നെല്ലിയാമ്പതിയിലെ മഴനൂല്‍ വന്യതകള്‍

ശാന്തതയാണ് തേടുന്നതെങ്കില്‍ നേരെ നെല്ലിയാമ്പതിക്കു വിട്ടോളൂ.. അഭിഭാഷകനും എഴുത്തുകാരനുമായ ജഹാംഗീര്‍ ആമിന റസാക്കിന്‍റെ യാത്രാനുഭവം


നവ്യമായ സൌഹൃദക്കൂട്ടങ്ങളില്‍ ചിലര്‍ വനാന്തരത്തു നട്ടുവച്ച ഹൃദയോഷ്മളമായ സൗഹൃദങ്ങളുടെ കാട്ടുമരത്തണലുകളിലേക്ക്. ഇന്‍റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ഒന്നുമില്ലാതെ രണ്ടു ദിവസത്തെ ധ്യാനത്തിന് പോയതായിരുന്നു നെല്ലിയാമ്പതിയിലേക്ക്. ജീവിക്കുന്ന ഇടങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള ഇങ്ങനെ ഒരു പ്രകൃതി വിസ്മയം ഇത്രകാലവും അറിയാതിരുന്നതില്‍, തൊട്ടറിയാതിരുന്നതില്‍ ചെറുതല്ലാത്ത അത്ഭുതം തോന്നി.

തൃശൂരില്‍ നിന്ന് പ്രിയ സുഹൃത്തിന്‍റെ എസ് യു വി, മാരുതിയുടെ എസ്- ക്രോസിലാണ് യാത്ര തുടര്‍ന്നത്. ജീവിതത്തില്‍ വല്ലപ്പോഴും ചെയ്തിട്ടുള്ള, വനാന്തര യാത്രകളും, അറേബ്യയിലെ മരുഭൂ യാത്രകളും മിത്സുബിഷി പജേറോയില്‍ ആയിരുന്നു എന്നതാണ് ഓര്‍മ്മ. അതുകൊണ്ട്തന്നെ കാട്ടുപോത്തിന്‍റെ നട്ടെല്ലിന്‍റെ കരുത്തുള്ള ചീറുന്ന ഒരു വാഹനത്തെ മിസ്‌ ചെയ്തു. അപ്പോഴാണ്‌ ഈ വാഹനവും ലക്ഷ്യത്തിലേക്ക് എത്തില്ല, പാതി വഴിയില്‍ നിന്ന് മഹീന്ദ്രയുടെ ജീപ്പാണ് ശരണം എന്ന് മനസ്സിലായത്.

പാലക്കാട് ജില്ലാ ആസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയുള്ള പ്രശസ്തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരി നദി എന്നിവയുടെ പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമാണ് നെല്ലിയാമ്പതി. തേയില, കാപ്പി തോട്ടങ്ങൾക്കും ശീതള കാലാവസ്ഥയ്ക്കും പ്രശസ്തമാണ് ഇവിടം. പാ‍വപ്പെട്ടവരുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നു. നിത്യഹരിതവനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി 82 ചതുരശ്ര കിലോമീറ്ററാണ്. ധാരാളം ചോലക്കാടുകളും പുൽമേടുകളുമുണ്ട്. ഏറ്റവും ഉയരമേറിയ പാടഗിരി സമുദ്രനിരപ്പിൽനിന്ന് 1585.08 മീറ്റർ ഉയരത്തിലാണ്. ജനുവരി മുതൽ മെയ് വരെ പകൽ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂൺ മുതൽ ഡിസംബർ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ്.

നെല്ലി ദേവതയുടെ ഊര്‌ എന്നാണ്‌ നെല്ലിയാമ്പതിയുടെ അർത്ഥം.കേരളത്തിലെ ആദിമനിവാസികൾ തങ്ങളുടെ ദൈവങ്ങൾ മലകളിലും മരങ്ങളിലും വസിക്കുന്നുവെന്ന് സങ്കല്പിച്ചിരുന്നവരാണ്‌. ഇതിൽ തന്നെ കാർഷിക വൃത്തിയിലേർപ്പെട്ടിരുന്നവർ അമ്മദൈവങ്ങളെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ. ഇത്തരത്തിൽ നെല്ലിമരത്തിൽ ആസ്ഥാനമാക്കിയ ദേവതയുടെ പേരിൽ നിന്നാണ്‌ നെല്ലിയാമ്പതിയുടെ സ്ഥലനാമോല്പ്പത്തി. (പതി എന്നാൽ ഊര്‌ എന്നർത്ഥം)

തകര്‍ത്ത് പെയ്യുന്ന, പ്രതീക്ഷിക്കപ്പെട്ടിരുന്ന പെരുമഴ ഇല്ലാതിരുന്നതിന്റെ ചെറിയ നിരാശ, യാത്ര വളര്‍ന്നപ്പോള്‍ വെയില്‍ചൂടിനൊപ്പം ഉരുകിപ്പോയി. ഹരിതാഭയുടെ സൂക്ഷ്മ സ്ഥൂല സ്ഥലരാശികളിലേക്ക് വാഹനം ഉരുണ്ടു കയറിയപ്പോള്‍,കൗമാരത്തിലെ പ്രണയിനിയെ മറക്കുന്നത് പോലെ ഞാന്‍ മഴയോടുള്ള കൊതി, ആര്‍ത്തിയായി വളര്‍ന്നതിനെ പതുക്കെ വിസ്മരിച്ചു; മേഘക്കീറുകള്‍ വൃക്ഷത്തലപ്പുകളെ ചുംബിക്കുന്നതിലേക്കു എന്‍റെ ദാഹാര്‍ത്തങ്ങളെ പറിച്ചുനട്ടു.

എസ്- ക്രോസ്സിനെ പാതിയില്‍ മിടിക്കുന്ന ഹൃദയം പോലെ ഉപേക്ഷിക്കേണ്ടി വരുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. കാഴ്ച്ചയുടെ വന്യതകളും, പ്രകൃതി ഭംഗിയും, വെള്ളചാട്ടങ്ങളുടെ എണ്ണവും വര്‍ദ്ധിക്കുന്നതിനനുസരിച്ചു റോഡിന്‍റെ മുഖകാന്തിയും, മിനുസമുള്ള ശരീരവും ശോഷിച്ചു ക്ഷയിച്ചു വന്നു..! ജനലുകള്‍ക്ക് പുറത്തേക്ക് മാത്രം നോക്കുന്നതിനാല്‍ ശരീരം മാത്രം വാഹനത്തില്‍ സഞ്ചരിച്ചു.. മനസ്സ് മേഘക്കീറുകള്‍ക്കിടയിലൂടെ ഊളിയിട്ടു. വെള്ളചാട്ടങ്ങളില്‍ ശൈശവത്തിലെപ്പോലെ തുള്ളിക്കളിച്ചു.

ഒരു തമിഴ്ഗ്രാമത്തെ അനുസ്മരിപ്പിക്കുന്ന പുലയന്‍പാറയില്‍ ഇരുന്നൂറുരൂപ പാര്‍ക്കിംഗ് ഫീസ്‌ ഉറപ്പിച്ചു ഞങ്ങള്‍ ഒരു ഹോട്ടലിന്‍റെ പുറകിലെ ചെറിയ സൗകര്യത്തില്‍ വണ്ടിയൊതുക്കി. ഒരു കിനാവില്‍ നിന്ന് പുതപ്പുപേക്ഷിക്കുന്നത് പോലെയോ, പാമ്പ്‌ പടം പൊഴിക്കുന്നത് പോലെയോ ഞങ്ങള്‍ മാരുതിയില്‍ നിന്ന് ജീപ്പിലേക്കു ഒഴുകിയിറങ്ങി.

മഹിന്ദ്രയുടെ പുതിയ മോഡല്‍ ഥാര്‍ ജീപ്പിലാണ് യാത്രയെങ്കിലും, സഞ്ചരിക്കുന്ന വഴികളുടെ ആസുരതകള്‍ കാരണമോ, നന്നായി സര്‍വീസ് ചെയ്യാത്ത വാഹനമാണ് എന്നതിനാലോ, അത്രമേല്‍ അസഹ്യമായിരുന്നു അതിനുള്ളിലെ അനുഭവം. മഴ പെയ്തു വസ്ത്രങ്ങള്‍ ഒലിച്ചുപോയ റോഡിലെ പാറക്കൂട്ടങ്ങള്‍ ജാള്യതയോടെ ജീപ്പിന്‍റെ ചക്രങ്ങളെ തള്ളിയകറ്റി. ചക്രങ്ങള്‍ ഉരുളുന്നതിന് പകരം ഓരോ ശിലകളില്‍ നിന്ന് മറ്റൊരു ശിലയിലേക്ക് പരകായപ്രവേശം നടത്തി. പലതവണ സീറ്റില്‍ നിന്ന് നിലത്തു വീണു.

അത്രമേല്‍ അപ്രതീക്ഷിതമായ ഒരു തിരിവിലൂടെ ജീപ്പ് പാതയെ മാറ്റിയപ്പോള്‍ “എവിടെയോ കണ്ടിട്ടുണ്ടല്ലോ ഇവിടം” എന്ന് അതിശയിച്ചു. “ഭ്രമരം സിനിമ ഷൂട്ട്‌ ചെയ്തത് ഇവിടെയാണ്‌ സര്‍” എന്ന് ഡ്രൈവര്‍ രഞ്ജിത്ത് അറിയിച്ചു. മുരളി ഗോപിയുടെയും, മോഹന്‍ലാലിന്റെയുമെല്ലാം യാത്രാവഴികളെക്കുറിച്ച് ആ സിനിമയ്ക്ക് റിവ്യൂ എഴുതിയ സമയത്ത് കുറിച്ചത് ഓര്‍ത്തുപോയി..! കൂടെയുള്ള സുഹൃത്തുക്കള്‍ക്ക് ആ വഴികള്‍ പരിചിതമായിരുന്നു എന്നതിനാല്‍ ദിവസേന കാണുന്ന അടുത്ത ചങ്ങാതിയോട്‌ വെറുതെ പുഞ്ചിരിക്കുന്നത് പോലെ, അവര്‍ പുറത്തേക്ക് കണ്ണുകള്‍ പായിച്ചു മന്ദഹസിച്ചു.

ആസുര ദുര്‍ഘട വഴിയുടെ പാതിയില്‍ ജീപ്പ് നിര്‍ത്തി. ഒന്ന് പുറത്തിറങ്ങിയപ്പോള്‍ ശക്തമായ തണുത്ത കാറ്റ്. മണ്ണിനെ പ്രണയിക്കുന്ന വിരഹാര്‍ദ്രയായ കാമുകിയെപ്പോലെ ഇതിനകം ചെറിയ മഴനൂലുകള്‍ ഭൂമിയെ ഗാഢ​മായി ചുംബിച്ചുതുടങ്ങിയിരുന്നു. ഒരു കുഞ്ഞിന്‍റെ കയ്യിലെ കളിപ്പാട്ടം പോലെ കാറ്റ് മഴനൂലുകളെ ചേലും, ചാരുതയുമോടെ, ചാച്ചും ചെരിച്ചും കുസൃതി കളിച്ചു. ഇലച്ചാര്‍ത്തുകളില്‍ കണ്‍പാര്‍ത്തുനിന്ന മഴനീര്‍തുള്ളികള്‍ പ്രണയസാന്ദ്രമായ മഞ്ഞുകണം പോലെ തോന്നിച്ചു.

ജീപ്പില്‍ അത്യാവശ്യം ഭക്ഷണം കഴിക്കാന്‍ എടുത്തുവച്ചിരുന്ന ഡിസ്പോസിബിള്‍ പാത്രങ്ങളെയും, ഗ്ലാസ്സുകളെയും, കുസൃതിക്കാറ്റിലൊരുത്തന്‍ മോഷ്ട്ടിച്ചുകൊണ്ടോടി. നനയുന്നതിലെ ആഹ്ലാദം കൊണ്ടാവാം പിന്നാലെ ഞാനും ഓടി. ചെങ്കുത്തായ കൊക്കയുടെ വക്കത്തുള്ള എന്‍റെ “അതിസാഹസികത” സുഹൃത്ത് സന്ദീപ്‌ തടഞ്ഞു . “വക്കീലെ …” എന്ന ഗൗരവ വിളിയില്‍ ശക്തമായ മുന്നറിയിയിപ്പു സാന്ദ്രമായി കലര്‍ന്നതായി എനിക്ക് തോന്നി. എന്നാലും ഒരു കാറ്റിനോട് തോല്‍ക്കാന്‍ വയ്യായിരുന്നു. ഗ്ലാസ്സും, വെള്ളവും പ്ലേറ്റുകളും ഞാന്‍ തിരിച്ചുപിടിച്ചു.

തമിഴ് വഴിവക്കുകളില്‍ കാണുന്ന മാതൃകയിലുള്ള ഒരു അമ്പലം ഈ താഴ്വരയില്‍ കണ്ടു. എന്‍റെ മതം നോക്കി വിലക്ക് പറയാനൊന്നും ഇവിടുത്തെ നിഷ്കളങ്ക മനുഷ്യര്‍ ആരെയും ഏര്‍പ്പെടുത്തിയിട്ടില്ലാഞ്ഞതിനാല്‍ ഞാന്‍ അതിനകത്ത് കയറി. പ്രതിഷ്ഠ ഏതെന്നു മനസ്സിലായില്ല. അല്ലെങ്കില്‍ത്തന്നെ പ്രകൃതി ദേവതയും , നെല്ലി ദേവതയും അനുഗ്രഹങ്ങള്‍ പെരുമഴയും, സൂര്യവെളിച്ചവും, മഞ്ഞിന്‍ മഴകളുമായി ചൊരിയുന്ന ഇവിടെ എന്തിനാണ് ഒരു ദൈവം എന്ന് ഞാന്‍ വെറുതെ ചിന്തിച്ചു.

ചിലര്‍ ക്യാമറയുമായി അങ്ങോട്ടും ഇങ്ങോട്ടും നീങ്ങി. ക്യാമറയെക്കാള്‍ എനിക്കെന്‍റെ കണ്ണുകളെയാണ് ഇഷ്ട്ടമെന്നതിനാല്‍ (സേതൂനെന്നും, സേതൂനോട് മാത്രമിഷ്ടമുള്ള എം. ടി കഥാപാത്രം പോലെ) ഞാന്‍ എന്‍റെ കണ്ണുകളെ മാത്രമിഷ്ടപ്പെട്ട് ഓരോ ചിത്രദര്‍പ്പണങ്ങളും എന്‍റെ മനസ്സില്‍ പകര്‍ത്തി. മൊബൈല്‍ ഫോണ്‍ പോലും പാതിയില്‍ നിര്‍ത്തിയ കാറില്‍ വിശ്രമിക്കുകയായിരുന്നു.

ഒരുപക്ഷേ കേരളത്തിലെ ഏറ്റവും മനോഹരമായ പ്രകൃതിയിടം എന്ന് വിളിക്കാവുന്ന, ഭൂമിയും , ആകാശവും ഇണചേരുന്ന മാബാറയില്‍ വച്ചാണ്, സുഹൃത്ത് സന്ദീപ്‌ വീണ്ടും സഞ്ചരിക്കേണ്ട “മിസ്റ്റി വാലി” (Misty Valley) യെന്ന കാടിനുള്ളിലെ സൗഹൃദക്കൂടിലേക്കുള്ള വഴികളെക്കുറിച്ച് വാചാലനായത്. ഇടതുവശത്തെ പാറക്കെട്ടുകളിലൂടെ മെലിഞ്ഞൂര്‍ന്നിറങ്ങുന്ന നീര്‍ച്ചാലുകള്‍ കരിമ്പാറകളുടെ കണ്ണുനീരായി തോന്നി. ജലകണങ്ങള്‍ വാഹനത്തെ മിഥ്യകളില്‍ നിന്ന് യാത്രാവഴികളുടെ ഉണ്മകളിലേക്ക് നനച്ചുണര്‍ത്തി. മറവിയിലേക്ക് പെയ്തിറങ്ങിയ മഴനൂല്‍ക്കൂട്ടങ്ങള്‍ ഞങ്ങളുടെ ഓര്‍മ്മകളെയും നനച്ചുണര്‍ത്തി. നഗ്നമായ പാതയുടെ ഹൃദയസിരയെന്നപോലെ ജീപ്പ് മേഘക്കീറുകള്‍ക്കിടയിലൂടെ ഗഗനചാരിയെപ്പോലെ പച്ചപ്പുകള്‍ക്ക്‌ മുകളിലൂടെ ഉരുണ്ടുനീങ്ങി..!

വീട്ടിലേക്കു വിരുന്നെത്തുന്ന അപരിചിതരെ വാതില്‍പ്പഴുതിലൂടെ നോക്കുന്ന കൊച്ചുകുട്ടികളെപ്പോലെ പുള്ളിമാന്‍ കുഞ്ഞുങ്ങള്‍, അവരുടെ മാതാപിതാക്കള്‍ ചെറുപച്ചക്കാടുകള്‍ക്കിടയിലൂടെ ഞങ്ങളെ നോക്കി. അവയുടെ വായകളില്‍ പാതിചവച്ച പുല്‍ക്കതിര്‍ത്തുമ്പുകളില്‍ മഴത്തുള്ളികള്‍ ഒരു നിമിഷാര്‍ദ്ധം ശ്വസിച്ചു മണ്ണിലേക്കുതിര്‍ന്നു വീണു. വിരുന്നുകാരെ ഉള്‍ക്കൊള്ളാനാവാതെ മിഴിതുറക്കുന്ന ക്യാമറ ലെന്‍സുകള്‍ക്ക് മുന്നില്‍ നിന്ന് മാന്‍പേടകള്‍ ഓടിമറഞ്ഞു. അവാര്‍ഡ്‌ സിനിമകളിലെ നായകന്മാരുടെ ഭാവത്തോടെ കാട്ടുപോത്തുകള്‍ നിസ്സംഗമായി ക്യാമറയിലേക്ക് നോക്കി. “ഈ ക്ലിക്ക് നിനക്കെന്‍റെ ഔദാര്യമാണ്‌” എന്ന ഭാവത്തില്‍ ക്യാമറ താഴ്ത്തുമ്പോള്‍ പുല്‍ത്തീറ്റ തുടര്‍ന്നു.

കാഴ്ചകളുടെ ഒഴുക്കിന്‍റെ ദീര്‍ഘനിശ്വാസങ്ങളില്‍ ചെറുവെള്ളചാട്ടങ്ങള്‍ കൗതുകത്തിന്‍റെ മിഴികള്‍ തുറന്നു. ഇത്രയും സുതാര്യമായ ജലകണങ്ങള്‍ കണ്ടിട്ടേ ഉണ്ടായിരുന്നില്ല എന്നോര്‍ത്തു. മിസ്റ്റി വാല്ലിയില്‍ രണ്ടര മണിയോടെ എത്തി. മരണം കഴിഞ്ഞാല്‍ അടുത്ത യാഥാര്‍ത്ഥ്യം വിശപ്പാണ് എന്ന് വിളിച്ചോതുന്നുണ്ടായിരുന്നു വയറ്റില്‍ നിന്നും. നേരത്തെ പറഞ്ഞു വച്ചിരുന്നതിനാല്‍ അവര്‍ അത്യാവശ്യം ഭക്ഷണം തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു.

മിസ്റ്റി വാലി

പ്രകൃതിയെ അനുഭവിക്കുന്നതിലെ പരകായതയുടെ വലിയസാധ്യതകള്‍ മുന്നോട്ട് വയ്ക്കുന്ന വൃക്ഷനിബിഡമായ മനോഹരമായ സ്ഥലമാണ് മിസ്റ്റി വാലി. ജാലകത്തിനപ്പുറം നിഷ്കളങ്കരായ വന്യജീവികള്‍ നമ്മെക്കാള്‍ കൗതുകത്തോടെ നോക്കിനില്‍ക്കുന്നതും അവസാനിക്കാത്ത മഴനൂലുകളും കൊതിപ്പിക്കുന്ന തണുപ്പും തന്നെയാണ് ഇവിടുത്തെ ഹൈലൈറ്റ്സ്. ചിലപ്പോഴൊക്കെ ചില ഒറ്റയാന്മാര്‍ സാന്നിധ്യം കൊണ്ട് ഭയപ്പെടുത്തുമെങ്കിലും ഉപദ്രവകാരികളല്ല.

പക്ഷേ, ഇതൊക്കെ ആവുമ്പോഴും ഇവിടേയ്ക്ക് എത്തിപ്പെടുക എന്നത് സാഹസികമായ ഒരു ട്രെക്കിങ്ങിന്‍റെ സ്വഭാവമുള്ള യാത്രയുടെ അന്ത്യത്തില്‍ മാത്രം സാധിക്കുന്നതാണ്. നെല്ലിയാമ്പതിയില്‍ നിന്ന് പതിനഞ്ചോളം കിലോമീറ്ററുകള്‍ മാത്രമാണ് മിസ്റ്റി വാലിയിലേക്കുള്ള ദൂരമെങ്കിലും പരിചയസമ്പന്നനായ ഒരു ഡ്രൈവര്‍ക്കൊപ്പം ഒരു ഓഫ്‌റോഡ്‌ വാഹനത്തില്‍ രണ്ടു മണിക്കൂറോളം സമയം അതീവശ്രദ്ധ വേണ്ട സാഹസികയാത്ര തന്നെ ആവശ്യമുണ്ട്.

ഞങ്ങള്‍ മിസ്റ്റി വാലിയില്‍ എത്തുമ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. വിശപ്പിന്‍റെ വന്യത ആതിഥേയരോട് നേരത്തെ അറിയിച്ചിരുന്നതിനാല്‍ അത്യാവശ്യം ഭക്ഷണങ്ങളൊക്കെ ഒരുക്കിയിരുന്നു. മുന്‍പും അവിടം സന്ദര്‍ശിച്ചിട്ടുള്ള സന്ദീപ്‌ ഉള്‍പ്പെടെയുള്ള സ്നേഹസൗഹൃദങ്ങള്‍, വാവ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ആളാണ്‌ അതിന്‍റെ ഓള്‍ ആന്‍ഡ്‌ ഓള്‍ എന്ന്മനസ്സിലായി. വാവ ജനിച്ചുവളര്‍ന്നത് അവിടെയാണത്രെ. അത്രമേല്‍ വിശാലമായ വനാന്തരത്തിലെ ആ എസ്റ്റേറ്റിന്‍റെ മാനേജര്‍ ആയിരുന്നു വാവയുടെ അച്ഛന്‍.

ഇപ്പോള്‍ അതിന്‍റെ മാനേജറും കുക്കും ഡ്രൈവറും കാവല്ക്കാരനുമെല്ലാം സ്നേഹസമ്പന്നനായ വാവ തന്നെയാണ്. മിസ്റ്റി വാലിയില്‍ നിന്നുംനടന്നു പോകാവുന്ന അകലത്തില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് കരിങ്കല്ല് കൊണ്ട് നിര്‍മ്മിച്ച നൂറ്റാണ്ടിന്‍റെ മണമുള്ള ഒരു കെട്ടിടത്തിലാണ് വാവയും അമ്മയും ജീവിക്കുന്നത് എന്നത് കൗതുകകരമായി തോന്നി. ഭക്ഷണം കഴിഞ്ഞ് അത്രമേല്‍ അസാധാരണവും പ്രത്യേകതയുള്ളതുമായ കാടിന്‍റെ തണുപ്പിനെ നേരിടാന്‍ ശ്രമിക്കുമ്പോഴാണ് മറ്റൊരു ജീപ്പില്‍ കുറച്ചു ചെറുപ്പക്കാര്‍ വന്നെത്തിയത്.

ഏതോ ഒരാളുടെ സ്മാര്‍ട്ട്ഫോണിലേക്ക് എല്ലാവരും കൗതുകത്തോടെ നോക്കികൊണ്ടാണ്‌ അവര്‍ ജീപ്പില്‍ നിന്നുതന്നെ ഇറങ്ങിയത്‌. എന്താണ് കാഴ്ചയെന്നു പ്രിയസുഹൃത്ത് സന്ദീപ്‌ കുതുകപ്പെട്ടപ്പോള്‍ വരുന്ന യാത്രാവഴിയില്‍ ആ മൊബൈലില്‍ ഷൂട്ട്‌ ചെയ്ത ഒരു വീഡിയോ ക്ലിപ്പ് കാണിച്ചു. ആഹ്ലാദമുണ്ടാക്കേണ്ടുന്ന അത്രമേല്‍ അസാധാരണമായ ഒരു കാഴ്ചയായിരുന്നിട്ടും എന്‍റെ അടിവയറ്റില്‍ നിന്ന് ഭയത്തിന്‍റെ ഒരു തീനാളം തലച്ചോറിലേക്ക് പാഞ്ഞു. വരുന്ന വഴിയില്‍ ഞാന്‍ വിശ്രമിച്ച കാട്ടിലെ അമ്പലത്തിന്‍റെ മുന്നിലൂടെ ഇവരുടെ വാഹനത്തെ മറികടന്ന് ഒരു കടുവ മിന്നല്‍പ്പിണരാകുന്നതിന്‍റെ മൊബൈല്‍ ദൃശ്യം ആയിരുന്നു അത്. എന്‍റെ ഞെട്ടല്‍ പകര്‍ന്നു കിട്ടിയ സന്ദീപ്‌ മുഖത്തേക്ക് നോക്കി.

ജീവിതാകസ്മിതകള്‍ കാത്തുവച്ചിരിക്കുന്നതും നിഷേധിക്കുന്നതുമായ വൈചിത്ര്യങ്ങളെക്കുറിച്ചോര്‍ത്തു തണുപ്പിന്‍റെ വിറയലില്‍ ഭയം കലര്‍ത്തി ഞാന്‍ നെടുവീര്‍പ്പിട്ടു. മഴമേഘങ്ങള്‍ക്ക് കീഴില്‍ ഇരുള്‍ പരക്കുന്ന വനാന്തരത്തെ കൌതുക വെളിച്ചമുള്ള കണ്ണുകള്‍കൊണ്ട് ഞാന്‍ നോക്കിക്കണ്ടു. വൈദ്യുതിയോ മൊബൈല്‍ഫോണോ ഇന്‍റര്‍നെറ്റോ ഒന്നുമില്ലാത്ത ലോകത്ത് മണിക്കൂറുകള്‍ ചിലവിടുന്നത്‌ വിസ്മയത്തോടെ തിരിച്ചറിഞ്ഞു. ഇരുള്‍ കനത്തപ്പോള്‍ ഒരു പഴയ ഡീസല്‍ മോട്ടോര്‍ ശബ്ദിക്കുന്നതായി തോന്നി. പെട്ടന്ന് മുറികള്‍ക്കുള്ളിലും പുറത്തും ചില ഫ്ലൂറസെന്‍റ്ബള്‍ബുകള്‍ മടിച്ചു മടിച്ചു വെളിച്ചം പരത്തി. ഏക ഊര്‍ജ്ജസ്രോതസ്സായ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരിക്കുന്നു.

അത്രയും നേരം കാറ്റില്‍ ഇലകള്‍ ഉരുമ്മതിന്‍റെയും പക്ഷികള്‍ ചിലയ്ക്കുന്നതിന്‍റെയും ശബ്ദമിശ്രണത്തിന്‍റെ താളത്തിനു ജനറേറ്ററിന്‍റെ ശബ്ദം ഭംഗം വരുത്തി എന്‍റെ സ്വാസ്ഥ്യത്തെ ഉലച്ചു. ആന ചിന്നം വിളിക്കുന്നതുള്‍പ്പെടെയുള്ള കാട്ടിലെ ചില വലിയവരുടെ ശബ്ദങ്ങള്‍ മറ്റെല്ലാ ശബ്ദങ്ങളെയും അതിജീവിച്ച് ചെവിയിലെത്തുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ചിരുന്ന് അത്രമേല്‍ വന്യമല്ലാത്ത മറ്റൊരുപാട് കാര്യങ്ങള്‍ സംസാരിച്ചു.

എല്ലാ ചര്‍ച്ചകള്‍ക്കും മീതെ ഉറക്കം പതുക്കെ പുതപ്പുവലിച്ചിട്ടു. അത്താഴം കഴിഞ്ഞുടനെ ജനറേറ്റര്‍ ഓഫായതറിഞ്ഞു. അസാധാരണമായ ഇരുട്ടും തണുപ്പും സൃഷ്ടിച്ച ഗര്‍ഭഗേഹത്തില്‍ ഞാനൊരു ശിശുവിനെപോലെ ഉറങ്ങി. സന്ദീപിന്‍റെ ജീവിതത്തിലെ നാലു പതിറ്റാണ്ട് പൂര്‍ത്തിയാകുന്ന പ്രഭാതതിലേക്കായിരുന്നു ഉണര്‍ന്നെഴുന്നേറ്റത്. മൊബൈല്‍ഫോണും ലാപ്ടോപ്പുമെല്ലാം കാറില്‍ മറന്നു വെച്ചിരുന്നെങ്കിലും സന്ദീപിന്‍റെ പിറന്നാളിനു നല്‍കാന്‍ ഒരു സമ്മാനം ബാഗില്‍ കരുതിവെച്ചിരുന്നത് എടുത്തുകൊടുത്തുകൊണ്ട് ആ ദിവസം തുടങ്ങി.

സ്നേഹം കലര്‍ത്തി വാവ വിളമ്പിത്തന്ന പ്രാതല്‍ കഴിച്ച് ഞങ്ങള്‍ വനഹൃദയത്തിലൂടെ കാപ്പിത്തോട്ടങ്ങള്‍ക്കും ഏലത്തിന്റെ സമൃദ്ധികള്‍ക്കും ഇടയിലൂടെ നടന്നു നീങ്ങി. കാലില്‍ കയറിയ അട്ടകളൊക്കെ വിശപ്പാറുന്നത് വരെ അവരുടെ സാന്നിധ്യം അറിയിച്ചതേയില്ല. എസ്റ്റെറ്റിന്‍റെയിടയിലെ സമൃദ്ധമായ ഓറഞ്ചു മരങ്ങള്‍ക്ക് ചോട്ടിലൂടെ പാതിചവച്ച പുല്‍ത്തളിരുകളുമായി പുള്ളിമാനുകള്‍ ഓടി. തോരാതെ പെയ്ത മഴയില്‍ തിടംവച്ച് വണ്ണമേറ്റിയ കാട്ടുചോലകള്‍ അപ്പോഴും കണ്ണുനീര്‍ പോലെ തെളിഞ്ഞ സാന്ദ്രജലം വഹിച്ച് നിബിഡമായി ഒഴുകി. ജീപ്പിനു പോകാവുന്ന വഴിയുടെ ഓരോ വളവിലും ഞാന്‍ വെറുതെ ഒരു ഒറ്റയാനെ പ്രതീക്ഷിച്ചു നിരാശപ്പെട്ടു.

പുല്ലുവിരിച്ച വഴിയോരത്ത് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കരിങ്കല്ലുകൊണ്ട് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പഴയൊരു കെട്ടിടം കണ്ടു. വാവയും അമ്മയും ഇവിടെയാണ്‌ താമസിക്കുന്നതെന്ന് സന്ദീപോര്‍മ്മിപ്പിച്ചു. അല്‍പ്പം കൂടി മുന്നോട്ട് പോയപ്പോള്‍ ഏതൊക്കെയോ ഇംഗ്ലീഷ് ഹൊറര്‍ സിനിമകളിലും മറ്റുംകണ്ടുപരിചയിച്ച ബംഗ്ലാവുകള്‍ കണ്ടു. മലയാളത്തിലെ ഹൊറര്‍ പരീക്ഷണമായ മമ്മൂട്ടിയുടെ അപരിചിതന്‍ പോലെയുള്ള സിനിമകള്‍ ഇവിടെയാണ്‌ ഷൂട്ട്‌ ചെയ്തതെന്ന് കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു. മുഴുവനായും മരംകൊണ്ടു നിര്‍മ്മിച്ച ആ ബംഗ്ലാവ് നന്നായി പരിപാലിക്കപ്പെട്ടിരുന്നു. ഒരുപക്ഷെ ബ്രിട്ടീഷ് കാലത്തോളം പഴക്കമുള്ള പൂച്ചെടികളാല്‍, വൃക്ഷങ്ങളാല്‍ സമ്പന്നമായിരുന്നു അതിന്‍റെ മുറ്റം.

ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു കാട്ടുപോത്ത് ഞങ്ങളെ കൌതുകത്തോടെ നോക്കി. സന്ദീപ്‌ ക്യാമറയുമായി അതിന്‍റെ പിന്നാലെ പോയെങ്കിലും ഒരു ക്യാമറാക്ലിക്കിന്‍റെ സൌഹൃദത്തിനു നിന്നു തരുന്നതിനൊന്നും ആ വന്യജീവിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഞങ്ങളുടെ കാഴച്ചകളുടെ സുഭഗതയെ ശല്യം ചെയ്യേണ്ടതില്ല എന്ന തീരുമാനത്താല്‍ മഴയല്‍പ്പം മാറി നിന്നിരുന്നു. എങ്കിലും മിസ്റ്റിവാലിയിലെക്കുള്ള പിന്‍നടത്തത്തില്‍ ഇലച്ചാര്‍ത്തുകളെ ആര്‍ദ്രമാക്കാന്‍ എന്നവണ്ണം വീണ്ടും മഴനൂലുകള്‍ പെയ്തിറങ്ങി. വൃക്ഷച്ചുവടുകളില്‍ ഞങ്ങളിലേക്ക് ഇലച്ചാര്‍ത്തുകളില്‍ നിന്ന് മഴത്തുള്ളികള്‍ പെയ്തിറങ്ങി.

വിശപ്പാറിയ അട്ടകളെയൊക്കെ പറിച്ചുമാറ്റി പായസവും അവിയലും അടക്കമുള്ള സദ്യയുടെ മുന്നിലേക്കാണ്‌ എത്തിയത്. നിര്‍വചിക്കാനാവാത്ത തരം തണുപ്പുള്ള മധ്യാഹ്നത്തിലെ ഉച്ചമയക്കത്തിന് ശേഷം ഞങ്ങള്‍ കാടിറങ്ങാന്‍ തീരുമാനിച്ചു. ഇതിനിടയില്‍ സന്ദീപിന്‍റെ ക്യാമറയില്‍ മലയണ്ണാന്‍ ഉള്‍പ്പെടെയുള്ള അവിടുത്തെ ആതിഥേയരില്‍ പലരേയും ഒപ്പിയെടുത്തിരുന്നു. ഒരു ദിവസമായി കാത്തിരിക്കുന്ന ഡ്രൈവര്‍ രഞ്ജിത്തും ജീപ്പും ഞങ്ങള്‍ക്കായി വീണ്ടും ചലനാത്മകമായി. കാട്ടുപ്ലാവില്‍ നിന്ന്പറിച്ച ചക്കകളും മടക്കയാത്രയില്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു.

കാട്ടുപാതകളെ മൂടിയ മേഘക്കീറുകള്‍ക്കിടയിലൂടെ ഞങ്ങള്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഭൂമികകളിലേക്ക് ഉതിര്‍ന്നിറങ്ങി. പിന്നില്‍ ഉപേക്ഷിച്ചുപോന്ന സ്വാഭാവികവും പ്രകൃതിപരവുമായ മണിക്കൂറുകള്‍ മാത്രം ആയുസ്സുണ്ടായിരുന്ന ജീവിതത്തിന്‍റെ പരിഭവക്കണ്ണ്‍നീരെന്നവണ്ണം ദുര്‍ഘട പാതയോരങ്ങളിലെ വലിയ പാറക്കെട്ടുകളില്‍ നിന്നും അനസ്യൂത ജലപ്രവാഹത്തിന്‍റെ ചെറു വെള്ളച്ചാട്ടങ്ങള്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഒരുദിനം കാര്‍ പാര്‍ക്ക് ചെയ്തതിനു ഇരുനൂറു രൂപ നല്‍കി മാരുതിഎസ്-ക്രോസ്സ് സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ എണ്ണാനാവാത്തത്ര മിസ്സ്ഡ് കോളുകളും മെസ്സേജുകളും വന്നു എന്‍റെ ഫോണ്‍ മരിക്കാതെ കാത്തിരിപ്പുണ്ടായിരുന്നു. ചലിച്ചുതുടങ്ങിയ കാറിന്‍റെ ജനല്‍ച്ചില്ലുകള്‍ക്ക് പുറത്ത് കനത്തു തുടങ്ങിയ മഴയിലൂടെ ഞങ്ങള്‍ ജീവിത മാത്സര്യങ്ങളിലേക്ക് ഉരുണ്ടിറങ്ങി, മലമുകളില്‍ സ്വപ്നങ്ങളെപ്പോലുള്ള അനുഭവങ്ങളെ ഉപേക്ഷിച്ചുകൊണ്ട്…