ദോഹ മെട്രോയ്ക്കായി ജപ്പാനില്‍ നിന്ന് 24 ട്രെയിനുകള്‍
ഗതാഗത മേഖലയില്‍ പുതിയ വിപ്ലവത്തിന് മാറ്റം കുറിക്കുന്ന ദോഹ മെട്രോ പരീഷണ ഓട്ടം നടത്തുന്നു.ദോഹ മെട്രോയ്ക്കായി ഉപയോഗിക്കുന്ന 75 തീവണ്ടികളില്‍ 24 തീവണ്ടികള്‍ നേരത്തെ തന്നെ ഡിപ്പോയില്‍ എത്തി. കപ്പല്‍ മാര്‍ഗമാണ് ജപ്പാനില്‍ നിര്‍മ്മിച്ച തീവണ്ടികള്‍ ദോഹയില്‍ എത്തിയത്. 75 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായ മെട്രോ സ്റ്റേഷനിലേക്ക് അവശേഷിക്കുന്ന തീവണ്ടികള്‍ ഉടന്‍ എത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
വര്‍ഷാവസാനത്തോടെ 90 ശതമാനതത്തോടെ പണി പൂര്‍ത്തിയാക്കി 2019ല്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാകും.2020ല്‍ മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്ന നല്‍കാനാകുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം.
ദോഹ മെട്രോയുടെ ആദ്യഘട്ടം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമുള്ള 75 ഡ്രൈവര്‍ രഹിത തീവണ്ടികളാകും പ്രവര്‍ത്തിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഡ്രൈവര്‍ രഹിത തീവണ്ടികളാണ് ദോഹ മെട്രോയില്‍ ഉപയോഗിക്കുന്നത്. ഓരോ തീവണ്ടിയിലും ഗോള്‍ഡ്, ഫാമിലി ക്ലാസ്, സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെ മൂന്ന് കമ്പാര്‍ട്ട്മെന്റുകളാണുള്ളത്. ഗോള്‍ഡില്‍ പതിനാറ്, ഫാമിലിയില്‍ 26, സ്റ്റാന്‍ഡേര്‍ഡില്‍ 88 എന്നിങ്ങനെയാണ് സീറ്റുകള്‍. ഏകദേശം മൂന്നൂറോളം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. 1800 കോടി ഡോളറിന്റെ മെട്രോ പദ്ധതി നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ആധുനിക ദോഹയിലും തീരമേഖലകളിലും പരിസരപ്രദേശങ്ങളിലുമായി നൂറിലധികം കിലോമീറ്ററാണ് ഖത്തര്‍ മെട്രോ സഞ്ചരിക്കുന്നത്.