Adventure Tourism

കൊളുക്കുമലയിലേക്ക് ഓഫ് റോഡ് യാത്ര

ഓഫ്റോഡ്‌ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് കൊളുക്കുമലയിലേക്ക് പോകാം. അവിടേക്ക് നടത്തിയ ബുള്ളറ്റ് യാത്രയെക്കുറിച്ച്  മാഹിന്‍   ഷാജഹാന്‍ എഴുതുന്നു.

കുട്ടിക്കാലം മുതൽ കണ്ട സ്വപ്നമായിരുന്നു കോട പുതച്ച മലമടക്കുകളിൽ കൂടിയൊരു ബുള്ളറ്റ് യാത്ര. കുറച്ചു മാസങ്ങൾക്കു മുൻപ് സുഹൃത്ത് നജീമുമായി ചേർന്ന് ആ ആഗ്രഹം നിറവേറി. മൂന്നാർ-കൊളുക്കുമല യാത്രയിലൂടെ!

മലനിരകളുടെയും, തേയിലത്തോട്ടങ്ങളുടെയും ഇടയിലൂടെ കോടമഞ്ഞിനെ വകഞ്ഞു മാറ്റി കാഴ്ചകൾക്കു മുന്നേ പാഞ്ഞ ശബ്ദവുമായി ബുള്ളറ്റിൽ മൂന്നാർ എത്തിയപ്പോൾ മനസ്സിൽ കയറിക്കൂടിയതായിരുന്നു ഒരു ഓഫ് റോഡ് യാത്ര, ചില തേടലുകൾക്കുത്തരമായി വീണു കിട്ടിയ പേരാണ് കൊളുക്കുമല.

മൂന്നാറിൽ നിന്നും 32കിലോമീറ്റര്‍ മാറി സൂര്യനെല്ലി വഴിയാണ് കൊളുക്കുമല പോകേണ്ടത്. സൂര്യനെല്ലിയെത്തിയപ്പോൾ ഉച്ചയ്ക്ക് മൂന്നു മണിയോടടുത്തിരുന്നു. പിന്നെയും പത്തു കിലോമീറ്ററോളമുണ്ട് കൊളുക്കു മലയിലേക്ക്.
ടിക്കറ്റെടുത്ത് മല കയറാൻ തുടങ്ങുമ്പോഴേ താഴെ നിന്നും താക്കീതിന്‍റെ സ്വരത്തിൽ പലരും പറഞ്ഞിരുന്നു ജീപ്പ് യാത്രയാകും നല്ലതെന്ന്.പക്ഷെ  കൊല്ലത്തു നിന്നും ഇത്രയും ദൂരം വന്ന ഞങ്ങൾക്ക് മനസ്സിൽ പതിയുന്ന യാത്രയാകണം ഇതെന്ന് തോന്നിയതിനാൽ ബുള്ളറ്റുമായുള്ള ശ്രമം ഞങ്ങൾ ഉപേക്ഷിച്ചില്ല.

പതിയെ മല കയറുവാൻ തുടങ്ങി. ആദ്യം കുറെ ദൂരം പൊട്ടിപ്പൊളിഞ്ഞതെങ്കിലും സിമെന്റ് റോഡായിരുന്നു. ഇരുവശവും തേയിലത്തോട്ടങ്ങളാലും കാപ്പിത്തോട്ടങ്ങളാലും സമൃദ്ധം. പതിയെ സിമന്റ് റോഡ് അപ്രത്യക്ഷമാകുകയും മൺപാത തെളിയുകയും ചെയ്തു. പിന്നീട് കല്ല് നിറഞ്ഞ വഴികള്‍.
ഒരു കല്ലിൽ നിന്നും അടുത്ത കല്ലിലേക്ക് തെറിച്ച് ബുള്ളറ്റ് നീങ്ങി. ടയര്‍ കടക്കുന്ന കല്ലുകള്‍ വലിയ ഗർത്തങ്ങളിലേക്ക് തെറിച്ച് വീ ഴും.

മുകളിലേയ്ക്ക് പോകും തോറും വശങ്ങളിലെ ആഴക്കാഴ്ച്ച ഭീതി ജനിപ്പിച്ചു.
പോകുന്ന വഴിയിൽ മുള്ളൻ പന്നികളും മുയലുകളുമൊക്കെ തേയിലക്കാടിനുള്ളിലേയ്ക്ക് മിന്നായം പോലെ കടന്നു പൊയ്ക്കൊണ്ടിരുന്നു. മുകളിൽ മഞ്ഞുമൂടിക്കിടക്കുന്ന മലയെ ലക്ഷ്യം വച്ച് പതിയെ തെറ്റിയും തെറിച്ചും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു, ദൂരെ മലനിരകളെ ഇടയ്ക്കിടെ ഒളിപ്പിച്ചും, പതിയെ തെളിഞ്ഞും കോടമഞ്ഞ് വീണുകൊണ്ടിരുന്നു. ഒപ്പം യാത്ര തുടങ്ങിയ പലരും പാതി വഴിയിൽ ശ്രമമുപേക്ഷിച്ച് തിരികെ പോകുന്നതു കണ്ടു. ഞങ്ങള്‍ക്ക് പിന്നാലെ യാത്ര തിരിച്ച ജീപ്പുകൾ പരിഹാസച്ചിരിയോടെ പൊടി പറത്തി കടന്നു പൊയ്ക്കൊണ്ടിരുന്നു.


ഓഫ് റോഡ് യാത്രയുടെ അപകടവും അതിലുപരി ആവേശവും നിഴലിച്ച മണിക്കൂറുകൾ. പാതയുടെ ചിലയിടത്താകട്ടെ മുന്നോട്ടുപോകുവാൻ വഴിയ്ക്കു പകരം ആഴത്തിലുള്ള കുഴികൾ മാത്രം, ചിലയിടത്ത് കയറുന്നതിനെക്കാൾ സ്പീഡിൽ തിരിച്ചിറങ്ങി വരുന്നുമുണ്ട്.
കൈക്കുഴയൊക്കെ വേദന കൊണ്ടമർന്നെങ്കിലും ലക്ഷ്യം കാണും വരെ അത് പ്രകടിപ്പിക്കുവാൻ മുതിർന്നില്ല. ഇടയ്ക്കിടെ പ്രതിധ്വനിക്കുന്ന ആനയുടെ അലർച്ച ഉള്ളിലൊരു ഭയം ജനിപ്പിച്ചെങ്കിലും ഒരുമിച്ച് തന്നെ അതിനെയൊക്കെ അവഗണിച്ച് മുന്നോട്ട് നീങ്ങി. അരിച്ചിറങ്ങുന്ന തണുപ്പ് യാത്രയെ കൂടുതൽ ദു:സ്സഹമാക്കി. പത്ത് കിലോമീറ്റർ ദൈർഘ്യം ഇത്രത്തോളമുണ്ടെന്ന് മനസ്സിലാക്കി തന്ന നിമിഷങ്ങൾ പതിയെ ഞങ്ങളെ ലക്ഷ്യത്തിലെത്തിച്ചു.

ഇത്ര ദൂരം വന്ന ഞങ്ങളുടെ ക്ഷീണം മാറ്റാന്‍ പര്യാപ്തമായിരുന്നു അവിടെ കണ്ട കാഴ്ചകൾ. പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യം മനസ്സിനെ കുളിർമ്മയുടെ ആനന്ദത്തിലാറാടിച്ചു. തൊട്ടുരുമ്മി നിൽക്കുന്ന അഞ്ചോളം മലനിരകൾ, പച്ച പുതച്ച താഴ് വാരം വനാന്തരത്തിന്‍റെ വശ്യസൗന്ദര്യം ഉയർത്തിക്കാട്ടുന്നു. താഴെ തേയിലത്തോട്ടങ്ങൾക്കു മുകളിലൂടെ പഞ്ഞിക്കെട്ടുപോലെ പറന്നു നടക്കുന്ന മേഘങ്ങൾ കണ്ണിന് പുത്തൻ അനുഭൂതിയായിരുന്നു.
താഴ് വാരത്തെ ചൂണ്ടി ഗൈഡ് എന്നു തോന്നിപ്പിക്കുന്നൊരാൾ തമിഴ് കലർന്ന മലയാളത്തിൽ ഏതൊക്കെയോ സിനിമ അവിടെയാണ് ഷൂട്ട് നടന്നതെന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം ഇവിടെയാണ് എന്നുമൊക്കെ ഉച്ചത്തിൽ വിവരിക്കുന്നത് കേട്ടു.

ഞങ്ങളെത്തിച്ചേർന്ന നേരമാകട്ടെ സൂര്യാസ്തമനമായിരുന്നു.
ആകാശത്തെയും, മലനിരകളെയും, മേഘക്കീറുകളെയും ചുവപ്പിച്ച് സൂര്യൻ മല മടക്കുകളിലേക്ക് ഊളിയിട്ടിറങ്ങുന്നത് പ്രകൃതിയെന്ന ചിത്രകാരൻ ക്യാൻവാസിലൊപ്പിയെടുത്ത കരവിരുതായി അനുഭവപ്പെട്ടു.
ചുവന്നു തുടുത്ത ആകാശത്തിന് ആരെയും മോഹിപ്പിക്കുന്ന വശ്യത.
അരിച്ചിറങ്ങുന്ന തണുപ്പ് സാഹചര്യത്തിന്‍റെ മാറ്റു കൂട്ടി. ജീവിതത്തിലിന്നു വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ സൂര്യാസ്തമനം ഇത് മാത്രമായി മാറി. തേയിലച്ചെടികളുടെ നെറുകയിൽ ചുംബിച്ച് കാത്തിരിക്കുവാൻ പറയാതെ പറഞ്ഞ് പോകുന്ന സൂര്യന്‍റെ മനോഹാരിത അവസാന കിരണവും മായും വരെ നോക്കി നിന്നു പോയി.
പക്ഷികൾ കൂട്ടത്തോടെ മലനിരകളിലെ മരങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരുന്നു, കൊളുക്കുമലയുടെ ഒരു വശം കേരളവും മറുവശം തമിഴ്നാടുമാണ്, താഴെ കണ്ണു ചിമ്മുന്ന പോലെ അങ്ങിങ്ങായി ചെറു വെളിച്ചം തെളിഞ്ഞു തുടങ്ങി.
ദുസ്സഹമായ യാത്രയുടെ കാഠിന്യം കൊണ്ടാകാം ഇത്രയും ദൃശ്യസൗന്ദര്യമുണ്ടായിരുന്നിട്ടു കൂടി സഞ്ചാരികൾ പൊതുവേ കുറവായിരുന്നു. അതിനാലാകണം പ്രകൃതി സൗന്ദര്യം കളങ്കമേൽക്കാതെ അതുപോലെ തന്നെ നിലകൊള്ളുന്നത്.

അന്തിച്ചോപ്പ് മങ്ങുമ്പോൾ തിരിച്ചിറങ്ങേണ്ടുന്ന വഴി കണ്മുന്നിൽ നേർത്തു നേർത്ത് ഇല്ലാതാകുന്നത് ആസ്വാദനത്തിന് തെല്ല് ഭംഗം വരുത്തിയെന്നു മാത്രം.

 

 

മാഹിന്‍ ഷാജഹാന്‍

കൊല്ലം ആയൂര്‍ അര്‍ക്കന്നൂര്‍ സ്വദേശിയായ മാഹിന്‍ ഷാജഹാന്‍ മെക്കാനിക്കല്‍ എന്‍ജിനീയറാണ്.ആനുകാലികങ്ങളിലും ഓണ്‍ലൈനുകളിലും യാത്രാ വിവരണം എഴുതാറുണ്ട്.