News

പരസ്യം കുറയ്ക്കൂ; സൗകര്യം കൂട്ടൂ. നിര്‍ദേശവുമായി പാര്‍ലമെണ്ടറി സമിതി

ന്യൂഡല്‍ഹി : ടൂറിസം പ്രോത്സാഹനത്തിനു പരസ്യമല്ല സൗകര്യം വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്ന് പാര്‍ലമെണ്ടറി സമിതി. പരസ്യങ്ങളിലൂടെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ടൂറിസം മന്ത്രാലയ നിര്‍ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് സമിതി ശുപാര്‍ശ. തൃണമൂല്‍ അംഗം ഡെറിക് ഒബ്രിയന്‍ അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്.
വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പണം ചെലവഴിക്കുന്നത് കരുതലോടെ വേണം. പണം ചെലവഴിക്കേണ്ടത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാനാവണമെന്ന് റിപ്പോര്‍ട്ടിലുണ്ട്.
വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ 454.25 കോടി രൂപയാണ് നടപ്പ് വര്‍ഷം കേന്ദ്രബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. മുന്‍വര്‍ഷം ഇത് 297.59കോടി രൂപയായിരുന്നു.
വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ ടൂറിസം വികസന ഓഫീസുകളുടെ ആവശ്യമുണ്ടോ എന്ന കാര്യം പുനപ്പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യമുണ്ട്. റിപ്പോര്‍ട്ട് ഇരുസഭകളുടെയും മേശപ്പുറത്തു വെച്ചു.