രണ്ടു സംസ്ഥാനങ്ങള്‍: ടൂറിസം വികസന ലക്ഷ്യവുമായി രണ്ടു വനിതകള്‍
സ്വന്തം സംസ്ഥാനത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കാന്‍ പുത്തന്‍ പദ്ധതികളുമായി രണ്ടു വനിതാ മന്ത്രിമാര്‍. ആന്ധ്രയിലെ ടൂറിസം മന്ത്രി അഖിലപ്രിയയും ജമ്മു കശ്മീരിലെ ടൂറിസം സഹ മന്ത്രി പ്രിയാ സേഥിയുമാണ് ഇവര്‍. ഇരുവരും വികസന സ്വപ്‌നങ്ങള്‍ ടൂറിസം ന്യൂസ് ലൈവിനോട് പങ്കുവെച്ചു.
ലക്‌ഷ്യം ടൂറിസത്തില്‍ ആന്ധ്ര നമ്പര്‍ വണ്‍
ആന്ധ്രാ പ്രദേശിനെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അഖില പ്രിയ പറയുന്നു.973 കിലോമീറ്റര്‍ തീരദേശമുള്ള ആന്ധ്രക്ക് ടൂറിസം വികസനത്തില്‍ വലിയ സാധ്യതയാണ്. വെള്ളച്ചാട്ടങ്ങളും നിരവധി ക്ഷേത്രങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകുന്നതാണ്. ആന്ധ്രാ ഭക്ഷണവും നൃത്തവും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാവുമെന്നതില്‍ സംശയമില്ലന്നും അഖിലപ്രിയ പറഞ്ഞു.
ഓസ്ട്രേലിയന്‍ സര്‍വകലാശാലയില്‍ നിന്നും എംബിഎ നേടിയ അഖിലപ്രിയ അമ്മ ഭൂമ ശോഭ നാഗി റെഡ്ഡി അപകടത്തില്‍ മരിച്ചതിനെതുടര്‍ന്നാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. അച്ഛന്‍ ഭൂമി നാഗി റെഡ്ഡി ആന്ധ്രയിലെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു.
സ്ത്രീകള്‍ ഇന്നും വിവേചനം നേരിടുന്നുണ്ട്. രാഷ്ട്രീയത്തിലായാലും ഭരണത്തിലായാലും- ഉദാഹരണം താന്‍ തന്നെയെന്നും അഖിലപ്രിയ പറയുന്നു.
ലക്‌ഷ്യം ജമ്മു കശ്മീര്‍ റീ ബ്രാന്‍ഡിംഗ്
ജമ്മുകശ്മീരിനെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി റീ ബ്രാന്‍ഡ് ചെയ്യുകയാണ് ലക്ഷ്യമെന്ന് ടൂറിസം സഹമന്ത്രി പ്രിയാ സേഥി പറയുന്നു. ഭീകരതക്ക് ഞങ്ങളെ പിന്നോട്ടടിക്കാനാവില്ല.സംസ്ഥാനത്തിന്‍റെ ടൂറിസം സാധ്യതകള്‍ വിപണനം ചെയ്തെ മതിയാവൂ.മോശം പ്രചാരണങ്ങള്‍ മൂലം സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലക്ക് കഴിഞ്ഞ കാലങ്ങളില്‍ തിരിച്ചടിയുണ്ടായി.ഭീകരതയെ ഇപ്പോള്‍ നിയന്ത്രിക്കാനായി.ബംഗളൂരുവിലും ചെന്നൈയിലും ഹൈദരാബാദിലും റോഡ് ഷോയും നടത്തി. ജമ്മു കശ്മീര്‍ ടൂറിസത്തിന് പ്രധാനമന്ത്രി പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും പ്രിയാ സേഥി.
സംസ്ഥാനത്ത് മഹിളാ മോര്‍ച്ച അധ്യക്ഷയായിരുന്നു പ്രിയാ സേഥി.