കൊളുക്കുമലയിലേക്ക് കൂടെപ്പോകാം കാര്‍ത്തിക്കിനൊപ്പം

മൂന്നാറില്‍ നിന്നും 35കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊളുക്കുമലയിലെത്താം. ചിന്നക്കനാലില്‍ നിന്ന് സൂര്യനെല്ലി പോകുന്ന വഴിയാണ് സമുദ്രനിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൊളുക്കുമലയുള്ളത്. 2002 മുതലാണ്‌ ഇവിടേയ്ക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയത്. അന്നുമുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഇവിടെത്തുന്ന സഞ്ചാരികളെ കൊളുക്കുമല കാണിക്കുന്ന ഗൈഡ് കാര്‍ത്തിക് ടൂറിസം ന്യൂസ്‌ ലൈവിനോട് സംസാരിച്ചു.

ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നവനാണ് ഞാന്‍. ഇവിടെ ടൂറിസം ആരംഭിച്ചതുമുതല്‍ സഞ്ചാരികളെയും കൊണ്ട് ഞാന്‍ മലകയറുന്നു. സീസണ്‍ ആവുമ്പോള്‍ ഒരുദിവസം മൂന്നു തവണ സവാരി നടത്തും. 12 കിലോമീറ്ററാണ് മലയിലേക്കുള്ള ദൂരം. അതില്‍ 7 കിലോമീറ്റര്‍ ഓഫ്‌റോഡാണ്. മൂന്നുമണിക്കൂറെടുക്കും ഈ ദൂരം പോയി തിരിച്ചുവരാന്‍. വിദേശികളാണ് കൂടുതലും കൊളുക്കുമലയുടെ മുകളില്‍ പോവാറുള്ളത്. സാഹസികര്‍ക്ക് പറ്റിയ സ്ഥലമാണിത്.

ഓരോ തവണയും മലയുടെ മുകളിലേക്ക് ജീപ്പ് ഓടിക്കുമ്പോള്‍ ഓരോ അനുഭവമാണ് ലഭിക്കുക. എന്നും വ്യത്യസ്ഥ കാഴ്ചകളാണ്. ചിലപ്പോഴൊക്കെ മുയല്‍, മുള്ളന്‍പന്നി തുടങ്ങിയ മൃഗങ്ങളെയും കാണാം. മലക്കുമുകളില്‍ എല്ലായിപ്പോഴും തണുപ്പാണ്. അവിടെ നിന്നാല്‍ മൂന്നാറും തമിഴ്നാടും കാണാം. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടങ്ങളിലൊന്ന് കൊളുക്കുമലക്ക് മുകളിലാണ്. 1945ലാണ് ഇത് സ്ഥാപിച്ചത്. രാവിലെ അഞ്ചുമണിക്ക് മലകയറിയാല്‍ ഉദയം കാണാം. വൈക്കീട്ട് ഇവിടെ നിന്നാല്‍ അസ്തമയവും കാണാം.

മറക്കാനാവാത്ത അനുഭവം

എല്ലാ ദിവസവും ഓരോ അനുഭവമാണ്. ആളുകള്‍ ഇവിടേക്ക് വരുന്നത് ഉല്ലാസത്തിനാണ്. അപ്പോള്‍ നമ്മള്‍ അവര്‍ക്ക് പരമാവധി സന്തോഷം നല്‍കണം. അതിനു ശ്രമിക്കാറുണ്ട്. പിന്നെ എനിക്കും ഇതൊരു ആഹ്ളാദമാണ്. ഓരോ ദിവസവും വ്യത്യസ്ഥ ആളുകളെ പരിചയപ്പെടാം. ഹിന്ദി, ഇംഗ്ലീഷ്, മറാഠി, ഗുജറാത്തി തുടങ്ങിയ ഭാഷകള്‍ പഠിച്ചു. ഇത്രയും വര്‍ഷമായിട്ടും ഇതുവരെ അപകടമൊന്നും സംഭവിച്ചിട്ടില്ല. കൊളുക്കുമലയുടെ എല്ലാ മാറ്റങ്ങളും പെട്ടെന്ന് അറിയാന്‍ പറ്റും. ഇവിടുത്തെ ഓരോ കാര്യങ്ങളും കാണാപാഠമാണ്.

എങ്ങനെയെത്താം

മൂന്നാറില്‍ നിന്നും ചിന്നക്കനാലിലേക്ക് ബസ്‌ കിട്ടും. അവിടെ നിന്നും സൂര്യനെല്ലി റോഡില്‍ സഞ്ചരിച്ചാല്‍ കൊളുക്കുമലയിലേക്ക് ജീപ്പ് കിട്ടും.

ജീപ്പിന് 1800 രൂപയാണ് ചാര്‍ജ്. ട്രെക്കിങ്ങിനു പോകുകയാണെങ്കില്‍ 2600 രൂപ കൊടുക്കണം.