ദുബൈയില്‍ പൂന്തോപ്പായൊരു ഷോപ്പിംഗ് മാള്‍ 

ഷോപ്പിങ് മാള്‍ എന്ന സങ്കല്‍പ്പത്തിനെ പൊളിച്ചെഴുതാന്‍ ദുബൈ ഒരുങ്ങുകയാണ്.നിറയെ പൂക്കളും ചെടികളും നിറഞ്ഞു പ്രകൃതിയുമായി അടുത്തു നില്‍ക്കുന്ന ലോകത്തെ ആദ്യ ഷോപ്പിംങ് മാള്‍ നിര്‍മ്മിക്കുകയാണ് ദുബൈ. വര്‍ഷാവസാനത്തോടെ ദുബൈക്ക് മറ്റൊരു ലോക റെക്കോഡ് സമ്മാനിച്ചാവും ‘സിറ്റി ലാന്‍ഡ്’ എന്ന ഷോപ്പിംഗ് മാള്‍ തുറക്കുക.


ഒരു ചെറു ഉദ്യാനത്തിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് മാളിന് 120 കോടി രൂപയാണ് ചെലവ് വരുന്നത്. മാളിന്റെ ഒത്ത നടുവിലുള്ള സെന്‍ട്രല്‍ പാര്‍ക്ക് 2,50,000 ചതുരശ്ര അടിയിലാണ് ഒരുക്കിയിരിക്കുന്നത്. ചെടികളും പൂക്കളും കൊണ്ട് നിര്‍മ്മിക്കുന്ന പാര്‍ക്കിന് ചുറ്റും ഭക്ഷണശാലകളുണ്ടാകും.

സെന്‍ട്രല്‍ പാര്‍ക്കിനുള്ളിലേക്ക് ചെല്ലുമ്പോള്‍ നിരന്നു നില്‍ക്കുന്ന മരങ്ങളും ചെറുവെള്ളചാട്ടങ്ങളും കാണാം. ലോക രാജ്യങ്ങള്‍ തിരിച്ചുള്ള മാതൃകയില്‍ പ്രത്യേക വിഭാഗങ്ങള്‍ തിരിച്ചാണ് ഷോപ്പിനുള്ളിലെ കടകള്‍ സജ്ജീകരിച്ചിരിക്കുന്നത്.


ദുബൈ മിറക്കിളിന്റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് പുതിയ മാളിന്റെയും നിര്‍മ്മാതാക്കള്‍.
ദുബായ് ലാന്‍ഡില്‍ നിര്‍മിക്കുന്ന മാളില്‍ കാരിഫോര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, വോക്സ് സിനിമ, ഫാബി ലാന്‍ഡ് തുടങ്ങി കുടുംബങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളുമുണ്ടാകും.

പ്രമുഖ ബ്രാന്‍ഡുകളുള്‍പ്പെടെ നൂറിലധികം റീട്ടെയില്‍ സ്ഥാപനങ്ങളും 20 റെസ്റ്റോറന്റുകളും മാളിലുണ്ടാകും. നിര്‍മാണം 80 ശതമാനത്തോളം പൂര്‍ത്തിയായതായി സിറ്റി ലാന്‍ഡ് മാള്‍ അധികൃതര്‍ അറിയിച്ചു.