Kerala

പ്രേതഭൂമിയിലേക്ക്;ഒരു ധനുഷ്‌കോടി യാത്രയുടെ ഓർമ

ഐ ടി വിദഗ്ദയും തിരുവനന്തപുരം സ്വദേശിയുമായ അനു ദേവരാജന്‍ കണ്ട ധനുഷ്‌കോടി കാഴ്ചകള്‍…

പാമ്പൻ പാലം തുടങ്ങി കടലുകൾ തീർക്കുന്ന വിസ്‌മയ ഭൂമി. ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള ഭൂപ്രദേശം. പാമ്പൻ പാലം എന്ന ഇഞ്ചിനീറിങ് വിസ്‌മയം ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന പാമ്പൻ ദ്വീപ സമൂഹം. രാമേശ്വരത്തു നിന്ന് 9.5 കിലോമീറ്ററുകൾ രണ്ടു കടലുകൾക്കു നടുവിലായി നീണ്ടുകിടക്കുന്ന ഒരു തുണ്ടു ഭൂമിയിലൂടെ യാത്ര ചെയ്തു എത്തിപ്പെടുന്ന ധനുഷ്‌കോടി എന്ന ഇന്ത്യയുടെ കിഴക്കേ മുനമ്പ്. ധനുഷ്‌കോടി കൊതിപ്പിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായിരുന്നു.

ഒരു കാലത്തു വളരെ പ്രൗഢമായ പട്ടണമായിരുന്നു ധനുഷ്‌കോടി. NH 49 ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ധനുഷ്‌കോടി വരെ ബന്ധിപ്പിച്ചിരുന്നു. ട്രെയിൻ/ടെലഗ്രാം/ആരാധനാലയങ്ങൾ/ആശുപത്രി തുടങ്ങി ഒരു ആധുനിക നഗരത്തിനു വേണ്ടതെല്ലാം ധനുഷ്‌കോടിക്കുമുണ്ടായിരുന്നു. എന്നാൽ 1964 ലെ കൊടുങ്കാറ്റു എല്ലാം നാമാവശേഷമാക്കി. തുടർന്ന് ഭൂതകാലത്തിന്റെ പ്രൗഢിയുടെ അവശേഷിപ്പു മാത്രമായി മാറിയ ആ ഭൂമി ‘പ്രേതനഗരം’ എന്നറിയപ്പെട്ടു തുടങ്ങി. ഇന്നത്തെ ധനുഷ്കോടിയിലാവട്ടെ വൈദ്യതിയോ ആവശ്യത്തിന് ശുദ്ധജലമോ ഇല്ല, മൊബൈൽ നെറ്റ്‌വർക്ക് നന്നേ കുറവ്. വൈദ്യതിക്കായുള്ള ആശ്രയം കുടിലുകളിൽ സ്ഥാപിച്ചിരിക്കുന്ന ചെറിയ സോളാർ യൂണിറ്റുകളാണ്. അവിടെ എത്തുന്ന സഞ്ചാരികൾക്കു കുപ്പിവെള്ളവും ഇളനീരും കടൽചിപ്പികൾ കൊണ്ടുണ്ടാക്കുന്ന കൗതുകവസ്‌തുക്കളും വിറ്റു ജീവിക്കുന്ന ഒരു വിഭാഗം ജനങ്ങളാണ് ഇവിടുത്തെ അന്തേവാസികൾ.

ഇതൊക്കെയാണെങ്കിലും, ഒരു ഭാഗത്തു ഇന്ത്യൻ മഹാസമുദ്രവും മറുഭാഗത്തു ബംഗാൾ ഉൾക്കടലും, ഇതിനു രണ്ടിനുമിടയിൽ നീളമുള്ള ഒരു കരയുടെ കഷണംപോലെ നീണ്ടു കിടക്കുന്ന ധനുഷ്‌കോടി ഒരു ഭൂമിശാസ്ത്രവിസ്‌മയം തന്നെയാണ്. കൂട്ടത്തിൽ ഗതകാല പ്രൗഢിയുടെ അവശേഷിപ്പുകളായി ടെലഗ്രാം ഓഫിസും കൽക്കരിയുടെ കരിപ്പാടുകൾ ഇന്നും പേറുന്ന റെയിൽവേ ലൈനും (metre gauge) തകർന്നടിഞ്ഞു അസ്ഥികൂടം കണക്കു സ്ഥിതിചെയ്യുന്ന പോർച്ചുഗീസ് പള്ളിയും മേൽക്കൂരയുണ്ടായിരുന്നു എന്ന് പോലും തോന്നിപ്പിക്കാത്ത വിധത്തിൽ അവശേഷിക്കുന്ന ആശുപത്രിയും, ഒരു മഹാദുരന്തത്തിൻറെ നൊമ്പരം അവശേഷിപ്പിക്കുമെങ്കിലും മറക്കാനാകാത്ത കാഴ്ച്ചകളാണ്.

രാമേശ്വരത്തു നിന്ന് ധനുഷ്കോടിയിലേക്കുള്ള യാത്രയിൽ രണ്ടു വശവും മുൾക്കാടുകൾക്കപ്പുറമുള്ള കടലും വണ്ടിയിലിരുന്നു ദൂരെ കടലിനു നടുവിലെന്നോണം കണ്ട കോതണ്ഡരാമസ്വാമി ക്ഷേത്രവും ആകർഷിച്ചുകൊണ്ടിരുന്നു. തിരികെ വരുന്ന വഴി ക്ഷേത്രം പോയി കണ്ടു. ഒന്ന് രണ്ടിടത്തിറങ്ങി മുൾക്കാടുകൾക്കിടയിലൂടെ നടന്നു കടൽ തീർക്കുന്ന മനോഹരമായ ഏകാന്തതയും അനുഭവിച്ചറിഞ്ഞു. വിജനമായ ആ മുൾക്കാടുകൾ ഒറ്റക്കുള്ള നടത്തത്തെ തെല്ലൊന്നു ഭയപ്പെടുത്തിയെങ്കിലും, അതിനപ്പുറം കടൽ തീർത്ത കാഴ്ച്ച, അതും നീണ്ടു കിടക്കുന്ന, തിരകൾ കുറവായ വിജനമായ കടൽത്തീരത്ത് നിന്ന് കണ്ട കടൽ കാഴ്ച്ച മറക്കാനാവാത്തതാണ്.

ധനുഷ്‌കോടിയിലേക്കുള്ള യാത്രയിൽ ശ്രദ്ധിച്ച മറ്റൊന്നു രണ്ടു വശങ്ങളിലെ കടലുകൾ തമ്മിലുള്ള വ്യത്യാസമായിരുന്നു. തിരകളുടെ സ്വഭാവത്തിലും ഭാവത്തിലും കടലാഴത്തിലുമെല്ലാം ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും തികച്ചും ഭിന്നമാണ്‌. ധനുഷ്‌കോടിയിൽ കരയുടെ ഏറ്റവും ‘അറ്റത്തെത്തുമ്പോൾ’, രണ്ടു കടലുകൾ പരസ്പരം ചേരുന്നത് തിരകളുടെ ദിശയിൽ നിന്ന് വളരെ പ്രകടമായി തന്നെ മനസ്സിലാക്കാനാവും. രണ്ടു വ്യത്യസ്ത താപനിലയും സ്വഭാവവുമുള്ള കടലുകൾ ചേരുന്ന സ്ഥലമായതുകൊണ്ടുതന്നെ സമുദ്രവിഭവങ്ങളാൽ സമ്പന്നമാണ് ഇവിടം. അത് കൊണ്ട് തന്നെ മത്സ്യബന്ധനം ഇവിടുത്തുകാരുടെ പ്രധാന ഉപജീവനമാർഗമാണ്.

ധനുഷ്‌കോടിയിൽ നിന്ന് ഇരുപതോളം കിലോമീറ്ററുകളുടെ മാത്രം അകലത്തിലാണ് ശ്രീലങ്ക. വളരെ ഇടുങ്ങിയ പാക് കടലിടുക്കാണ് ഇരു കരകളെയും വേർതിരിക്കുന്ന ഒരേ ഒരു ഘടകം. ധനുഷ്‌കോടി വഴിയുള്ള ശ്രീലങ്കൻ അഭയാർത്ഥി പ്രവാഹവും ശ്രീലങ്കയിലെ തമിഴ് വംശജരും സ്ഥിരമായി മത്സ്യബന്ധനബോട്ടുകൾ ഇരുവശത്തും കടലതിർത്തി കടക്കുന്നതും സന്ധ്യ കഴിഞ്ഞാൽ ധനുഷ്കോടിയിലേക്കുള്ള റോഡ് ഗതാഗതം ഇപ്പോഴും നിരോധിച്ചിരിക്കുന്നതുമെല്ലാം ചരിത്രപരമായും രാഷ്ട്രീയമായും ഭൂമിശാസ്‌ത്രപരമായുമുള്ള ഇത്തരം സവിശേഷതകൾ കൊണ്ടാണ്.

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തരം സുഷിരങ്ങളേറെയുള്ള പാറകളും (ഇതിൽ നിന്നാവണം രാമസേതു നിർമിച്ച ഐതിഹ്യം) ബലിതർപ്പണത്തിനു എത്തുന്ന ആയിരങ്ങൾ അവശേഷിപ്പിക്കുന്ന ബലിവസ്തുക്കളും (രാമേശ്വരം ക്ഷേത്രനഗരം എന്നും അറിയപ്പെടുന്നു) ധനുഷ്‌കോടിയിലെ മറ്റു കാഴ്ച്ചകളാണ്.

അങ്ങനെ ധനുഷ്‌കോടിയിൽ നിന്ന് തിരികെ രാമേശ്വരത്തേക്ക്, അവിടുന്ന് പാമ്പൻ പാലം കടക്കുമ്പോൾ, കണ്ടു മതിയാകാത്ത കാഴ്ച്ച പോലെ പിന്നിൽ പാമ്പൻ ദ്വീപുകൾ. കടലൊരുക്കിവച്ചിരിക്കുന്ന ആ വിസ്‌മയം മനസ്സ് നിറച്ചെങ്കിലും, വീണ്ടും വരണം എന്ന് ഉറപ്പിച്ചു, തിരികെ…