വിമാനമിറങ്ങി നേരെ ട്രെയിനില്‍; താരമായി ശാര്‍ദുല്‍ താക്കൂര്‍
ഏകദിന, ട്വന്റി20 പരമ്പരകളിൽ ചരിത്രവിജയം സ്വന്തമാക്കിയശേഷം ദക്ഷിണാഫ്രിക്കയിൽനിന്ന് നാട്ടിൽ മടങ്ങിയെത്തിയ ടീം ഇന്ത്യയിലെ ഒരു യുവതാരമാണ് ഇപ്പോൾ ചർച്ചാ വിഷയം. ദക്ഷിണാഫ്രിക്കയിൽ നിന്ന് നാട്ടിൽ വിമാനമിറങ്ങിയശേഷം ലോക്കൽ ട്രെയിനില്‍ വീട്ടിലേക്കു പോയ ഈ ഈ യുവതാരത്തെ സഹയാത്രികർ തിരിച്ചറിഞ്ഞതോടെയാണ് സംഭവത്തിന് വൻ പ്രചാരം ലഭിച്ചത്.
ഏകദിന, ട്വന്റി20 പരമ്പരകളിൽ മികച്ച പ്രകടനവുമായി തിളങ്ങിയ ശാർദുൽ താക്കൂറാണ് ഈ വാർത്താ താരം. ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയ ശാർദുൽ താക്കൂര്‍ അന്ധേരിയിലെത്തി ലോക്കൽ ട്രെയിനിൽ കയറിയാണ് വീട്ടിലേക്കു പോയത്. എത്രയും വേഗം വീട്ടിലെത്താനുള്ള തിരക്കിലായിരുന്നു.
ട്രയിനിലെ കയറിയ ഉടനെ മറ്റു യാത്രക്കാര്‍ക്ക് സംശയമായി. ഇത് ശരിക്കും ശാർദുൽ താക്കൂർ തന്നെയാണോ എന്നായി യാത്രക്കാരുടെ സംശയം. സംശയം തീര്‍ക്കാന്‍ ഗൂഗിള്‍ ചെയ്തു നോക്കുന്നുണ്ടായിരുന്നു പലരും. ആളെ തിരിച്ചറിഞ്ഞതോടെ ചില യാത്രക്കാര്‍ കൂടെ സെൽഫിയെടുത്തു.
പാൽഗർ സ്വദേശിയായ താക്കൂർ, നേരത്തെ മുതൽ ഒന്നര മണിക്കൂറോളം ദിനംപ്രതി യാത്ര ചെയ്താണ് മുംബൈയിലെത്തി ക്രിക്കറ്റ് പരിശീലിച്ചിരുന്നത്. ഇന്ത്യൻ താരമായി മാറിയ ശേഷം ഇതേ ട്രെയിനിലെ കന്നിയാത്ര ലോകം അറിയുകയും ചെയ്തു.