹനാപകടങ്ങളില്‍ പുതിയ പിഴത്തുക ഏര്‍പ്പെടുത്തിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.
താഗതനിയമത്തിലെ 64-ാം വകുപ്പ് പ്രകാരം മതിയായ അകലം പാലിക്കാത്തതിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ നിന്ന് ആയിരം റിയാലും 46-ാം വകുപ്പ് പ്രകാരം സുരക്ഷിതമായി വാഹനം ഓടിക്കാത്തതിനെത്തുടര്‍ന്ന് റോഡ് അപകടത്തിനിടയാക്കുകയും ചെയ്യുന്നവരില്‍നിന്ന് 500 റിയാലുമാണ് ഈടാക്കുന്നത്. ഇത്തരം ലംഘനങ്ങള്‍ അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഗതാഗത പോലീസിന്റെ തീരുമാനങ്ങള്‍ക്ക് അനുസൃതമായിരിക്കും. ഡ്രൈവര്‍മാരുടേയും റോഡിലെ മറ്റ് ഉപയോക്താക്കളുടേയും സുരക്ഷ ഉറപ്പാക്കാന്‍ ഗതാഗത സുരക്ഷാ നിയമങ്ങളും നടപടികളും ഡ്രൈവര്‍മാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പിഴ ഈടാക്കുന്നത്.
2007-ലെ 19-ാം നമ്പര്‍ നിയമത്തിലെ 64-ാം വകുപ്പ് പ്രകാരം മുമ്പില്‍ പോകുന്ന വാഹനങ്ങളുമായി മതിയായ അകലം നിര്‍ബന്ധമായും പാലിക്കണമെന്നാണ്. മാത്രമല്ല മുമ്പേപോകുന്ന വാഹനത്തിലെ ഡ്രൈവറിന്റെ അടയാളങ്ങള്‍ ശ്രദ്ധിക്കുകയും മതിയായ സൂചനകള്‍ ലഭിച്ചശേഷമേ ഇടതുവശത്തുകൂടി വാഹനത്തെ മറികടക്കാന്‍ പാടുള്ളൂവെന്നുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. കടുത്ത വളവുകള്‍, പാലങ്ങള്‍, റൗണ്ട് എബൗട്ടുകള്‍ എന്നിവിടങ്ങളില്‍ വാഹനങ്ങളെ മറികടക്കുന്നതിന് നിരോധനമുണ്ട്. മറ്റൊരു വാഹനം മറികടക്കാന്‍ തുടങ്ങുമ്പോള്‍ അത് പൂര്ത്തികുന്നതുവരെ വേഗം കൂട്ടാതെ കാത്തിരിക്കണമെന്നും നിയമത്തില്‍ പറയുന്നു.
ദൂരക്കാഴ്ചകുറഞ്ഞ സന്ദര്‍ഭങ്ങളിലും വാഹനങ്ങളെ മറികടക്കല്‍ അനുവദനീയമല്ല. പോലീസ് വാഹനങ്ങള്‍, ആഭ്യന്തര സുരക്ഷാസേനകളുടെ വാഹനങ്ങള്‍, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ്, രക്ഷാപ്രവര്‍ത്തന വാഹനങ്ങള്‍ എന്നിവയെല്ലാം അടിയന്തര പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഹസാര്‍ഡ് ലൈറ്റുകള്‍ തെളിച്ചും അലാറം മുഴക്കിയും പോകുമ്പോള്‍ ഇവയെ മറികടക്കാന്‍ പാടില്ല. സാധാരണ വാഹനങ്ങള്‍ ഇവയുമായി കുറഞ്ഞത് അമ്പത് മീറ്റര്‍ അകലം പാലിക്കണമെന്നാണ് നിയമം. പാര്‍പ്പിട മേഖലകളിലൂടെ വിദ്യാര്‍ഥികളുമായി പോകുന്ന യാത്രാബസുകളേയും മിനിബസുകളേയും മറികടക്കുന്നതും അനുവദനീയമല്ല.