കേരളം വറചട്ടിയിലേക്കോ? പാലക്കാട്ട് താപനില 40 ഡിഗ്രി; മുന്നറിയിപ്പുമായി മുഖ്യമന്ത്രിയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ചൂടിന് കാഠിന്യമേറും. കൊടും വേനല്‍ വരും മുന്‍പേ പാലക്കാട്ട് താപനില നാല്‍പ്പതു ഡിഗ്രി സെല്‍ഷ്യസ് എത്തി. കഴിഞ്ഞവര്‍ഷം വേനലിന്‍റെ ഉച്ചസ്ഥായിയില്‍ പാലക്കാട്ട് താപനില 41.3 ഡിഗ്രിയെത്തിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ആഗോള താപനില വര്‍ഷാവര്‍ഷം ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ചൂണ്ടിക്കാട്ടി. പോയവര്‍ഷം കേരളത്തില്‍ ഭേദപ്പെട്ട വേനല്‍ മഴ ലഭിച്ചത് സ്ഥിതി മെച്ചപ്പെടുത്തി. ഇക്കൊല്ലവും വേനല്‍ മഴ തുണച്ചേക്കും. രാജ്യത്തെ മറ്റിടങ്ങളിലെ താപനിലയുമായി തട്ടിച്ചു നോക്കിയാല്‍ തീര സംസ്ഥാനമായ കേരളത്തിലെ സ്ഥിതി മെച്ചമാണെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.


അതിനിടെ ചൂടുകാലത്ത് പാലിക്കേണ്ട  നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പൊതുജനങ്ങള്‍ രാവിലെ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.. ഈ സമയത്ത് തുറസായ ഇടങ്ങളില്‍ തൊഴിലെടുക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സംസ്ഥാനം കടുത്ത വേനലിനെയാണ് ഇത്തവണ അഭിമുഖീകരിക്കാന്‍ പോകുന്നത്. മാര്‍ച്ച് മാസം ആരംഭിക്കുമ്പോള്‍ തന്നെ അന്തരീക്ഷ താപനില വന്‍തോതില്‍ ഉയര്‍ന്നുകഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ താപനില 40 ഡിഗ്രി വരെ ഉയരുമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. പകല്‍ സമയത്ത് മാത്രമല്ല, രാത്രിയിലും താപനില ശരാശരിക്കും മുകളിലാണ്.

പൊതുജനങ്ങള്‍ രാവിലെ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം . ഈ സമയത്ത് തുറസായ ഇടങ്ങളില്‍ തൊഴിലെടുക്കുന്നതും ഒഴിവാക്കണം. വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.