Auto

പുത്തന്‍ പരിഷ്ക്കാരവുമായി തണ്ടര്‍ബേര്‍ഡ് എത്തുന്നു

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി കീഴടക്കാന്‍ പരിഷ്കാരങ്ങളുമായി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് എത്തുന്നു. അടിമുടി മാറ്റത്തോടെ തണ്ടര്‍ബേര്‍ഡ് 350x, 500x മോഡലുകള്‍ കമ്പനി പുറത്തിറക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയ്ക്ക് മുമ്പേ പുതിയ തണ്ടര്‍ബേര്‍ഡുകള്‍ കമ്പനി പുറത്തിറക്കുമെന്നാണ് സൂചന. ഇത്തവണ എക്സ്പോയില്‍ തണ്ടര്‍ബേര്‍ഡ് പങ്കെടുക്കുന്നില്ല.

എന്‍ഫീല്‍ഡിന്‍റെ പരമ്പരാഗത രൂപത്തിനൊപ്പം സ്പോര്‍ട്ടി ലുക്കും കൈവശപ്പെടുത്തിയാണ് തണ്ടര്‍ബേര്‍ഡിന്‍റെ വരവ്. പിന്നില്‍ ഉയര്‍ന്നു നിന്ന ബാക്ക് റെസ്റ്റ് ഇത്തവണയില്ല. ഹാന്‍ഡില്‍ ബാറിന്‍റെ ഉയരം വര്‍ധിപ്പിച്ചു. എന്‍ജിന്‍ പൂര്‍ണമായും കറുത്ത നിറത്തിലേക്ക് മാറി. ടാങ്ക് നിറത്തിന് സമാനമായി റിം സ്റ്റിക്കറും പുതിയ പതിപ്പിലുണ്ട്.

ചുവപ്പ്, നീല, മഞ്ഞ നിറങ്ങളില്‍ തണ്ടര്‍ബേര്‍ഡ് എക്സ് നിര സ്വന്തമാക്കാം. 350x തണ്ടര്‍ബേര്‍ഡിന് 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കുള്‍ട് എന്‍ജിനാണ് കരുത്തേകുക. 5250 ആര്‍പിഎമ്മില്‍ 19.8 ബിഎച്ച്പി പവറും 4000 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കുള്ള 499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് തണ്ടര്‍ബേര്‍ഡ് 500xന് കരുത്തേകുക.