റോയല്‍ എന്‍ഫീല്‍ഡിനെതിരെ പുതിയ പരസ്യവുമായി ബജാജ്
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്റെ കുറവുകള്‍ വീണ്ടും ചൂണ്ടിക്കാട്ടി പുതിയ പരസ്യവുമായി ബജാജ്. ആനയെ പോറ്റുന്നത് നിര്ത്തു എന്ന പരസ്യ സീരിസിന്റെ നാലാമത്തെ പരസ്യമാണ് ബജാജ് പുറത്തിറക്കിയത്. ഇത്തവണ ഡോമിനര്‍ കളിയാക്കുന്നത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വെളിച്ച കുറവിനെയാണ്. ഹെഡ് ലൈറ്റിന് വെളിച്ചം കുറവുള്ള ബൈക്ക് ഓടിച്ച് ഇരുട്ടില്‍ തപ്പാതെ എല്‍.ഇ.ഡിയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുള്ള ബജാജ് ഡോമിനാര്‍ സ്വന്തമാക്കൂ എന്നാണു പരസ്യം.
റോയല്‍ എന്‍ഫീല്‍ഡ് ആനയാണെന്ന് പറയാതെ പറഞ്ഞ് ബജാജ് പുറത്തിറക്കിയ പരസ്യം ഏറെ വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും വിധേയമായിരുന്നു. പരിപാലനചിലവ് കൂടുതലുള്ള ആനയെ മാറ്റി വേഗവും സ്റ്റൈലുമുള്ള ഡോമിനര്‍ സ്വന്തമാക്കൂ എന്നു പറയുന്ന ബജാജിന്റെ ഈ പരസ്യം എന്‍ഫീല്‍ഡ് ആരാധകരുടെ പരിഹാസം കണക്കിന് ഏറ്റുവാങ്ങിയിരുന്നു. അതിനെ തുടര്‍ന്ന് മൂന്നു പരസ്യങ്ങളാണ് കമ്പനി പുറത്തിറക്കിയത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെക്കുറിച്ചുള്ള പ്രധാന പരാതികള്‍ ചൂണ്ടിക്കാട്ടി ഡോമിനറിന്റെ മേന്മയെയാണ് ഈ പരസ്യങ്ങളിലൂടെ ബജാജ് ഉയര്‍ത്തിക്കാട്ടുന്നത്.
ഡോമിനറിന്റെ 2018 ശ്രേണി അടുത്തിടെ ബജാജ് പുറത്തിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കമ്പനി ബുള്ളറ്റിനെ കളിയാക്കി പരസ്യങ്ങള്‍ പുറത്തിറക്കിയത്. ബുള്ളറ്റിനെ പ്രത്യക്ഷത്തില്‍ ഉപയോഗിക്കാതെ ആ ശബ്ദവും ബുള്ളറ്റ് റൈഡര്‍മാര്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റും മറ്റു ആക്സസറീസും ഉപയോഗിച്ചാണ് ബജാജ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.