ഇതാണ് ആ ക്ഷേത്രം: ഭരണ സമിതിക്ക് പറയാനുള്ളത്
നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്ററിനു മറുപടിയുമായി മൈനാപ്പള്ളില്‍ ക്ഷേത്ര കമ്മിറ്റി. പോസ്റ്ററില്‍ പറയുംപോലെ ഇവിടെ ആര്‍ക്കും വിവേചനമില്ല. എല്ലാവരും ചേര്‍ന്നാണ് ക്ഷേത്രകാര്യങ്ങളും ഉത്സവവും നടത്തുന്നത്. പിന്നാക്ക വിഭാഗത്തില്‍ പെട്ട ബാലന്‍ ആയിരുന്നു അടുത്തകാലം വരെ ക്ഷേത്ര കമ്മിറ്റി ട്രഷറര്‍. കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ജാതി നോക്കിയല്ല.
അടൂരിനും പന്തളത്തിനും ഇടയ്ക്കുള്ള സ്ഥലമാണ് പെരുംപുളിക്കല്‍. അവിടെയാണ് മൈനാപ്പള്ളില്‍ ശ്രീ അന്നപൂര്‍ണേശ്വരി ക്ഷേത്രം. ആരാണ് പോസ്റ്ററിന് പിന്നില്‍ എന്നറിയില്ല. ക്ഷേത്രം എല്ലാ വിശ്വാസികള്‍ക്കും തുറന്നിട്ടിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസികള്‍ അടക്കം താമസിക്കുന്ന ഏഴു കരകളാണ് ഉത്സവം നടത്തുന്നത്. ഒരു കോടിയോളം രൂപ ചെലവില്‍ അടുത്തകാലത്താണ് ക്ഷേത്രം നവീകരിച്ചത്. ഈ വളര്‍ച്ചയില്‍ അസൂയയുള്ളവരാകാം പോസ്റ്ററിനു പിന്നിലെന്ന് ക്ഷേത്രം മാനേജര്‍ രാജശേഖരക്കുറുപ്പ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പോസ്റ്ററില്‍ പറയും പോലെ ഹിന്ദു കരയോഗ സേവാസമിതി പെരുംപുളിക്കലില്‍ ഇല്ല.
നിലവിലെ ക്ഷേത്ര കമ്മിറ്റിയുടെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതെന്നും ക്ഷേത്രം മാനേജര്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ടു നാട്ടുകാരുടെ പ്രതികരണത്തിനും ടൂറിസം ന്യൂസ് ലൈവ് ശ്രമിക്കുന്നുണ്ട്. വിവരങ്ങള്‍ കിട്ടുന്ന മുറക്ക് ഈ വാര്‍ത്ത പുതുക്കുമെന്ന് വായനക്കാരെ അറിയിക്കുന്നു