ദോഹ എയര്‍പോര്‍ട്ട് റോഡില്‍ പുതിയ നടപ്പാലം വരുന്നു
12 മണിക്കൂര്‍ കൊണ്ട് റോഡിന് മുകളില്‍ മേല്‍പാലം സ്ഥാപിച്ച് ദോഹ എയര്‍പ്പോര്‍ട്ട് റോഡ്. ദ്രുതഗതിയില്‍ പുരോഗമിക്കുന്ന നടപ്പാലത്തിന്റെ അനുബന്ധ ജോലികള്‍ കൂടി പൂര്‍ത്തിയാക്കിയശേഷം നടപ്പാലം ഏറെ വൈകാതെ തുറന്നു കൊടുക്കും.
റോഡിനു മുകളിലെ പാലത്തിന്റെ ഭാഗങ്ങള്‍ സ്ഥാപിക്കുന്നതിനുവേണ്ടി കഴിഞ്ഞ ദിവസം 12 മണിക്കൂര്‍ നേരത്തേക്ക് എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗതം തടഞ്ഞിരുന്നു. നേരത്തേ തയ്യാറാക്കി വച്ച ഭാഗങ്ങള്‍ റോഡിനു മുകളില്‍ സ്ഥാപിക്കുകയാണു ചെയ്തത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓഫിസുകളിലുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാകും ഈ കാല്‍നടപ്പാലമെന്നു വിലയിരുത്തുന്നു. കാല്‍നട യാത്രക്കാര്‍ക്കുവേണ്ടി പ്രത്യേക മാസ്റ്റര്‍പ്ലാനിനു ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രാലയം അടുത്തിടെ രൂപം നല്‍കിയിരുന്നു.
കാല്‍നട യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള പദ്ധതിപ്രകാരം 50 ക്രോസ്വാക്കുകളാണു നിര്‍മ്മിക്കുക. ഇതില്‍ 26 എണ്ണം മേല്‍നടപ്പാതകളും കീഴ്‌നടപ്പാതകളുമാണ്.