ആ ചിത്രം മധുവിന്‍റെതല്ല, എന്റേത്: ഫൈസി

കടപ്പാട്: വാട്സ്ആപ്

അട്ടപ്പാടിയില്‍ കൊലചെയ്യപ്പെട്ട മധു പഠിക്കുമ്പോള്‍ ടോപ്‌. മധു മാനസികരോഗിയാകാന്‍ കാരണം കാമുകി. സോഷ്യല്‍ മീഡിയയില്‍ ഈ കഥയും മധു കേക്ക് മുറിക്കുന്ന ചിത്രവും പ്രചരിക്കുകയാണ്. കഥ ആരുടെയോ ഭാവനയെങ്കിലും കഥക്കൊപ്പമുള്ള ചിത്രം മറ്റൊരു യുവാവിന്‍റെതായിരുന്നു. ചിത്രത്തിലെ യഥാര്‍ത്ഥ ആളിനെ  ടൂറിസം ന്യൂസ് ലൈവ് കണ്ടെത്തി. ദുബൈ മറീനയിലെ ഇറ്റാലിയന്‍ റസ്റ്റോറന്റ് മാനേജരായി പ്രവര്‍ത്തിക്കുന്ന  ഫൈസി ഡെയ്സണ്‍.  തിരുവനന്തപുരം പൂന്തുറ സ്വദേശിയായ  ഫൈസി തെറ്റിദ്ധാരണ പരത്തുന്ന  രീതിയില്‍ തന്‍റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ സൈബര്‍ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ്.

ഫൈസി ഇപ്പോള്‍ നാട്ടിലുണ്ട്. ലീവിനു വന്നതാണ്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമല്ലാത്ത ഇദ്ദേഹം സുഹൃത്തുക്കള്‍ പറഞ്ഞാണ് കാര്യം അറിയുന്നത്.

കൊച്ചിയില്‍ കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ   പഠനകാലത്ത്‌ എടുത്ത ഫോട്ടോയാണ് മധുവിന്‍റെതെന്ന് പറഞ്ഞ് പ്രചരിക്കുന്നത്. ഫോട്ടോ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച ആളിന് ഫൈസി മെസേജ് അയച്ചെങ്കിലും ഇതുവരെ മറുപടി കിട്ടിയില്ല.

ആ കഥ ഇങ്ങനെ 

മധുവിന്‍റെ കഥ എന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്  ഇങ്ങനെ:

നമ്മുടെ മധു പഠിക്കുന്ന സമയത്ത് ക്ലാസ് ടോപ്പ്; മധു മാനസികനിലതെറ്റിയ അവസ്ഥയിലേക്ക് വന്നതിനു പിന്നിലെ കഥ ഇതാണ്.

രണ്ട് ദിവസം മുമ്പ് ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നടന്ന ദാരുണമായ സംഭവത്തിന്‍റെ നടുക്കത്തില്‍ നിന്നും മനസാക്ഷിയുള്ള ആര്‍ക്കും  മുക്തനാവാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മധുവിന്‍റെ യഥാര്‍ത്ഥ അവസ്ഥ കൂടി അറിഞ്ഞാല്‍ നാം എല്ലാവരും കുറ്റബോധത്താല്‍ നീറും. കാരണം മനസാക്ഷിയും മനുഷ്യത്വവും സഹജീവി സ്നേഹവും ഉള്ള ആരുടയും കണ്ണ് നിറയും മധുവിന്റെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ച് അറിഞ്ഞാല്‍. അട്ടപ്പാടിയിലെ പുരാതന ആദിവാസി ഗോത്രസമൂഹമായ കുറുംബ വിഭാഗത്തില്‍ ജനിച്ച മധു യഥാര്‍ത്ഥത്തില്‍ ആരുടേയും മനസ്സ് പൊള്ളിക്കുന്ന ദുരന്ത കഥയിലെ നായകന്‍ തന്നെയാണ്.

ഗോത്രവര്‍ഗ്ഗ ഊരായ കടുകുമണ്ണയിലെ മല്ലന്‍റെയും മല്ലികയുടെയും മൂന്നു മക്കളില്‍ ഒരുവന്‍.
പഠിക്കാന്‍ താല്പര്യമുണ്ടായിരുന്ന അവനെ ഊരില്‍ നിന്ന് 22 കിലോ മീറ്റര്‍ അകലയുള്ള ശ്രീശങ്കര എന്ന സ്ഥലത്തെ കോണ്‍വെന്റില്‍ നിറുത്തി പഠിപ്പിച്ചു.  നാലാം ക്‌ളാസുവരെ അവിടെ നിന്നായിരുന്നു പഠനം. പിന്നെയും അവന്‍ പഠിച്ചു ഏഴാം ക്‌ളാസുവരെ. അപ്പോഴേക്കും പിതാവ് മല്ലന്‍ ഈ ലോകം വിട്ടുപോയി. രണ്ടു സഹോദരിമാരെയും അമ്മയേയും പോറ്റേണ്ട ചുമതല മധുവിന്‍റെ ചുമലിലായി.

പഠിക്കാന്‍ മോഹിച്ച അവന് കുടുംബ പ്രാരാബ്ധങ്ങള്‍ കാരണം പഠനം നിര്‍ത്തി കുടുംബത്തെ പോറ്റാന്‍ ഇറങ്ങേണ്ടിവന്നു. പഠിക്കാന്‍ മോഹിച്ച മധു പ്രാരാബ്ധങ്ങള്‍ കൂട്ടായപ്പോള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കുടുംബം നോക്കാനിറങ്ങുകയായിരുന്നു. മധുവിന് പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ വിവാഹാഭ്യര്‍ത്ഥനയുമായി കാമുകിയുടെ വീട്ടിലേയ്ക്കെത്തിയ മധുവിനെ അവർ പട്ടിയെപ്പോലെ തല്ലിച്ചതച്ച് അവന്റെ ഓര്‍മ്മകളുടെ താളം തെറ്റിച്ചു.

മധു സഹോദരി ചന്ദ്രികയ്ക്കൊപ്പം : യഥാര്‍ത്ഥ ചിത്രം

കൊത്തുകാട്ടില്‍ പണിയെടുത്തും. മറ്റ് ആദിവാസികളോടൊപ്പം തേനും കുങ്കില്യവും ശേഖരിച്ചും അന്നത്തിനുള്ള വഴി കണ്ടെത്തി കുടുംബം പോറ്റി. അതിനിടെ ആദിവാസികള്‍ക്കുള്ള തൊഴില്‍ വൈദഗ്ദ്ധ്യ പരിശീലനത്തിനായി ഐ. ടി. ഡി. പി മുഖാന്തരം പാലക്കാട് മുട്ടിക്കുളങ്ങരയിലേക്ക് പോയി. തടിപ്പണിയിലും നിര്‍മ്മാണതൊഴിലിലും വൈദഗ്ദ്ധ്യം നേടി. അവിടെവച്ചു ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. നല്ലൊരു ജീവിതം സ്വപ്നം കണ്ട മധുവിന് പക്ഷേ, സ്വന്തം ജീവിതം കൈവിട്ടുപോകുകയായിരുന്നു.

പ്രണയം കടുത്തതോടെ പെണ്‍കുട്ടിയുടെ വീട്ടുകാരെ സമീപിച്ച് കാര്യം പറഞ്ഞു.  പെണ്‍വീട്ടുകാര്‍ ബന്ധം നിരസിച്ചെന്നു മാത്രമല്ല. പട്ടിയെ തല്ലുംപോലെ ക്രൂരമായി മര്‍ദ്ദിച്ചു. സ്വന്തം നാടായ അട്ടപ്പാടിയില്‍ തിരിച്ചെത്തിയത് പെരുമാറ്റത്തിലും സംസാരത്തിലും സ്വാഭാവികത നഷ്ടപ്പെട്ട യുവാവാണ്. അമ്മയും സഹോദരിമാരും അതു കണ്ട് വിങ്ങിപ്പൊട്ടി. ആരെയെങ്കിലും കണ്ടാല്‍ അവന് പേടിയാണ്. കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയില്‍ പത്തുവര്‍ഷത്തോളം ചികിത്സ നടത്തി. എന്നിട്ടും കാര്യമായ ഫലമുണ്ടായില്ല.

തുടര്‍ന്നുള്ള ജീവിതം ഏകാന്തതയിലേക്കു മധുവിനെ പറിച്ചുനട്ടു. ഒറ്റപ്പെട്ട മലമടക്കിലായി താമസം. വിശപ്പ് സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ മാത്രം എന്തെങ്കിലും കഴിക്കാനായി മാത്രം പുറം ലോകത്തേക്കു വന്നു. ആ വരവിലും അവനെ മര്‍ദ്ദിക്കാനായിരുന്നു പലര്‍ക്കും താല്പര്യം. മോഷണക്കുറ്റം ആരോപിച്ചാണ് ഓരോ തവണയും അവനെ മര്‍ദ്ദിച്ചിരുന്നത്. ആ പേടി കാരണം അവന്‍ വിശപ്പ് അടക്കിപ്പിടിച്ചാണ് കാട്ടില്‍ കഴിഞ്ഞിരുന്നത്.

വിശപ്പ് സഹിക്കാന്‍ കഴിയാത്ത ഒരു നിമിഷത്തിലാണ് കഴിഞ്ഞ ദിവസം അവന്‍ വീണ്ടും പുറംലോകത്തേക്കു വന്നത്. ആ വരവില്‍ അവന്റെ ജീവനെടുക്കാന്‍ ആളുണ്ടായി. അവനെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നവരോട് കാര്യങ്ങള്‍ പറയാനുള്ള മനോബലം അവനുണ്ടായില്ല. ആകെ അവന്‍പറഞ്ഞത് ചില വാക്കുകള്‍ മാത്രം. എനിക്ക് വിശക്കുന്നു. എന്നാല്‍ അവന്‍റെ വാക്കിന് ആരും കാതോർക്കാതെ ചില നരഭോജികള്‍ അവനെ വിശപ്പും ദാഹവും ഒന്നുമില്ലാത്ത ലോകത്തെ പറഞ്ഞയച്ചു.

 

ഫൈസി ഇപ്പോള്‍

ഇനി ഫൈസി പറയുന്നു:

കൊച്ചി കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നു വര്‍ഷ ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സിന് ഞാന്‍ പഠിച്ചിരുന്നു. 2004ലായിരുന്നു അത്. കോഴ്സിന്‍റെ അവസാന ദിവസം ക്ലാസ് മുറിയില്‍ ഞങ്ങള്‍ കേക്ക് മുറിച്ചു. സഹപാഠികളിലാരോ അന്ന് അതിന്‍റെ ചിത്രം എടുത്തു. ഒപ്പം പഠിച്ച അഭിലാഷ് ഏതാനും മാസം മുന്‍പ് ഈ ചിത്രം ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമാക്കി. ഞാനും ഈ ചിത്രം ഷെയര്‍ ചെയ്തിരുന്നു. പക്ഷെ ഈ നിലയില്‍ ഇപ്പോള്‍ ഇത് ഉപയോഗിക്കുമെന്ന് കരുതിയില്ല.

ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ എന്‍റെ ജൂനിയറായി പഠിച്ച കുട്ടി ഇത് ശ്രദ്ധയില്‍ പെടുത്തി. തമാശയെന്നാണ് ആദ്യം ഞാന്‍ കരുതിയത്‌. എന്നാല്‍ സംഭവം പലരും ഷെയര്‍ ചെയ്യുന്നെന്ന് വൈകാതെ ഞാന്‍ അറിഞ്ഞു. ആ കുട്ടി പോസ്റ്റിട്ട ആളോട് ഇത് മധുവല്ല എന്ന് അറിയിച്ചപ്പോള്‍ തനിക്കു വിശ്വാസ യോഗ്യമായവരില്‍ നിന്ന് കിട്ടിയ ഫോട്ടോ എന്നായിരുന്നു മറുപടി. എന്നാല്‍ ഇപ്പോള്‍ അവര്‍ അതൊക്കെ നീക്കം ചെയ്തു. പക്ഷെ അപ്പോഴേക്കും പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു.

നേരിട്ട് സൈബര്‍ പൊലീസിന് പരാതി കൊടുക്കാനാണ് പലരും ഉപദേശിച്ചത്. അക്കാര്യം പരിഗണിക്കുന്നുണ്ട്. കേസിനൊന്നും പോകേണ്ടന്നു പറയുന്ന സുഹൃത്തുക്കളുമുണ്ട്. മനുഷ്യ മന:സാക്ഷിയെ നടുക്കിയ ദാരുണ സംഭവത്തെ ഈ നിലയില്‍ കഥ മെനഞ്ഞു കൂട്ടിക്കെട്ടിയതാണ് എന്നെ ഇപ്പോള്‍ ഏറെ ചിന്തിപ്പിക്കുന്നത്- ഫൈസി പറഞ്ഞു.