കേന്ദ്ര ബജറ്റ് ഇന്ന്: പ്രതീക്ഷയോടെ ടൂറിസം മേഖല

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് മണിക്കൂറുകള്‍ മാത്രം.പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ടൂറിസം മേഖല. കേരളീയനായ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായ ശേഷമുള്ള ആദ്യ ബജറ്റില്‍ സംസ്ഥാനത്തെ ടൂറിസം മേഖലക്ക് കാര്യമായ പ്രാമുഖ്യം കിട്ടുമോ എന്നതും ആകാംക്ഷയുണര്‍ത്തുന്നു,
വിദേശനാണ്യം നേടുന്ന കയറ്റുമതിക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍ ടൂറിസം മേഖലക്കും ലഭ്യമാക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.ടൂറിസം മേഖലയില്‍ നിന്നുള്ള വിദേശ നാണ്യ വരുമാനത്തില്‍ 20ശതമാനത്തിലേറെ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ബജറ്റിന് മുന്നോടിയായി വെച്ച സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു.

മാറുമോ നികുതിഘടന?
ടൂറിസം മേഖലയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് നികുതി പരിഷ്കരണം. ജിഎസ്ടി നടപ്പാക്കിയതോടെ സര്‍വത്ര ആശയക്കുഴപ്പമായി.കേന്ദ്ര സര്‍ക്കാര്‍ പോംവഴികള്‍ നിര്‍ദ്ദേശിക്കുന്നെങ്കിലും ആത്യന്തിക പരിഹാരം ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ടൂറിസത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്ന തായ്ലാന്‍ഡ്,മലേഷ്യ, സിംഗപ്പൂര്‍,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി മത്സരിക്കാന്‍ ആഗോള തലത്തിലെ നികുതി കണക്കിലെടുക്കണമെന്ന് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്)നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.


ഹോട്ടലുകളുടെ നികുതി കുറയ്ക്കുന്നത് ടൂറിസം മേഖലക്ക് കൂടുതല്‍ പ്രോത്സാഹനമാകും.നിലവില്‍ 2500-7500 നിരക്കിലുള്ള ഹോട്ടലുകള്‍ക്കും 18%ആണ് ജിഎസ്ടി.ഇതില്‍ യുക്തിസഹമായ കുറവ് അനിവാര്യമാണ്.
കോര്‍പ്പറേറ്റ് ടാക്സ് 30ല്‍ നിന്നും 25%ആയി കഴിഞ ബജറ്റില്‍ കുറച്ചിരുന്നു. ഇതിന്‍റെ പ്രയോജനം കിട്ടിയതാകട്ടെ 50 കോടിക്ക് മേല്‍ ടേണ്‍ഓവര്‍ ഉള്ളവര്‍ക്കും. അമേരിക്കയിലാകട്ടെ അടുത്തിടെ ട്രംപ് ഭരണകൂടം കോര്‍പ്പറേറ്റ് നികുതി 21% ആയി കുറച്ചു. ഇതോടെ അമേരിക്കന്‍ കമ്പനികള്‍ പുറത്തേക്ക് നിക്ഷേപം നടത്തുന്നത് ചുരുങ്ങി. ഈ സാഹചര്യത്തിലാണ് നികുതി കുറയ്ക്കണമെന്ന ആവശ്യം ഇന്ത്യയിലെ ടൂര്‍ മേഖലയിലും ശക്തമാകുന്നത്. നികുതി കുറച്ചാല്‍ വിദേശ കമ്പനികള്‍ അവരുടെ വാര്‍ഷിക യോഗമോ ടൂറോ ഇന്ത്യയിലേക്ക്‌ നടത്താന്‍ വ്യവസ്ഥ ചെയ്യണമെന്നു അറ്റോയ് ആവശ്യപ്പെട്ടു. ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റും ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് യോജിച്ച വിധം ക്രമീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌.


സൗകര്യങ്ങള്‍ വികസിക്കുമോ?
ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ളപദ്ധതികളും പണവും എത്രയെന്നും ഈ മേഖല ഉറ്റുനോക്കുന്നു.വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ട്രെയിനുകള്‍, മറ്റു ഗതാഗത സംവിധാനങ്ങള്‍ എന്നിവ ശക്തിപ്പെടുത്തല്‍, പുതിയ പാതകളുടെ നിര്‍മാണം, മറ്റു സൗകര്യങ്ങള്‍ എന്നിവ എന്തൊക്കെ എന്നും അറിയേണ്ടതുണ്ട്.
രാജ്യത്തെ വലിയ തൊഴില്‍ദായക മേഖല കൂടിയാണ് ടൂറിസം.അതുകൊണ്ട് ഈ മേഖലക്ക് ബജറ്റില്‍ വലിയ പരിഗണന നല്‍കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം രംഗത്തുള്ളവര്‍