Destinations

ഗ്രാമഭംഗി ആസ്വദിക്കാം പത്തു രൂപയ്ക്ക്

ഏഴ് സ്റ്റേഷനുകൾ. ഗ്രാമങ്ങളിലൂടെ മാത്രം ഓട്ടം. കവുങ്ങിൻ തോപ്പുകൾ, തെങ്ങിൻ പറമ്പുകൾ, റബർത്തോട്ടങ്ങൾ, ഇടയ്ക്ക് വിശാലമായ വയലുകളും തേക്കും മഹാഗണിയും ഉൾപ്പെടെ വന്മരങ്ങളും. ദൂരെ പച്ചയണിഞ്ഞ മലകളും. കണ്ടുമടുത്ത കോൺഗ്രീറ്റ് കാടുകളില്ല. ഓടുമേഞ്ഞ വീടുകളും പീടികമുറികളുമാണ് അധികവും. ഈ കാഴ്ചകളൊക്കെ കാണാൻ പത്ത് രൂപ മുടക്കിയാൽ മതി. തിക്കും തിരക്കുമൊന്നുമില്ലാതെ നാല്പത് മിനിറ്റ് മനോഹരമായൊരു തീവണ്ടി യാത്ര നടത്താം.

അങ്ങാടിപ്പുറത്ത് നിന്ന് നിലമ്പൂർ റോഡ് വരെയുള്ള യാത്രയെക്കുറിച്ചാണ് പറഞ്ഞത്. മഴകഴിഞ്ഞ സമയമാണെങ്കിൽ റെയിൽവേ ട്രാക്കൊഴികെ മറ്റെല്ലായിടത്തും പച്ചപ്പായിരിക്കും. ഡിസംബർ, ജനുവരി മാസങ്ങളിൽ അതിരാവിലത്തെ യാത്രയിൽ മഞ്ഞും തണുപ്പുമുണ്ടാകും. ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ‘ എന്ന സിനിമയ്ക്ക് സെറ്റിട്ടത് ഇവിടെയാണ്. പല സിനിമകളിലെ പാട്ടു രംഗങ്ങൾക്കും ഈ റൂട്ട് ലൊക്കേഷനായിട്ടുണ്ട്.

ട്രെയിൻ തുടങ്ങുന്നത് ഷൊർണൂരിൽ നിന്നാണ്. പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊടിയപ്പുലം, വാണിയമ്പലം എന്നിവയാണ് അങ്ങാടിപ്പുറത്തിനും നിലമ്പൂരിനും ഇടയിലുള്ള ചെറിയ സ്റ്റേഷനുകൾ. എല്ലാം ഗ്രാമങ്ങൾ.

ചരിത്രം

ലണ്ടനിൽ ആദ്യത്തെ തീവണ്ടി ഓട്ടം തുടങ്ങുന്നതിന് മുമ്പേ നിലമ്പൂരിൽ ചാലിയാറിന്‍റെ തീരത്ത് കനോലി സായിപ് തേക്കു തോട്ടം ഉണ്ടാക്കിയിരുന്നു. മലബാർ കളക്ടറായിരുന്ന എച്ച് വി കനോലിയുടെ നിർദേശപ്രകാരം 1500 ഏക്കറിൽ ലോകത്തിലെ ആദ്യത്തെ തേക്കു തോട്ടം. ചാത്തുമേനോൻ എന്നയാളായിരുന്നു മേൽനോട്ടം. അന്നത്തെ തോട്ടത്തിൽ നിന്ന് സംരക്ഷിത പ്രദേശമായുള്ള കനോലി പ്ലോട്ട് ഇപ്പോഴും വനം വകുപ്പ് സംരക്ഷിക്കുന്നുണ്ട്.

തേക്ക് വില്‍ക്കാന്‍ പാകമായ കാലത്ത് ബ്രിട്ടീഷുകാർ നിലമ്പൂരിലേക്ക് റെയിൽ നിർമിച്ചു. 1927ലാണ് റെയിൽ വേ ലൈൻ നിര്‍മാണം പൂർത്തിയാക്കിയത്. മംഗലാപുരം, മദ്രാസ് തുറമുഖങ്ങൾ വഴി തേക്കുതടികൾ ബ്രിട്ടനിലേക്ക് വേണ്ടുവോളം കൊണ്ടുപോവുകയും ചെയ്തു. അവരുണ്ടാക്കിയ തീവണ്ടിപ്പാത നവീകരണം നടത്തി നമ്മൾ ഇപ്പോഴും ഉപയോഗിക്കുന്നു.

രാജ്യറാണി എക്‌സ്പ്രസ്സും ഷൊർണൂർ-നിലമ്പൂർ പാസഞ്ചറും ഉൾപ്പെടെയുള്ള വണ്ടികൾ ദിനം പ്രതി ആറുതവണ ഇതുവഴി സർവീസ് നടത്തുന്നു. രാവിലെ 6.40, എട്ട് മണി, 10.5 എന്നിങ്ങനെ സമയങ്ങളിൽ അങ്ങാടിപ്പുറം സ്റ്റേഷനിൽ നിന്ന് വണ്ടിയുണ്ടാകും. നിലമ്പൂരിൽ നിന്ന് വണ്ടി തിരിച്ചു വരുന്ന സമയമാണെങ്കിൽ ചിലപ്പോൾ കുറച്ചു നേരത്തെ കാത്തിരിപ്പു വേണം. നിലമ്പൂരെത്തിയാൽ കനോലി തേക്കു തോട്ടവും മ്യൂസിയവും കണ്ട് അടുത്ത വണ്ടിക്ക് തിരിച്ചു പോരുകയും ചെയ്യാം.