അബുദാബി ഫെസ്റ്റിവലില്‍ ഇന്ത്യ അതിഥി രാജ്യം
പതിനഞ്ചാമത് അബുദാബി ഫെസ്റ്റിവലില്‍ ഇന്ത്യ അതിഥി രാജ്യമാവും. ഈ മാസം എട്ടിന് തുടങ്ങി 30ന് അവസാനിക്കുന്ന സാംസ്കാരിക ആഘോഷ പരിപാടിയായ അബുദാബി ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിന്നുള്ള കലാരൂപങ്ങള്‍ അവതരിപ്പിക്കും. 30 രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം കലാകാരന്മാരും 40 സംഗീതജ്ഞരും ഭാഗമാവുന്ന ഉത്സവമാണിത്.
അബുദാബി ഫെസ്റ്റിവലില്‍ അതിഥി രാജ്യമായി ഇന്ത്യയെ തെരഞ്ഞെടുത്തത് അഭിമാനകരമാണെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി എംബസിയില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു. അബുദാബിയിലെ കലാ സ്നേഹികള്‍ക്ക് ഇന്ത്യന്‍ സംസ്കാരത്തിന്റെ ഏറ്റവും മികച്ച അംശങ്ങള്‍ എത്തിച്ചുനല്കാന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
800 ടിക്കറ്റ്സ് ഡോട്ട് കോമില് ഐ.എന്‍.ഡി 50 എന്ന് രേഖപ്പടുത്തിയാല്‍ അബുദാബി ഫെസ്റ്റിലെ ഇന്ത്യന്‍ കലാരൂപങ്ങള്‍ക്കുള്ള പ്രവേശനടിക്കറ്റ് 50 ശതമാനം ഇളവിന് ലഭിക്കും.
ഇന്ത്യന്‍ കലാരൂപങ്ങളുടെ പ്രധാന പരിപാടികള്‍
ഈ മാസം എട്ടിന് എമിറേറ്റ്സ് പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മര്‍ച്ചന്റ്സ് ഓഫ് ബോളിവുഡ് പരിപാടിയില്‍ വിവിധ ഇന്ത്യന്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കും.
ഇന്ത്യയില്‍ നിന്നുള്ള തനുശ്രീ ശങ്കര്‍ ഡാന്‍സ് അക്കാദമി ഈ മാസം 19ന് എമിറേറ്റ്സ് പാലസില്‍ വീ ദ ലിവിങ് എന്ന നൃത്ത സംഗീത പരിപാടി അവതരിപ്പിക്കും. സൂഫി കവി റൂമിയുടെ ‘മനുഷ്യന്’ എന്ന കവിതയുടെ ആവിഷകാരമാണിത്.
22, 23 തിയ്യതികളില്‍ ഉം അല്‍ ഇമറാത്ത് പാര്‍ക്കില്‍ ബോളിവുഡ് ഡാന്‍സ് വര്‍ക്ക്ഷോപ്പ്, 23ന് അല്‍ ഇമറാത്ത് പാര്‍ക്കില്‍ രഘു ദീക്ഷിത് പ്രൊജക്സ്റ്റിന്റെ സംഗീത പരിപാടി, 25ന് സരോദ് വാദകന്‍ ഉസ്താദ് അംജദ് അലിഖാന്റെ സംഗീതപരിപാടി, നാടന്‍കല, ആധുനിക ബാലെ, സമകാലിക നൃത്തരൂപങ്ങള്‍ എന്നിവ എമിറേറ്റ്സ് പാലസ് എന്നിവിടങ്ങളില്‍ നടക്കും.
എട്ട് മുതല്‍ 30 വരെ കാലിഗ്രാഫി കലാകാരന് രാജീവ് കുമാറിന്റെ കലാ പ്രദര്‍ശനം എമിറേറ്റ്സ് പാലസില്‍ നടക്കും
അബുദാബി ഫെസ്റ്റിവല്‍ 2018 വീഡിയോ പ്രൊമോഷന്