Kerala

ഗള്‍ഫിലെ ലോട്ടറികള്‍ മലയാളികള്‍ക്ക്

പ്രബിന്‍ തോമസ്‌ സമ്മാനവുമായി

ഗള്‍ഫ്‌ രാജ്യങ്ങളില്‍ നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളായി മലയാളികള്‍. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ കേരളത്തിൽ നിന്നുള്ള പ്രബിൻ തോമസ് ഒന്നാം സമ്മാനം കരസ്ഥമാക്കി. ഒരു മില്യൺ യുഎസ് ഡോളറാണ് (6,49,95,000 രൂപ) സമ്മാനം.

കേരളത്തിൽ ഐടി ഉൽപ്പനങ്ങളുടെ വിൽപ്പന നടത്തുകയാണ് നാൽപ്പതുകാരനായ പ്രബിൻ. തിങ്കളാഴ്ച അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തിരുവനന്തപുരം സ്വദേശിക്ക് 12 കോടി രൂപ അടിച്ചിരുന്നു. തിരുവനന്തപുരം വെട്ടുകാട് സ്വദേശി തൻസി‌ലാസ് ബിബിയൻ ബാബുവിനാണ് ബംബര്‍ അടിച്ചത്. 265 സീരീസിലെ 0471 എന്ന ടിക്കറ്റാണ് പ്രബിന് ഭാഗ്യം കൊണ്ടുവന്നത്.

തന്‍സിലാസ് ബിബിയന്‍ ബാബു

നാട്ടിൽ നിന്നും ലോട്ടറി ടിക്കറ്റുകൾ എടുക്കാറുണ്ടെങ്കിലും വിദേശത്തുനിന്ന് ആദ്യമായാണ് ഒരു നറുക്കെടുപ്പിൽ പങ്കെടുത്തത്. ഓൺലൈൻ വഴിയാണ് പ്രബിൻ ഭാഗ്യം പരീക്ഷിച്ചത്. അത് വിജയിക്കുകയും ചെയ്തു. നിലവിലുള്ള നെറ്റ്‍വർക്കിങ് ബിസിനസ് കൂടുതൽ വിപുലമാക്കുക, ചെറിയൊരു സോഫ്റ്റ്‍വെയർ കമ്പനി തുടങ്ങുക തുടങ്ങിയവയാണ് പ്രബിന്‍റെ ആഗ്രഹങ്ങള്‍.

തൻസി‌ലാസ് ബിബിയൻ ബാബുവിന് 030202 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 57 കാരനായ തൻസിലാസ് ദുബായ് എമിറേറ്റ്സ് എയർലൈന്‍സിൽ 26 വർഷമായി ജോലി ചെയ്തു വരികയാണ്. ദുബായ് ഖിസൈസിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഇതിനു മുമ്പ് ഒരുപാട് തവണ അബുദാബി ബിഗ് ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും ഭാഗ്യം കടാക്ഷിച്ചത് ഇപ്പോഴാണ്.