Auto

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് വിലകുറയുന്നു

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന മോഡലുകളുടെ വില കുത്തനെ കുറച്ചു. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന ഹൈ പവര്‍ ബൈക്കുകളുടെ കസ്റ്റംസ് ഡ്യൂട്ടി 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ കുറച്ചതിന് പിന്നാലെയാണ് കമ്പനി വില കുറയ്ക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ഹാര്‍ലി വില്‍പ്പനയ്ക്കെത്തിച്ച 16 മോഡലുകളില്‍ നാലെണ്ണം പൂര്‍ണമായും നിര്‍മിച്ചു ഇറക്കുമതി ചെയ്യുന്നവയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും വിലകുറയുന്നത് സി.വി.ഒ ലിമിറ്റഡിനാണ്. 3.73 ലക്ഷം കുറയും. ടൂറിങ് ശ്രേണിയില്‍പ്പെട്ട റോഡ് കിംങ്, സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യല്‍, റോഡ് ഗ്ലൈഡ് സ്‌പെഷ്യല്‍ എന്നിവയാണ്‌ വില കുറച്ച മറ്റു മോഡലുകള്‍.

റോഡ് കിംങിന് 3.38 ലക്ഷവും റോഡ് ഗ്ലൈഡ് സ്‌പെഷ്യലിന് 2.62 ലക്ഷവും സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യലിന് 3.51 രൂപയുമാണ് കുറച്ചത്. ഇതോടെ റോഡ് കിംങിന് 24.99 ലക്ഷം, സ്ട്രീറ്റ് ഗ്ലൈഡിന് 29.99 ലക്ഷം, റോഡ് ഗ്ലൈഡ് സ്‌പെഷ്യലിന് 35.61 ലക്ഷം, സിവിഒ ലിമിറ്റഡിന് 51.72 ലക്ഷം എന്നിങ്ങനെയായിരിക്കും വിപണി വില.