കൂറ്റന്‍ അറേബ്യന്‍ ടെന്റിലിരുന്ന് കാണാം ലോകകപ്പ് സെമി
അല്‍ഖോറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനായി നിര്‍മ്മിക്കുന്ന അല്‍ ബാത്ത് സ്റ്റേഡിയത്തില്‍ അറേബ്യന്‍ ടെന്റ് പൂര്‍ത്തിയാവുന്നു. ഈ വര്‍ഷത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന സ്റ്റേഡിയം രൂപകല്‍പന ചെയ്യുന്നത് പ്രശസ്തമായ അറേബ്യന്‍ ടെന്റിന്റെ മാതൃകയിലാണ്.
അന്തിമ ഘട്ടത്തിലേക്ക് നിര്‍മാണം കടന്നതോടെ പുറം ഭാഗത്തെ അറേബ്യന്‍ ടെന്റുകളുട മാതൃകയിലുള്ള പാനലുകള്‍ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു.
4584 തൊഴിലാളികള്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് ചുമതല ഗള്‍ഫാര്‍ അല്‍ മിസ്‌നാദ്, സാലിനി ഇംപ്രെജിലോ ഗ്രൂപ്, സിമോല എന്നിവര്‍ക്കാണ്.
ലോക കപ്പിനായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വലിയ സ്റ്റേഡിയത്തിന് ഇതിനോടകം തന്നെ 1.6 കോടി മനുഷ്യ പ്രവര്‍ത്തി മണിക്കൂറുകള്‍ സ്റ്റേഡിയം നിര്‍മാണത്തിനായി ചെലവഴിച്ചു. ലോകകപ്പ് സെമി ഫൈനല്‍ നടക്കുവാനിരിക്കുന്ന സ്റ്റേഡിയത്തില്‍ 60,000 കാണികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.
ദോഹയില്‍ നിന്ന് 60 കിലോമീറ്റര്‍ വടക്കു മാറി സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം പൂര്‍ത്തിയാവുന്നതോടെ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതാവും. ഗള്‍ഫ് രാജ്യങ്ങളുടെ അടയാളമായ ടെന്റുകളുടെ മാതൃക സംസ്‌കാരത്തിന്റെ ഭാഗമാണ്. ദൂരെ നിന്ന് നോക്കിയാല്‍ അല്‍ബാത്ത് സ്റ്റേഡിയം കൂറ്റന്‍ ടെന്റാണെന്നേ തോന്നുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
പൂര്‍ണമായും പരിസ്ഥിതിക്ക് ഇണങ്ങിയ സ്റ്റേഡിയം 2022നെ ലോകകപ്പിന് ശേഷം അല്‍ ഖോറിലെ ജനങ്ങള്‍ക്ക് ഒത്തുചേരലിനുള്ള വേദിയായി മാറും. എടുത്തു മാറ്റാവുന്ന തരത്തില്‍ നിര്‍മിച്ചിരിക്കുന്ന സീറ്റുകള്‍ മത്സരത്തിന് ശേഷം ആവശ്യമുള്ള വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.