കിയയുടെ വിവിധ മോഡലുകള്‍ ഇന്ത്യയിലെത്തും
കൊറിയയില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ അതിഥി കൂടി- കിയ. ഇന്ത്യന്‍ വാഹന വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹ്യുണ്ടായിക്ക് അവരുടെ നാട്ടില്‍ നിന്നുതന്നെയുള്ള എതിരാളിയാണ് കിയ. ഹ്യുണ്ടായ് മേധാവിത്വം പുലര്‍ത്തുന്ന എല്ലാ മോഡലുകളിലും കിയയും വരുന്നുണ്ട്.
ഡല്‍ഹിയിലെ ഓട്ടോ എക്സ്പോയില്‍ കിയ വിവിധ മോഡലുകള്‍ പ്രദര്‍ശിപ്പിക്കും. പുതിയ എസ്.യു.വി. മാതൃകകളും അവതരിപ്പിക്കും. ആന്ധ്രയിലെ നിര്‍മാണ യൂനിറ്റ് ഈ വര്‍ഷം സജ്ജമാകുന്നതോടെ അവിടെനിന്നും ഉല്‍പ്പാദനം ആരംഭിക്കും.
പികാന്തോ
ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ ടെന്നിനോട് സാദൃശമുള്ള മോഡലാണ് പികാന്തോ. കാറിന്‍റെ മുമ്പിലെ ഗ്രില്ലും ഹെഡ് ലാമ്പ് ക്ലസ്റ്ററുമൊഴികെ ബാക്കിയെല്ലാം ഗ്രാന്‍ഡ് ഐ ടെന്നില്‍ നിന്നും കടമെടുത്തത് പോലെ തോന്നും. അന്താരാഷ്‌ട്ര വിപണിയില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഇതിനു കരുത്തേകുന്നത്.
സൊറെന്‍റോ
സൊറെന്‍റോയുടെ പുതിയ രൂപം കഴിഞ്ഞ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതായിരിക്കും ഇന്ത്യന്‍ വിപണിയിലെത്തുക. ഹ്യുണ്ടായ് സാന്‍റ ഫേ, സ്കോഡ കൊഡിയാക് എന്നിവയായിരിക്കും സൊറെന്‍റോയുടെ പ്രധാന എതിരാളി. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളില്‍ 2.2 ലിറ്ററും ഡീസലില്‍ 2.0 ലിറ്ററും തരുന്ന എന്‍ജിനാണ് സൊറെന്‍റോക്ക് കരുത്തേകുക. സിക്സ് സ്പീഡ് മാന്വലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമാണ് വിപണിയിലുള്ളത്. ഫോര്‍ വീല്‍ ഡ്രൈവും ഒപ്ഷണലായി നല്‍കുന്നുണ്ട്.
റിയോ
അന്താരാഷ്‌ട്ര വിപണിയില്‍ ഇറങ്ങുന്നതിലും നാലുമീറ്റര്‍ നീളം കുറച്ചാണ് റിയോ ഇന്ത്യയിലെത്തുക. ഹ്യുണ്ടായ് ഐ ട്വന്‍റി, മാരുതി ബലേനോ, ഹോണ്ട ജാസ് എന്നീ മോഡലുകള്‍ക്ക് ഭീഷണി ആയാണ് റിയോ ഇറങ്ങുക. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ റിയോക്കു കരുത്തേകും.
സ്റ്റോണിക്
യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ച ചെറിയ എസ്.യു.വി. മോഡലാണ് സ്റ്റോണിക്. 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് 1.4 ലിറ്റര്‍ എന്‍ജിനായിരിക്കും പെട്രോളില്‍ ഉള്ളത്. ഡീസലില്‍ 1.6 ലിറ്ററായിരിക്കും. ടാറ്റയുടെ നെക്സോന്‍, ഫോര്‍ഡ് എക്കോ സ്പോര്‍ട്സ്, മാരുതി ബ്രെസ്സ എന്നിവയായിരിക്കും പ്രധാന എതിരാളി.
സ്റ്റിങ്ങര്‍
അമേരിക്കന്‍ വിപണിയില്‍ കിയയുടെ ശക്തിയാണ് സ്റ്റിങ്ങര്‍. കരുത്തുറ്റ ബോഡി ലൈനിങ്ങും മുന്നിലെ ഗ്രില്ലുകളുമാണ് സ്റ്റിങ്ങറിന്‍റെ പ്രത്യേകത. അമേരിക്കയില്‍ 244 ബി.എച്ച്.പി. കരുത്തുമായുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 197 ബി.എച്ച്.പി. കരുത്ത് നല്‍കുന്ന 3.3 ലിറ്റര്‍ എന്‍ജിനുമാണ് നല്‍കിയിട്ടുള്ളത്. ഈ മോഡലുകളാവും ഇന്ത്യയില്‍ എത്തുക.
സ്പോര്‍ട്ടേജ്
ഫോക്സ് വാഗണ്‍ ടിഗ്വാന്‍, ഹോണ്ട സി.ആര്‍.വി, ഹ്യുണ്ടായ് ട്യൂസോണ്‍, ജീപ്പ് കോപാസ് എന്നിവയ്ക്കു എതിരാളിയായിരിക്കും എസ്.യു.വി മോഡലായ സ്പോര്‍ട്ടേജ്. 402 എന്‍.എം. ടോര്‍ക്കില്‍ 185 എച്ച്.പി. കരുത്തുനല്‍കുന്ന 2.0 ലിറ്റര്‍ എന്‍ജിനായിരിക്കും സ്പോര്‍ട്ടേജിനെ മുന്നോട്ടു നയിക്കുക.
സെററ്റോ
ആഡംബര സെഡാനിലേക്ക് കിയയുടെ സംഭാവനയാണ് സെററ്റോ. ഹ്യുണ്ടായ് എലാന്‍ട്ര, സ്കോഡ ഒക്ടോവിയ, ഹോണ്ട സിവിക് എന്നിവയാവും പ്രധാന എതിരാളികള്‍. 157 എന്‍.എം. ടോര്‍ക്കില്‍ 130 എച്ച്.പി. കരുത്ത് നല്‍കുന്ന 1.6 ലിറ്റര്‍ എന്‍ജിനാണിതിന്. സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിന്‍റെ പിന്തുണയുമുണ്ട്.