കുറച്ച് കാശ്.. കൂടുതല്‍ കാഴ്ച.. പോകാം കോട്ടയം വഴി ആലപ്പുഴയിലേയ്ക്ക്..
ചെറുതും ചിലവു കുറഞ്ഞതുമായ യാത്രകള്‍ ആസ്വദിക്കുന്നവര്‍ക്ക് ഒന്നു പരീക്ഷിക്കാവുന്നതാണ് കോട്ടയത്തുനിന്നും ആലപ്പുഴയിലേക്കുള്ള ദീര്‍ഘദൂര ബോട്ടുയാത്ര. കോട്ടയം കോടിമതയില്‍ നിന്നും ജലഗതാഗതവകുപ്പിന്റെ ബോട്ടില്‍ ആലപ്പുഴ ബോട്ടുജട്ടിയിലേക്കുള്ള ജലയാത്രയ്ക്ക് ഒരാള്‍ക്ക് 18രൂപ മാത്രമാണ് ചിലവ്.
കോട്ടയത്തിന്റെ ഹൃദയത്തിലൂടെ ആലപ്പുഴയിലെ നാട്ടിന്‍പുറങ്ങളെ അടുത്തറിഞ്ഞ് ഒച്ചപ്പാടുകളും ബഹളങ്ങളുമില്ലാതെ പ്രകൃതിയോടൊപ്പമുള്ള ഈ യാത്രാസൗകര്യത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. രാവിലെ 6.45 മുതല്‍ കോട്ടയം കോടിമതയില്‍നിന്നും ആലപ്പുഴയിലേക്ക് ബോട്ട് സര്‍വീസുണ്ട്.
വിദേശികളും സ്വദേശികളുമായ സഞ്ചാരികളേയും കൊണ്ടാണ് കോട്ടയത്തുനിന്നും ബോട്ട് പുറപ്പെടുക. രാവിലെ 6.45, 11.30, ഉച്ചക്ക് 1, 3.30, വൈകീട്ട് 5.15 എന്നീ സമയത്താണ് ബോട്ടുകള്‍ കോട്ടയത്തുനിന്നും പുറപ്പെടുക. കോടിമത ബോട്ടുജട്ടിക്ക് സമീപമുള്ള പോലീസ് ക്യാന്റീനില്‍ നിന്ന് വളരെ കുറഞ്ഞ ചിലവില്‍ നാടന്‍ ഊണു ലഭിക്കും. ബിരിയാണി അടക്കമുള്ള മറ്റ് ഭക്ഷണങ്ങളും ചെറിയ തുകയ്ക്ക് ലഭ്യമാണ്.
രാവിലെ 11.30, ഉച്ചക്ക് ഒരു മണി എന്നീ സമയങ്ങളില്‍ പുറപ്പെടുന്ന ബോട്ടുകളാണ് പൊതുവെ സഞ്ചാരികള്‍ തിരഞ്ഞെടുക്കുക. ഈ യാത്രയെ രണ്ടു രീതിയില്‍ സമീപിക്കാം. ആലപ്പുഴയിലേക്ക് ബോട്ടുയാത്ര ഒരു പരീക്ഷണമായി മാത്രം കാണുന്നവര്‍ക്ക് തിരഞ്ഞെടുക്കുവുന്ന സമയം 11.30താണ്. കൃത്യസമയത്തുതന്നെ ബോട്ട് പുറപ്പെടും. ടിക്കറ്റ് ബോട്ടില്‍തന്നെ ലഭിക്കും. 1.15ഓടെ ആലപ്പുഴ എത്തുകയും, ആലപ്പുഴ വിഭവങ്ങള്‍ രുചിച്ച് 2.30നുള്ള ബോട്ടില്‍ കോട്ടയത്തേയ്ക്ക് മടങ്ങുകയും ചെയ്യാം. 4.30ന് കോട്ടയത്ത് എത്തിച്ചേരാം.
ആലപ്പുഴയെ കുറച്ചുകൂടി അടുത്തറിയുന്നതിനും ചിലവഴിക്കാന്‍ ആവശ്യത്തിന് സമയമുള്ളവരും തിരഞ്ഞെടുക്കേണ്ടത് ഉച്ചക്ക് ഒരു മണിക്ക് പുറപ്പെടുന്ന ബോട്ടിനെയാണ്. മൂന്നു മണിക്കൂറിന് മുകളില്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയില്‍ ആലപ്പുഴയുടെ സിരകളിലൂടെ നാട്ടിന്‍പുറങ്ങളെ ആസ്വദിക്കാം.
ഉച്ചക്ക് ഒരുമണിക്കുള്ള ബോട്ടിലാണ് ഞങ്ങള്‍ യാത്രതിരിച്ചത്. ചെറിയതോതില്‍ ഭക്ഷണം കഴിക്കാന്‍ പോയതിനാല്‍ ബോട്ട് പുറപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് എത്തിച്ചേര്‍ന്നത്. വിദേശികള്‍ അടക്കമുള്ള നിരവധി സഞ്ചാരികളെ ഞങ്ങളവിടെ കണ്ടു. ബോട്ടിലെ ഏറ്റവും പിന്‍വശം സ്ത്രീകള്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്നതാണ്. കോടിമതയില്‍നിന്നും സാധാരണക്കാരായ യാത്രക്കാര്‍ കുറവായതിനാല്‍ ഒഴിഞ്ഞുകിടന്നിരുന്ന ആ റിസര്‍വ് സീറ്റുകള്‍ ഞങ്ങള്‍ കയ്യടക്കി.
തിങ്ങിനിറഞ്ഞ ‘പോളകളാണ്’ കോട്ടയത്തേയും ആലപ്പുഴയേയും ബന്ധിപ്പിക്കുന്ന പുഴയുടെ ശാപം. അതിനാല്‍ ഏകദേശം അഞ്ചു കിലോമീറ്ററോളം ഒച്ചിഴയുംപോലെ പോളകളെ കീറിമുറിച്ച് ബോട്ട് മുന്നോട്ടുപോയി. ഈ പുഴയുടെ ഇരു കരകളിലേയും ജനങ്ങളെ ബന്ധിപ്പിക്കുന്ന ഇരുമ്പു പാലങ്ങള്‍ യാത്രയ്ക്കിടയിലെ ചെക്ക്പോസ്റ്റുകളെപ്പോലെ തോന്നിപ്പിച്ചു.
ഓരോ പാലം എത്തുന്നതിന് 150 മീറ്ററോളം അകലമെത്തുമ്പോള് ബോട്ടില്‍ നീട്ടിയുള്ള ഹോണ്‍ മുഴങ്ങും. അപ്പോള്‍ സമീപവാസികളെന്ന് തോന്നിപ്പിക്കുന്ന ചിലരെത്തി ഇരുമ്പുപാലത്തിലെ നീണ്ട കയര്‍ വലിച്ച് ബോട്ടിന് വഴിയൊരുക്കും. ഇത്തരത്തിലുള്ള മുന്നോ, നാലോ പാലങ്ങള്‍ മറികടക്കുമ്പോള്‍ കോട്ടയത്തിന്റെ അതിര്‍ത്തി കടക്കും.
ആലപ്പുഴയിലേക്ക് കടന്നുകഴിഞ്ഞാല്‍ ബോട്ട് വേഗം കൈവരിക്കും. ചിലയിടങ്ങളില്‍ കണ്ണെത്താ ദൂരത്തോളമുള്ള നെല്‍പ്പാടങ്ങള്‍ കാഴ്ച്ചയൊരുക്കുമ്പോള്, കാറ്റിനൊപ്പം തലയാട്ടുന്ന തെങ്ങിന് കൂട്ടങ്ങളാണ് മറ്റൊരു കാഴ്ച. യാത്രയുടെ തുടക്കത്തില്‍ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന ഹൗസ് ബോട്ടുകളും ഒപ്പം പ്രകൃതി ഒരുക്കുന്ന കാഴ്ചകളും ക്യാമറക്കണ്ണുകള്‍ക്ക് നല്ല ഫ്രെയ്മിനുള്ള നിരവധി അവസരങ്ങളും ഒരുക്കുന്നുണ്ട്. ഇടയ്ക്കെപ്പോഴോ ആലപ്പുഴയില്‍നിന്നുള്ള യാത്രാ ബോട്ട് ഞങ്ങളെ കടന്നുപോയി.
ഒടുവില്‍ ഞങ്ങള്‍ കായല്പരപ്പിലെത്തി. ആലപ്പുഴയില്‍ ഇത്രയും ഹൗസ്ബോട്ടുകളുണ്ടോയെന്ന് ചിന്തിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു അവിടെ കാത്തിരുന്നത്. കായല്‍ തീരങ്ങളിലെ വീടുകളുടെ എണ്ണത്തിനേക്കാള്‍ കൂടുതല്‍ കെട്ടുവള്ളങ്ങള്‍ ഓളപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്നതായി തോന്നി. ആഢംബര ഹൗസ് ബോട്ടുകള്‍ക്കിടയിലൂടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള ചെറു വള്ളങ്ങള്‍ കടന്നുപോകുന്നതും നല്ല കാഴ്ച്ചാനുഭവമാണ്. ഏകദേശം 4.15ഓടെ ആലപ്പുഴയിലെത്തിയ ഞങ്ങള്‍ ആദ്യംകണ്ട ഹോട്ടലില്‍ കയറി വിശപ്പടക്കി. കുറച്ചു സമയം ആലപ്പുഴയുടെ കായല്‍ തീരങ്ങളില്‍ ചെലവഴിച്ചു.
ഇനി ആലപ്പുഴയില്‍നിന്നും കോട്ടയത്തേയ്ക്കുള്ള മടക്കമാണ്. 5.15നുള്ള ബോട്ടുപിടിച്ചാല് രാത്രി ഒമ്പതു മണി കഴിയാതെ കോട്ടയം എത്തില്ലെന്ന ബോട്ടു ജീവനക്കാരുടെ നിര്‍ദ്ദേശം പരിഗണിച്ച് മടക്കയാത്രയ്ക്ക് ഞങ്ങള്‍ കെ.എസ്.ആര്.ടി.സിയെ ആശ്രയിച്ചു. ഒരാള്‍ക്ക് 43രൂപ ടിക്കറ്റ് നിരക്കില്‍ ഒരു മണിക്കൂറുകൊണ്ട് ഞങ്ങള്‍ കോടിമത ബോട്ടുജെട്ടിയില്‍ തിരിച്ചെത്തി.
ആലപ്പുഴയില്‍ നിന്നും കോട്ടയത്തേയ്ക്ക് പുറപ്പെടുന്ന ബോട്ടുകളുടെ സമയം: രാവിലെ 7.30, 9.35, 11.30, ഉച്ചക്ക് 02.30, വൈകീട്റ്റ് 05.15, രാത്രി 9.15 (ഈ ബോട്ട് കോടിമത ജട്ടിക്ക് നാലു സ്റ്റോപ്പുകള്‍ മുമ്പുള്ള കാഞ്ഞിരം എന്ന സ്റ്റോപ്പില്‍ അവസാനിക്കും)