Special

ആറാം വട്ടവും ആറ്റുകാലെത്തി ആറംഗ സംഘവുമായി

ഡാനിയേല

(ന്യൂസ് 18, കൗമുദി ടിവി എന്നിവിടങ്ങളില്‍ ജേര്‍ണലിസ്റ്റ് ആയിരുന്ന ലക്ഷ്മി ഇന്ദിര കണ്ട പൊങ്കാലക്കാഴ്ച )

 

ബ്രസീല്‍ സ്വദേശി ഡാനിയേലക്ക് ആറ്റുകാല്‍ പൊങ്കാലയില്‍ ഇത് ആറാമൂഴമായിരുന്നു. അമ്പലത്തറ മില്‍മാ ജംഗ്ഷനിലായിരുന്നു ഡാനിയേല പൊങ്കാലയിട്ടത്.

ഫെസ്ബുക്കിനു മുന്‍പ് ഓര്‍ക്കുട്ട് സോഷ്യല്‍ മീഡിയയില്‍ കൂടൊരുക്കിയ കാലത്താണ് ഡാനിയേല ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്ന് ജീവിത പങ്കാളിയെ കണ്ടെത്തിയത്. ഓര്‍ക്കുട്ടിലെ കൂട്ട് പേരൂര്‍ക്കടക്കാരന്‍ നാരായണനെ അങ്ങ് സാവോപോളോയിലെ ഡാനിയേലയുടെ ഹൃദയത്തിലേക്ക് അടുപ്പിച്ചു.


കല്യാണം കഴിഞ്ഞ് പത്തു വര്‍ഷം മുന്‍പ് 2008ലാണ് ഡാനിയേല ആദ്യം പൊങ്കാലക്കെത്തിയത്. ഇടയ്ക്ക് നാലു വര്‍ഷം എത്തിച്ചേരാനായില്ല. അപ്പോള്‍ ബ്രസീലില്‍ വ്രത ശുദ്ധിയോടെ ഡാനിയേല പൊങ്കാലയിട്ടു.

വെറുമൊരു കൌതുകമല്ല ഡാനിയേലക്ക് പൊങ്കാല. ആത്മസമര്‍പ്പണമെന്ന് ഈ അമൃതാനന്ദമയീ ഭക്തയുടെ മറുപടി.

പ്രകൃതി ചികിത്സകയായ ഡാനിയേല ഇത്തവണ അവിടെ നിന്ന് ആറംഗ സംഘത്തെയും കൂട്ടിയാണ് ആറ്റുകാലില്‍ വന്നത്.


സംഘത്തിലെ മറ്റുള്ളവര്‍ക്ക് പൊങ്കാല പുതുമയായിരുന്നു. അവരെ സഹായിക്കാന്‍ നാട്ടുകാരും കൂടി. അങ്ങനെ ബ്രസീല്‍ സംഘത്തിനു മധുരതരമായി ഈ പൊങ്കാല.

ഒപ്പമെത്തിയവര്‍ക്ക്  മധുരിച്ചെങ്കിലും  മധുരത്തോട് അത്ര മമതയിലല്ല ഡാനിയേല . കേരളത്തില്‍ പ്രമേഹരോഗികള്‍ കൂടുന്നത്  മധുര പ്രിയത്താലെന്നാണ് ഈ പ്രകൃതി ചികിത്സയുടെ കണ്ടെത്തല്‍.

ലക്ഷ്മി ഇന്ദിര

ന്യൂസ് 18, കൗമുദി ടിവി എന്നിവിടങ്ങളില്‍ ജേര്‍ണലിസ്റ്റായിരുന്നു ലക്ഷ്മി ഇന്ദിര.