വാല്‍പ്പാറ യാത്രാനുഭവം
തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഒരു യാത്രപോയാലോ? അത്തരം യാത്രക്ക് പറ്റിയ ഇടമാണ് വാല്‍പ്പാറ. മനോരമ, മാതൃഭൂമി, ഇന്ത്യാവിഷന്‍ ചാനലുകളില്‍ ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ച തങ്കം തോമസ് വലിയവീട് വാല്‍പ്പാറ യാത്രയെക്കുറിച്ച് എഴുതുന്നു
ചില സ്ഥലങ്ങളെക്കുറിച്ചുള്ള കേട്ടറിവുകള്‍ നമ്മെ വല്ലാതെ ഭ്രമിപ്പിക്കും. ഒരിക്കലെങ്കിലും ഒന്നു പോകാന്‍ കൊതിപ്പിക്കുന്ന ഇടങ്ങള്‍. അങ്ങനെ ഒരിടമാണ് വാല്‍പ്പാറ. അത്യാവശ്യം നല്ല ബഹളക്കാരിയാണ് ഞാനെങ്കിലും യാത്ര ചെയ്യാനിഷ്ടം, വനത്തിന്‍റെ നിഗൂഢ സൗന്ദര്യത്തിലേക്കാണ്. വല്ലപ്പോഴുമൊക്കെ നമ്മോടു തന്നെ ഒന്നു സംസാരിക്കാന്‍ പ്രേരിപ്പിക്കുന്ന ഇടങ്ങളിലേക്ക് ഒരു ഒളിച്ചോട്ടം. വാല്‍പ്പാറയിലേക്കുള്ള ഒളിച്ചോട്ടം പലതവണ പ്ലാന്‍ ചെയ്തെങ്കിലും നടന്നില്ല. ചാലക്കുടിയില്‍ നിന്ന് ബസില്‍ പോകാനായിരുന്നു പദ്ധതിയെങ്കിലും സുഹൃത്തുക്കളും കൂടെക്കൂടാന്‍ തയ്യാറായതോടെ കാറിലാക്കി യാത്ര. വനപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ കാടിന്‍റെ നിശബ്ദതയെ ആദരിക്കുന്നവര്‍ക്ക് ഒപ്പം വേണം പോകാന്‍. സുഹൃത്തുക്കള്‍ എല്ലാവരും കാടിനെ നന്നായി അറിയുന്നവരായിരുന്നു. ഓരോ മരവും ഓരോ കിളിയും അവര്‍ക്ക് സുപരിചിതം.
കൊച്ചിയില്‍ നിന്ന് രാവിലെ 5 മണിയോടെ നാല്‍വര്‍ സംഘം യാത്രപുറപ്പെട്ടു. ഒറ്റ സ്ട്രെച്ചില്‍ അടിച്ചു വിട്ട് വാല്‍പ്പാറയില്‍ എത്തണമെന്ന് ഉദ്ദേശമില്ലാത്തതിനാല്‍ വഴിയിലെ നല്ല കാഴ്ചകളിലേക്കൊക്കെ ഞങ്ങളിറങ്ങിച്ചെന്നു. ചാലക്കുടിയും അതിരപ്പള്ളിയും കടന്ന് കാര്‍ നീങ്ങിയപ്പോഴേക്കും പശ്ചിമഘട്ടത്തിലെ മഴക്കാടുകള്‍ അതിന്‍റെ സകല സൗന്ദര്യവും കൊണ്ട് ഞങ്ങളെ അതിശയിപ്പിച്ചു. സങ്കടപ്പെടുത്തിയത് തുടര്‍ച്ചയായി ഹോണടിപ്പിച്ച് മൃഗങ്ങളെ വിരട്ടിയോടിക്കുകയും, നാട്ടിലെ ചവറെല്ലാം കാട്ടില്‍ തള്ളുകയും ചെയ്ത സംസ്കാരസമ്പന്നരായ യാത്രികരായിരുന്നു.
ഇല്ലിക്കൂട്ടത്തില്‍ മറഞ്ഞു നിന്ന ചെറുകൊമ്പന്‍ ആയിരുന്നു ആദ്യ സന്തോഷം. അവന്‍റെ മൃഷ്ടാന്നഭോജനത്തിന് തടസമുണ്ടാക്കാതെ ഞങ്ങള്‍ മുന്നോട്ടു നീങ്ങി. ചൂളക്കാക്ക, കോഴിവേഴാമ്പല്‍, ഫോട്ടോയ്ക്ക് പോസ് ചെയ്ത് സന്തോഷിപ്പിച്ച മലയണ്ണാനിണകള്‍, വാനരക്കൂട്ടം, കാട്ടുപോത്തിന്‍കൂട്ടം എന്നിങ്ങനെ വന്യജീവികള്‍ അവരുടെ ആവാസവ്യവസ്ഥയില്‍ സന്തോഷപൂര്‍വ്വം കഴിയുന്നു. ഇടയ്ക്ക് അതിരപ്പള്ളി വനമേഖലയിലെ ആദിവാസി സമൂഹത്തില്‍ പെട്ട ചിലര്‍ മീന്‍ പിടിക്കുന്നത് കണ്ടു. കൂട്ടുകാരിക്ക് അവരെ പരിചയപ്പെടണമെന്ന് പറഞ്ഞെങ്കിലും അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന ആശങ്കയാല്‍ ആ ശ്രമം വേണ്ടെന്നു വച്ചു. മനുഷ്യരുടെ സ്വകാര്യതകള്‍ മാനിക്കപ്പെടണമല്ലോ?.
രാവിലെ എട്ടരയോടെ അതിരപ്പള്ളിക്കും മലക്കപ്പാറക്കും ഇടയില്‍ എവിടെയോ ഉള്ള ചെറുഗ്രാമത്തില്‍ എത്തി. വിശപ്പിന്‍റെ വിളിയുണ്ടായിരുന്നെങ്കിലും ചായയില്‍ ഒതുക്കാം എന്ന് തീരുമാനിച്ചു. രണ്ടു ചായക്കടകള്‍, ഒരെണ്ണം ആ നാട്ടിന്‍ പുറത്തെ അത്യാവശ്യം നല്ല ഹോട്ടല്‍ ആണ്, മറ്റൊന്ന് തീരെ ചെറിയ കട, ഇത്തിരി പ്രായമായ ആളാണ് കച്ചവടക്കാരന്‍, പരസ്നേഹം കൂടുതലായതുകൊണ്ട് ചെറിയ കടേലെ ചേട്ടന്‍റെന്ന് ചായവാങ്ങി.ദുരന്തം ഇരന്നു വാങ്ങിയെന്നു പറഞ്ഞാല്‍ മതി. എന്ത് പൊടി കലക്കിയാണ് തന്നതെന്ന് അറിയില്ല തൊണ്ടയില്‍ നിന്ന് ഇറങ്ങുമ്പോഴേക്കും തുടങ്ങി വയറ്റില്‍ അസ്വസ്ഥത. പാഠം ഒന്ന്- കൊള്ളാവുന്ന കടേല്‍ കയറി മാത്രം യാത്രകളില്‍ ഭക്ഷണം കഴിക്കുക. പാഠം രണ്ട്- പരസ്നേഹപ്രവൃത്തിക്ക് അധികം പോകരുത്. കര്‍പ്പൂരാദി ഗുളിക കയ്യില്‍ ഉണ്ടായിരുന്നതു കൊണ്ട് തല്ക്കാല ആശ്വാസമായി.
കിട്ടിയ പണി ബഹുമതിയായി വാങ്ങിച്ച് ഞങ്ങളുടെ ബ്ലൂ സ്വിഫ്റ്റ് മലക്കപ്പാറ ലക്ഷ്യമാക്കി കുതിച്ചു. മലക്കപ്പാറയില്‍ എത്തിയപ്പോള്‍ മനസില്‍ ഓര്‍മ വന്നത് പുലി പിടിച്ചു കൊണ്ടുപോയ 11 കുഞ്ഞുങ്ങളെ ആണ് .2014 ലെ ഒരു വനിത മാഗസിനില്‍ വന്ന റിപ്പോര്‍ട്ട് അന്നേ മനസിനെ വേദനിപ്പിച്ചിരുന്നു. സുന്ദരമായ പ്രകൃതിക്കു പോലുമുണ്ടല്ലോ ക്രൂരമായ മറ്റൊരു വശം. വെറുതെ അവിടെ കണ്ടു മുട്ടിയ ചിലരോടൊക്കെ സംസാരിച്ചു. മോപിയ എന്ന ബംഗാളി സുഹൃത്തില്‍ നിന്ന് പഠിച്ചതാണ് ആ പാഠം. ഏതു സ്ഥലത്തുപോയാലും അവിടുത്തെ സാധാരണക്കാരുമായി ഇടപഴകണം. എങ്കിലെ യാത്രകള്‍ക്ക് അര്‍ത്ഥമുണ്ടാകൂ എന്നാണ് അവളുടെ പക്ഷം. മലക്കപ്പാറയില്‍ നിന്നായിരുന്നു ബ്രേക്ക്ഫാസ്റ്റ്. ചായയുടെ ക്ഷീണം തീര്‍ക്കാന്‍ പോന്നത്ര നല്ല ഭക്ഷണം.
പിന്നെ കിളിപ്പാട്ടും മുളങ്കൂട്ടത്തിന്‍റെ സംഗീതവും കേട്ട് വാല്‍പ്പാറയിലേക്ക്. വാല്‍പ്പാറ പട്ടണത്തിന് പുറത്താണ് ഞങ്ങള്‍ താമസിക്കാന്‍ തിരഞ്ഞെടുത്ത എസ്റ്റേറ്റ് ബംഗ്ലാവ്. ഹെര്‍മോന്‍ എസ്റ്റേറ്റ് എന്നാണ് പേര്.മുമ്പൊരിക്കല്‍ വാല്‍പ്പാറ സന്ദര്‍ശനത്തിനിടെ വഴിതെറ്റി കൂട്ടുകാര്‍ എത്തിപ്പെട്ടതാണ് ആ എസ്റ്റേറ്റില്‍. രണ്ടു മുറികളും ഡൈനിങ് ഏരിയയും വിശാലമായ വരാന്തയും ഉള്ള ഒരു കോട്ടേജും, ഡോര്‍മിറ്ററിയുള്ള വിശാലമായ മറ്റൊരു കെട്ടിടവുമാണ് ഇവിടെയുള്ളത്
ഭക്ഷണം വേണമെങ്കില്‍ വച്ചു തരും, ഞങ്ങളെ കൂടാതെ അവിടെ തമിഴ്നാട്ടില്‍ നിന്നു വന്ന സഞ്ചാരികളുടെ വലിയ സംഘവും ഉണ്ടായിരുന്നു. മനോഹരമായ ഇടം. തേയില തോട്ടങ്ങളും തടാകവും അതിരിട്ടു നില്ക്കുന്ന എസ്റ്റേറ്റ് ബംഗ്ലാവ് ഏതോ സായിപ്പ് ബാക്കി വച്ചു പോയതാകണം. ബാഗ് മുറിയില്‍ നിക്ഷേപിച്ച് ഞങ്ങള്‍ നടക്കാനിറങ്ങി. ഷിഫ്റ്റും, ബ്രേക്കിങ് ന്യൂസും ഒന്നും തലയ്ക്ക് പിടിക്കാതെ, മൊബൈലിന് റേഞ്ച് പോലും ഇല്ലാത്ത ഒരിടത്ത് ആയിരിക്കുന്നതിന്റെ സുഖം. തണുത്ത കാറ്റും തൂളുന്ന മഴയും, കുത്തനെ ഇറക്കമാണ് തടാകക്കരയിലേക്ക്. നാലും കൂടി നിരങ്ങിയും വടികുത്തിയും അവിടെ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് മുമ്പേ സന്ദര്‍ശകര്‍ എത്തിയതിന്റെ അവശേഷിപ്പുകള്‍. ചൂടുമാറാത്ത ആനപ്പിണ്ടം, അതു വരെ ആന, കാട്, പ്രകൃതി സ്നേഹം എന്നൊക്കെ പറഞ്ഞ എന്‍റെ കാറ്റ് ആരു കൊണ്ടു പോയെന്ന് അറിയില്ല, ഇനിയും ആന വന്നാലോ?. വെള്ളത്തില്‍ കളിക്കും ഫോട്ടോയെടുക്കല്‍ മഹാമഹത്തിനും ഇടയില്‍ ഞാന്‍ പാളി നോക്കുന്നുണ്ടായിരുന്നു ആനയെങ്ങാനും…
അപ്പോഴാണ് മലയോരത്തെ തേയിലക്കാട്ടില്‍ നിന്ന് ഒച്ചയും വിളിയുമൊക്കെ കേട്ടത്, ആനയാണോ, അല്ല കാട്ടുപോത്തിന്‍ കൂട്ടമാണ്.കുട്ടിയുമായി ഒരു തള്ളയുണ്ട് ആ കൂട്ടത്തില്‍. ഏറ്റവും അപകടകാരി കുഞ്ഞുകൂടെയുള്ള അമ്മയാണല്ലോ. ഇങ്ങോട്ടു വന്നാലോ എന്ന ആത്മഗതവുമായി ഞങ്ങള്‍ വലിഞ്ഞു.
പിന്നെ വാല്‍പ്പാറ ടൌണ്‍ കാണാനിറങ്ങി. ചെറു പട്ടണമാണ് വാല്‍പ്പാറ. തമിഴ്നാട്ടിലെ ഏതൊരു പട്ടണത്തെയും പോലെ അമ്പലങ്ങളും ഇടുങ്ങിയ വഴികളും കര്‍പ്പൂരവും കഴുതച്ചാണകവും ഒരു പോലെ മണക്കുന്ന തെരുവുകളും ഒക്കെയായി . പട്ടണമധ്യത്തില്‍ നിന്ന് ഒരു ചോല ഉത്ഭവിക്കുന്നുണ്ട്. കടുംവര്‍ണങ്ങള്‍ വാരിപ്പുതച്ച് തീപ്പെട്ടി കൂടുകള്‍ അടുക്കിയ പോലെയുള്ള വീടുകള്‍ക്കിടയിലൂടെ പതഞ്ഞൊഴുകുന്ന ചെറുവെള്ളച്ചാട്ടം കാണാന്‍ മനോഹരമായിരുന്നു. നേര്‍ത്ത മഴ അപ്പോഴും പെയ്തുകൊണ്ടിരുന്നു.
ചന്തയില്‍ കയറി മാങ്ങ ഓറഞ്ച് തുടങ്ങിയ ആഹാര സാധനങ്ങല്‍ സംഭരിച്ചും, കമ്പിളി തൊപ്പികള്‍ വാങ്ങിയും തെണ്ടിത്തിരിഞ്ഞ് ക്ഷീണിച്ചപ്പോള്‍ ഭക്ഷണം കഴിക്കാനായി കയറിയത് മലയാളിക്കടയിലാണ്. വൈകിട്ടത്തേക്ക് കൂടിയുള്ള ഭക്ഷണം പൊതിഞ്ഞെടുത്ത് നേരെ കുരങ്ങുമലയിലേക്ക്. വഴിയരികില്‍ ഒരു ഭീമന്‍ കാട്ടുപോത്ത് ആരേയും കൂസാതെ മേയുന്നു.
യാത്രാക്ഷീണം അലട്ടിയെങ്കിലും കയ്യില്‍ കിട്ടിയ ചുള്ളിയൊക്കെ പെറുക്കികൂട്ടി ക്യാംപ് ഫയറുണ്ടാക്കി അതിനു ചുറ്റുമിരുന്ന് വെടിവട്ടം. ഉറക്കത്തെ ഇനിയും പിടിച്ചു നിര്‍ത്താനാവില്ല എന്നു വന്നപ്പോള്‍ എല്ലാവരും മാളങ്ങളില്‍ കയറി. പുറത്ത് വനം ജീവിതം തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു. മരക്കൊമ്പുകള്‍ ഒടിയുന്നതും കാറ്റുവീശുന്നതും ചീവീടിന്‍റെ കോറസും ഒക്കെയായി രാത്രി ശബ്ദായമാനമായിരുന്നു.
പിറ്റേന്നു രാവിലെ ഷോളയാര്‍ ഡാമിലേക്ക് വച്ചുപിടിച്ചു. രാജവെമ്പാലകള്‍ ധാരാളമുണ്ടത്രേ ആ പ്രദേശത്ത്. കാര്യമായി വെള്ളമിലാത്ത ഡാമില്‍ നിന്ന് ബോറടിച്ചപ്പോഴാണ് റോഡരികിലെ കുറ്റിക്കാട്ടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട ലോറി കണ്ടത്. അപൂര്‍വമായ ഫോട്ടോയ്ക്കുള്ള ചാന്‍സ് എന്തിനു കളയണം. ചാഞ്ഞും ചരിഞ്ഞും ഫോട്ടോയെടുക്കല്‍ മഹാമഹം തുടരുന്നതിനിടെ സെക്യൂരിറ്റിക്കാരന്‍ പറഞ്ഞു. രാജവെമ്പാലയുണ്ട് ലോറിക്കടിയില്‍. കൂട്ടത്തിലെ മൂന്നുപേര്‍ അസാമാന്യ ധൈര്യശാലികളായതു കൊണ്ട് ഞാനും അതു കേട്ടില്ലെന്ന് വച്ചു. രാജവെമ്പാല പോയിട്ട് ഒരു ചേരക്കുഞ്ഞിനെ പോലും കണ്ടില്ല.
എല്ലായിടത്തും നമ്മള്‍ചില ചായക്കടകള്‍ കണ്ടെത്തും, ഹെര്‍മോന്‍ എസ്റ്റേറ്റിലേക്ക് തിരിയുന്നിടത്ത് ചെറിയ ചായക്കടയുണ്ട്, തടിപ്പലകയൊക്കെ അടിച്ച ഒന്ന്. പലതവണ ആനക്കലിക്ക് ഇരയായിട്ടുള്ള ആ ചെറിയ കട കാണാനും നല്ല ഭംഗിയാണ്. ചായക്കും നൂറു മാര്‍ക്ക്.തിരിച്ചെത്തിയപ്പോള്‍ എസ്റ്റേറ്റ് ബംഗ്ലാവിലെ തേയിലത്തോട്ടത്തില്‍ പണിയെടുക്കുന്ന ചേച്ചിമാരോട് അല്പം സൊറ.പിന്നെ കൊളുന്തു നുള്ളലില്‍ ചെറു പരിശീലനവും ഫോട്ടോസെഷനുമായി ഞങ്ങള്‍ അരങ്ങു കൊഴുപ്പിച്ചു.
അടുത്ത ദിവസം മടക്കയാത്ര പൊള്ളാച്ചി വഴിക്കാക്കി.രണ്ടു ഫീലാണ് അതിരപ്പള്ളി വഴിക്കും,പൊള്ളാച്ചി വഴിക്കും ഉള്ളത്. വെള്ളച്ചാട്ടവും ചുരവുമൊക്കെ കടന്ന് പാണ്ടിക്കാറ്റിന്റെ ആലിംഗനത്തിലമര്‍ന്നുള്ള മടക്കയാത്ര പക്ഷെ സങ്കടത്തോടെ ആയിരുന്നു. രണ്ടു ദിവസം അനുഭവിച്ച സന്തോഷത്തെ അങ്ങനെ അങ്ങ് ഉപേക്ഷിക്കാന്‍ കഴിയില്ലല്ലോ. വാല്‍പ്പാറ പൊള്ളാച്ചി റൂട്ടില്‍ ഒരു ചെറിയ ചായക്കടയുണ്ട്. നല്ല ചൂടുവടയും രസികന്‍ ഇഞ്ചിച്ചായയും നല്കുന്ന കട.. കുത്തിക്കയറുന്ന തണുപ്പില്‍ അവിടുത്തെ ചെറു കുടകള്‍ക്ക് കീഴിലിരുന്ന് മഴയാസ്വദിച്ച് ചായ ഊതിയൂതി കുടിക്കണം.. വിട്ടു പോരാന്‍ തോന്നാത്തവിധം നിങ്ങളെ ബന്ധനത്തിലാക്കും ഈ ചെറു പട്ടണം.
വരുന്ന വഴിയില്‍ കാട്ടുപോത്തിനെ കണ്ടതോടെ ധൈര്യശാലികള്‍ക്ക് നിര്‍ബന്ധം അതിന്‍റെ അടുത്തു പോയി കാണണമെന്ന്, മാധ്യമപ്രവര്‍ത്തക കാട്ടുപോത്തിന്‍റെ കുത്തേറ്റ് മരിച്ചു എന്ന് കേള്‍ക്കാന്‍ താല്പര്യമില്ലാത്തതു കൊണ്ട് ഞാന്‍ ദൂരെ മാറി നിന്നു. ബാക്കി മൂന്നും കൂടി പോത്തിനടുത്തുപോയി ഫോട്ടോ പിടുത്തവും, വീഡിയോ എടുക്കലും. ഇതെത്ര കണ്ടതാ എന്ന മട്ടില്‍ പോത്ത് മൂന്നിനേം ഗൌനിച്ചില്ല. ഒരു വിധത്തില്‍ പിടിച്ചു വലിച്ചാണ് കാട്ടുപോത്ത് ഗവേഷകരെ കാറില്‍ കയറ്റിയത്. രാവിലെ 5 മണി ഷിഫ്റ്റുള്ള എനിക്ക് തിരുവനന്തപുരത്ത് സമയത്ത് എത്താനുള്ള പരവേശം അവര്‍ക്കുണ്ടോ മനസിലാകുന്നു
പൊള്ളാച്ചി റൂട്ടില്‍ ചുരമിറങ്ങി വരുമ്പോഴുള്ള കാഴ്ച മനോഹരമാണ്. വെള്ളത്തിന്‍റെ പേരില്‍ നമ്മളും തമിഴരും മല്ലുപിടിക്കുന്ന ആളിയാര്‍ ഞാനൊരു പാവമല്ലേ എന്ന മട്ടില്‍ ശാന്തമായി കിടക്കുന്നത് ഈ ചുരം സമ്മാനിക്കുന്ന സുന്ദരകാഴ്ചയാണ്. ഓരോ ഹെയര്‍പിന്നുകള്‍ പിന്നിടുമ്പോഴും നമ്മെ ചൂഴ്ന്നു നില്ക്കുന്ന തണുപ്പ് പതിയെ വിടപറയും. പിന്നെ അതിരിട്ടു നില്ക്കുന്ന സഹ്യന് നമോവാകം ചൊല്ലി പാലക്കാടും കുതിരാനും കടന്ന് കൊച്ചി വഴി തിരുവനന്തപുരത്തേക്ക്. രാത്രി ഒരു മണിക്ക് ഫ്ലാറ്റില്‍ തിരിച്ചെത്തുമ്പോള്‍ മനസു പറഞ്ഞു ഇനിയും പോകണം, പോയി ഒളിച്ചിരിക്കണം വാല്‍പ്പാറയുടെ നിഗൂഢസൌന്ദര്യത്തിലേക്ക്.