മുലയെന്ന് കേള്‍ക്കുമ്പോള്‍ ഇത്രയും ആശങ്കവേണോ? ഗൃഹലക്ഷ്മി കവര്‍ ഗേള്‍ ജിലു ജോസഫുമായി അഭിമുഖം

 

എന്റെ ശരീരം എന്റെ അഭിമാനവും അവകാശവുമാണ് ഒരു ചിത്രം പകര്‍ത്തിയെന്നതിന്റെ പേരില്‍ എന്തേറ്റുവാങ്ങേണ്ടി വന്നാലും ഞാനത് അഭിമാനത്തോടെ ഏറ്റുവാങ്ങും… ഗൃഹലക്ഷ്മി വനിതാദിന സ്‌പെഷ്യല്‍ ലക്കം കവര്‍ഗേള്‍ ജിലു ജോസഫ് ടൂറിസം ന്യൂസ് ലൈവ്  പ്രതിനിധി നീരജ സദാനന്ദനോട് സംസാരിക്കുന്നു.

കേരളത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു കവര്‍ ചിത്രം. ഇതിലേക്ക് ജിലു എത്തിയത് എങ്ങനെയാണ്?

ഒരു കുഞ്ഞിന്റെ മനസ്സില്‍ ആദ്യം പതിയുന്ന കാഴ്ച്ച അമ്മയുടെ മുഖമായിരിക്കും, മുലയൂട്ടല്‍ എന്ന ജൈവികപ്രക്രിയയിലൂടെ അവര്‍ തമ്മില്‍ പങ്ക് വെയ്ക്കുന്നത് നൂറായിരം കാര്യങ്ങളാണ്.ഇത്തരത്തില്‍ ഒരു ആശയുവുമായി ഗൃഹലക്ഷ്മി സമീപച്ചപ്പോള്‍ എനിക്ക് നോ എന്ന് പറയാന്‍ തോന്നിയില്ല.എന്തിനാണ് ഞാന്‍ പറ്റില്ല എന്ന് പറയുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും മനോഹരമായ ബന്ധമല്ലേ അമ്മ- കുഞ്ഞ് ബന്ധം അങ്ങനെയൊരു ബന്ധത്തിനെ ഊട്ടി ഉറപ്പിക്കുന്ന പ്രക്രിയയാണ് മുലയൂട്ടല്‍. അതുകൊണ്ട് രണ്ടാമതൊന്ന് ആലോചിച്ചില്ല-ഞാന്‍ സമ്മതം മൂളി.

ഈ കവര്‍ചിത്രത്തിനോട് കേരളം നെറ്റിചുളിക്കുകയാണല്ലോ?

എനിക്കറിയില്ല എന്തിനാണ് ഈ കവര്‍ കാണുമ്പോള്‍ എല്ലാവരും ആശങ്കപ്പെടുന്നത് എന്ന്. കുഞ്ഞിനെ മുലയൂട്ടുകയെന്നാല്‍ അത് ഒരമ്മയുടെ പ്രിവിലേജ് മാത്രമാണ്. ചുരുങ്ങിയ കാലയളവില്‍ മാത്രമേ ഈ മുലയൂട്ടല്‍ ബന്ധം നിലനില്‍ക്കുന്നുള്ളൂ പക്ഷേ ജീവിതാവസാനം വരെ ഓര്‍ത്തിരിക്കാവുന്ന നല്ലോര്‍മ്മയാണ് ഈ കാലഘട്ടം. എന്നാല്‍ തുറന്ന ്സ്ഥലത്തുള്ള മുലയൂട്ടലിനെ വള്‍ഗറായി ചിത്രീകരിക്കുമ്പോള്‍ മാത്രമാണ് അസ്വാഭാവികത വരുന്നത്. ഇതു തികച്ചും സ്വാഭാവികമായൊരു കാര്യമാണെന്ന് സ്ത്രീകളാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇങ്ങനെയൊരു ക്യാംപെയിനില്‍ തിരഞ്ഞെടുക്കപെട്ടതില്‍ അഭിമാനമാണ് തോന്നുന്നത്. എല്ലാത്തിനെയും ലൈംഗികത കലര്‍ന്ന കണ്ണുമായി കാണുന്നതാണ് പ്രധാന പ്രശ്‌നം. മുലയൂട്ടുന്ന നിമിഷത്തില്‍ ആ അമ്മയിലൂടെയും കുഞ്ഞിലൂടെയും കടന്ന് പോകുന്ന സന്തോഷം മാത്രം ചിന്തിക്കൂ.തുറന്ന മുലകള്‍ കാണുന്നതല്ല മറിച്ച് നമ്മുടെ ഉള്ളിലെ കേവലം ഭയം മാത്രമാണ് പിന്തിരിപ്പിക്കുന്നത്. എന്നാല്‍ എനിക്കാ ഭയമില്ല അവിവാഹിതയായ ഞാന്‍ തികച്ചും അഭിമാനത്തോടെയാണ് ഇത് തിരഞ്ഞെടുത്തത്.

ചിത്രത്തിലൂടെ ഇങ്ങനെയൊരു സ്ത്രീ മുന്നോട്ട് വരുന്നത് സ്ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ. എന്നാല്‍ ഈ ചിത്രത്തോട് സ്ത്രീകളാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്?
ഗൃഹലക്ഷ്മിക്ക് വേണ്ടി ഞാന്‍ ചെയ്ത ഒരു അസൈന്‍മെന്റാണ് ഇത്. എന്നാല്‍ അതിനെക്കാള്‍ ഉപരി ലക്ഷകണക്കിന് അമ്മമാര്‍ക്ക് വേണ്ടി കൂടിയാണ് ഞാന്‍ ഇത് ഏറ്റെടുത്തത്. പക്ഷേ ഇന്ന് കാലത്ത് മുതല്‍ സമൂഹമാധ്യമങ്ങള്‍ വഴി മുഖചിത്രത്തെക്കുറിച്ച് ചര്‍ച്ച വന്നു. കൂടുതലും സ്ത്രീകളാണ് വിയോജിക്കുന്നത്. ശരിയാണ് ചിലര്‍ക്ക് മുലയൂട്ടുമ്പോള്‍ സുരക്ഷിതമായൊരു ഇടം വേണം. ഞാന്‍ ആരേയും എതിര്‍ക്കുന്നില്ല. കാരണം എന്റെ വ്യക്തിപരമായ കാമ്പയിന്‍ അല്ല ഇത്. സ്വന്തം കുഞ്ഞിനെ നോക്കി കളിപ്പിച്ചും ചിരിപ്പിച്ചും പാലൂട്ടുന്ന പ്രൗഡ് അമ്മമാര്‍ക്കും, ഭാര്യമാര്‍ക്കും വേണ്ടിയാണ് ഞാന്‍ ഇത് ഏറ്റെടുത്തത്. വിയോജിക്കാം, കൂടെനില്‍ക്കാം എല്ലാത്തിനോടും സ്‌നേഹം മാത്രമേയുള്ളൂ.

ഇടുക്കിക്കാരി, എയര്‍ഹോസ്റ്റസ്, സഞ്ചാരി, എഴുത്തകാരി, ഇതെല്ലാമാണ് ജിലു.. എന്നാല്‍ ഇതില്‍ ഏത് ജിലുവിനോടാണ് കൂടുതല്‍ ഇഷ്ടം?

ഞാന്‍ ഇതെല്ലാമാണ് (ചിരിക്കുന്നു) പക്ഷേ സഞ്ചാരിയായ ജിലുവിനെയാണ് കൂടുതല്‍ ഇഷ്ടം. സത്യത്തില്‍ ഞാനൊരു മോഡല്‍ അല്ല ഗൃഹലക്ഷ്മിക്ക് വേണ്ടിയാണ് ആദ്യമായൊരു ഫോട്ടോഷൂട്ട് ചെയ്യുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് ജോലി തിരഞ്ഞെടുത്തതും ഉപേക്ഷിച്ചതും. യാത്ര ചെയ്യാനാണ് കൂടൂതല്‍ ഇഷ്ടം. പോയ സ്ഥലങ്ങളെ ക്യാമറയിലൂടെ പകര്‍ത്തുന്നതിലാണ് ഞാന്‍ സന്തോഷം കണ്ടെത്തുന്നത്.

മുഖചിത്രം പുറത്തുവന്നതിന് ശേഷം വീട്ടുകാരുടെ പ്രതികരണം?
അമ്മയും രണ്ടും സഹോദരിമാരുമാണ് എനിക്കുള്ളത്. അസൈന്‍മെന്റിനെക്കുറിച്ച് ആദ്യം സംസാരിച്ചത് ചേച്ചിയോടാണ് എതിര്‍പ്പായിരുന്നു. ഇപ്പോഴും എതിര്‍പ്പാണ്. അവരുടെ വിഷമം എനിക്ക് മനസിലാകും. എന്നാല്‍ എനിക്ക് ശരിയെന്ന് തോന്നുന്നത് മാത്രമേ ചെയ്തുള്ളൂ. എതിര്‍പ്പുകള്‍ക്കൊന്നും എന്നെ പിന്‍തിരിപ്പിക്കാന്‍ കഴിയില്ല.