പൂക്കളുടെ വിസ്മയം തീര്‍ത്ത് യാമ്പു പുഷ്‌പോത്സവം

പന്ത്രണ്ടാമത് യാമ്പു ഫ്‌ളവേഴ്‌സ് ആന്‍ഡ് ഗാര്‍ഡന്‍സ് ഫെസ്റ്റിവലിന് നിറപകിട്ടോടെ തുടക്കം. ഇനിയുള്ള മൂന്നാഴ്ച്ചക്കാലം ചെങ്കടല്‍ തീരത്തെ പെട്രോസിറ്റി പൂക്കളുടെ മായക്കാഴ്ച്ചയില്‍ മുങ്ങും.റിഫൈനറി പുക തുപ്പുന്ന യാമ്പു നഗരമാണ് പുഷ്‌പോത്സവത്തിനായി അണിഞ്ഞെരുങ്ങിയത്.


രണ്ടു തവണ ഗിന്നസ് റെക്കോഡിന് അര്‍ഹമായ യാമ്പു പുഷ്‌പോത്സവം ഈ വര്‍ഷം യാമ്പു റോയല്‍ കമ്മിഷന്‍ എക്‌സിക്യൂട്ടിവ് പ്രസിഡന്റ് ഡോ. അലാഅ് അബ്ദുല്ല നസ്വീഫ് ആണ് ഉദ്ഘാടനം ചെയ്തത്. പുഷ്‌പോത്സവത്തിന്റെ ആദ്യ ദിവസം തന്നെ യാമ്പുവിന് പുറമെ ജിദ്ദ, മക്ക, ത്വായിഫ്, മദീന തുടങ്ങിയ പരിസര നഗരങ്ങളില്‍ നിന്ന് ആയിര കണക്കിന് വിനോദ സഞ്ചാരികളാണ് പുഷ്‌പോത്സവം ആസ്വദിക്കാന്‍ എത്തിയത്.


യാമ്പു- ജിദ്ദ ഹൈവേയോട് ചേര്‍ന്ന് അല്‍ മുനാസബാത്ത് പാര്‍ക്ക് വിവിധയിനം പൂക്കളും മനോഹരമായ സസ്യങ്ങളുടെയും വിശാലമായ ശേഖരം കൊണ്ട് വര്‍ണ്ണാഭമാക്കി തീര്‍ത്തത്. 10712.75 സ്‌ക്വര്‍ മീറ്റര്‍ വിസ്തൃതിയില്‍ റോയല്‍ കമ്മീഷന്റെ ലാന്റ് സ്‌കേപ്പിങ്ങ് ആന്‍ഡ് ഇറിഗേഷന്‍ വിഭാഗമാണ് പുഷ്‌പോത്സവം ഒരുക്കിയത്.

ഇരുനൂറോളം രാജ്യാന്തര കമ്പനികളുടെ സ്റ്റാളുകള്‍, കിളികളുടെയും പൂമ്പാറ്റകളുടെയും പാര്‍ക്കുകള്‍ കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ എന്നിവയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. മേളക്കിടയില്‍ വിവിധ വിനോദ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ പുഷ്‌പോത്സവം നിരവധു കൗതുകം നിറഞ്ഞതായിരിക്കുമെന്ന് സംഘാടക സമിതി തലവന്‍ സ്വാലിഹ് അബ്ദുല്ല അല്‍സഹ്‌റാനി പറഞ്ഞു. പുഷ്പോത്സവം മാര്‍ച്ച് 25നു സമാപിക്കും.