കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കിനി പുത്തന്‍ യൂണിഫോം
മെട്രോയുമായി ചേര്‍ന്ന് ഫീഡര്‍ സര്‍വീസ് നടത്തുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പുതിയ യൂണിഫോം നടപ്പാക്കാന്‍ തീരുമാനമായി. കറുത്ത നിറത്തിലുള്ള പാന്റും നീല നിറത്തിലുള്ള ടീഷര്‍ട്ടുമായിരിക്കും ഇനി ഓട്ടോ ഡ്രൈവര്‍മാരുടെ വേഷം. കെ എം ആര്‍ എല്ലാണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ യൂണിഫോമുകള്‍ നല്‍കുക. യൂണിഫോമിന് പുറമേ ഡ്രൈവര്‍മാറെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ ബാഡ്ജും ധരിക്കണം. ഓട്ടോ ഡ്രൈവ്‌ഴ്‌സ് യൂണിയനുമായി മെട്രോ അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ യൂണിഫോം എന്ന തീരുമാനം ഉണ്ടായിരിക്കുന്നത്.
റോഡ് സുരക്ഷ, സ്വഭാവനവീകരണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയിലെ മുന്നൂറിലധികം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കെ എം ആര്‍ എലും കിലയും ചേര്‍ന്ന് പരിശീലനക്ലാസ് നല്‍കിയിരുന്നു. ഓട്ടോ തൊഴിലാളി മേഖലയെ നവീകരിക്കുക എന്നതായിരുന്നു പരിശീലന ക്ലാസിന്റെ ലക്ഷ്യം.
ഷെയര്‍ ഓട്ടോ മാതൃകയില്‍ സര്‍വ്വീസ് നടത്തുന്ന ഈ ഓട്ടോകള്‍ സര്‍ക്കാര്‍ നിരക്ക് തന്നെയാവും ഈടാക്കുകയെന്ന് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ. അജിതകുമാര്‍ പറഞ്ഞു. രണ്ടോ മൂന്നോ പേര്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ക്ക് പകുതി പണം മാത്രം നല്‍കിയാല്‍ മതിയാകുന്നതാണ് ഷെയര്‍ ഓട്ടോകള്‍.
ഫീഡര്‍ ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാര്‍ക്ക് പുതിയ യൂണിഫോം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ. പത്മകുമാറാണ് പുറപ്പെടുവിച്ചത്. ആദ്യഘട്ടത്തില്‍ കൊച്ചി മെട്രോയുടെ അനുബന്ധ സര്‍വ്വീസായും രണ്ടാംഘട്ടത്തില്‍ ബസ്സുകള്‍ക്കുള്ള അനുബന്ധസര്‍വ്വീസായും ഫീഡര്‍ ഓട്ടോ പ്രവര്‍ത്തിക്കും.