മൈസൂര്‍ ട്രാവല്‍ മാര്‍ട്ടിന് തുടക്കം
രാജ്യാന്തര തലത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സംഘടിപ്പിച്ച മൈസൂരു ട്രാവല്‍ മാര്‍ട്ട് 2018 കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. പ്രാദേശിക ടൂറിസം ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം ലക്ഷ്യം വെക്കുന്ന പരിപാടി മൈസൂര്‍ ടൂറിസം വകുപ്പും, മൈസൂര്‍ ട്രാവല്‍ അസോസിയേഷനും (എം ടി എ), മൈസൂര്‍ ഹോട്ടല്‍ അസോസിയേഷനും കൂടി ചേര്‍ന്നാണ് നടത്തുന്നത്.
മുന്‍ മന്ത്രി എസ് എ രാംദാസ്, കര്‍ണാടക പ്രദേശ് ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജേന്ദ്രന്‍, മൈസൂരു ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് നാരായണ ഗൗഡ, വ്യവസായി ജഗന്നാഥ ഷേണായി എന്നിവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം സംസാരിച്ചത്.
ഇന്ത്യയിലെ ടൂറിസം രംഗം ഇപ്പോള്‍ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്, ഇനിയും മികച്ച രീതിയിലേക്ക് ഈ രംഗം മുന്നോട്ട് പോകണമെങ്കില്‍ ടൂറിസം രംഗത്തെ തല്‍പരകക്ഷികളായ സംസ്ഥാന ഗവണ്‍മെന്റും, കേന്ദ്ര ഗവണ്‍മെന്റും, മറ്റു അനുബദ്ധ ഹോട്ടല്‍, റിസോര്‍ട്ട് ഉടമകള്‍ എന്നിവര്‍ ഒന്നിച്ച് നില്‍ക്കണം. കഴിഞ്ഞ വര്‍ഷം 10 മില്യണ്‍ സന്ദര്‍ശകരാണ് ഇന്ത്യ കാണാന്‍ എത്തിയത്തെന്ന് അദ്ദേഹം പറഞ്ഞു. മൈസൂര്‍ യോഗയ്ക്കാണ് ഇനി ഭാവിയില്‍ നല്ല മാര്‍ക്കറ്റ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്രാവല്‍ മാര്‍ട്ടിനിടയില്‍ മൈസൂര്‍ ട്രാവല്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി എസ് പ്രശാന്ത് മൈസൂരിനെയും ഗോവയേയും ബന്ധിപ്പിക്കുന്ന പുതിയ വിമാനത്തിനായി അഭ്യര്‍ത്ഥന മുന്നോട്ട് വെച്ചു. ഉദ്ഘാടന പ്രസംഗത്തിനിടയില്‍ അദ്ദേഹം അഭ്യര്‍ത്ഥനയ്ക്ക് മറുപടിയായി പുതിയ വിമാനമാര്‍ഗത്തിനെക്കുറിച്ച് കേന്ദ്ര വ്യോമയാന മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പറഞ്ഞു. മൈസൂരു-ഗോവ, മൈസൂരു-മുബൈ, മൈസൂരു- കൊച്ചി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള വിമാനങ്ങള്‍ ഉഡാന്‍ പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തി കൊണ്ട് പുറത്തിറക്കുമെന്ന് അദ്ദേഹം വാക്ക് പറഞ്ഞു.