ജോണി വാക്കറിന് കൂട്ടുകാരിയായി: സ്ത്രീകളെ ലക്ഷ്യമിട്ട് ജയിന്‍ വാക്കര്‍
ജോണി വാക്കര്‍ മുദ്ര വടിയൂന്നി നടക്കുന്ന പുരുഷനെങ്കില്‍ ജയിന്‍ വാക്കറിന്‍റെ മുദ്ര വടിയൂന്നിയ സ്ത്രീയാണ്.
അമേരിക്കയില്‍ ആദ്യം 2,50,000 ജയിന്‍ വാക്കര്‍ കുപ്പികള്‍ ഇറക്കാനാണ് ഡിയാഗോയുടെ തീരുമാനം. നിലവിലെ ബ്ലാക്ക് ലേബലില്‍ ചില്ലറ മാറ്റം വരുത്തിയതാണ് ജെയിന്‍ വാക്കര്‍. 750മില്ലിയുടെ കുപ്പി 34 ഡോളറിനു (2215 രൂപ) അമേരിക്കയില്‍ കിട്ടും.
പുരുഷന്മാരായ മദ്യപരെയാണ് ഇതുവരെ ഡിയാഗോ ലക്ഷ്യമിട്ടിരുന്നത്. പരസ്യവും അവരെ ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നത് കണ്ടാണ് ജോണി വാക്കര്‍ നിര്‍മാതാക്കളുടെ ചുവടുമാറ്റം. സ്മിര്‍നോഫ് വോഡ്കയും ഡിയാഗോയുടെതാണ്.
തെറ്റിധാരണയെന്നു ഡിയാഗോ
സ്ത്രീകള്‍ക്ക് മാത്രമുള്ള വിസ്കി എന്ന നിലയിലുള്ള പ്രചാരണം തള്ളി ജെയിന്‍ വാക്കര്‍ നിര്‍മാതാക്കളായ ഡിയാഗോ രംഗത്ത്. സ്ത്രീകള്‍ക്ക് മാത്രമായി ഈ വിസ്കിയില്‍ പ്രത്യേക രുചിയില്ല, രസ മുകുളത്തിന് ആണ്‍-പെണ്‍ ഭേദവുമില്ലന്ന് ഡിയാഗോ വൈസ് പ്രസിഡന്റും വനിതയുമായ സ്റ്റെഫാനി ജെക്കൊബി പറഞ്ഞു.
ജോണി വാക്കറിന്‍റെ തുടക്കം മുതലേ സ്ത്രീകള്‍ക്ക് ഇതില്‍ നിര്‍ണായക പങ്കുണ്ട്. ജോണ്‍ വാക്കര്‍ സ്കോട്ട്ലാണ്ടിലെ ഡിസ്റ്റിലറി വാങ്ങിയത് എലിസബത്ത് ക്യുമിംഗ് എന്ന സ്ത്രീയില്‍ നിന്നാണ്. ജോണി വാക്കര്‍ ബ്രാന്‍ഡില്‍ മുഖ്യ പങ്ക് അദേഹത്തിന്‍റെ ഭാര്യക്കും അവകാശപ്പെട്ടതാണെന്നും സ്റ്റെഫാനി പറഞ്ഞു.
ജോണി വാക്കര്‍ ചേരുവ സംഘത്തിലെ പന്ത്രണ്ടില്‍ അഞ്ചു പേരും ഇപ്പോള്‍ സ്ത്രീകളാണ്.ഡിയാഗോ ഉന്നത ഉദ്യോഗസ്ഥരില്‍ നാല്‍പ്പതു ശതമാനവും പെണ്ണുങ്ങളെന്നും ഡിയാഗോ വൈസ് പ്രസിഡന്റ് പറഞ്ഞു.
ജെയിന്‍ വാക്കര്‍ ഓരോ കുപ്പി വില്ക്കുമ്പോഴും ഒരു ഡോളര്‍ സ്ത്രീകളുടെ അവകാശത്തിനു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് നല്‍കും. അമേരിക്കയിലെ ആദ്യകാല വനിതാ വിമോചന നേതാക്കളായ എലിസബത്ത് കാഡി സ്റ്റാന്‍റെണ്‍, സൂസന്‍ ബി ആന്റണി എന്നിവരുടെ പ്രതിമ സെന്‍ട്രല്‍ പാര്‍ക്കില്‍ സ്ഥാപിക്കാന്‍ 1,50,000 ഡോളര്‍ നല്‍കുമെന്നും സ്റ്റെഫാനി വ്യക്തമാക്കി.
ലേഡി ഡോറിറ്റൊസിനെ അറിയില്ലേ?
സ്ത്രീകള്‍ക്ക് പ്രത്യേക രസമുകുളമില്ല എന്ന് ജോണി വാക്കര്‍ നിര്‍മാതാക്കള്‍ പറയുമ്പോള്‍ പെപ്സി കമ്പനി പെണ്ണുങ്ങള്‍ക്ക് ലേഡി ഡോറിറ്റൊസ് ചിപ്സ് ഇറക്കാന്‍ തീരുമാനിച്ചത് ഓര്‍മയില്ലേ. ചിപ്സിന്‍റെ കറുമുറു ശബ്ദം സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ ചിപ്സ് തിന്നാന്‍ തടസമാകുന്നതിനാല്‍ ശബ്ദമില്ലാത്ത ചിപ്സ് എന്ന ആശയം പെപ്സിക്കോ ഇന്ത്യ മേധാവി ഇന്ദ്രാ നൂയി മുന്നോട്ടുവെച്ചിരുന്നു. ചിപ്സിനെ പെഴസിലൊതുക്കാനും ലക്ഷ്യമിട്ടിരുന്നു. നിലവിലെ പാക്കറ്റ് പെഴ്സില്‍ ഒതുങ്ങില്ല എന്നതും പുതിയ ആശയത്തിന് സഹായകമായി. പക്ഷെ ആശയം നടപ്പായില്ല. സ്ത്രീകള്‍ക്ക് പ്രത്യേക ചിപ്സ് അനുചിതമെന്നായിരുന്നു പെപ്സിയുടെ വിലയിരുത്തല്‍.