പകിട്ടുള്ള ടൂറിസമല്ല: പരിവട്ടം അനുഭവിച്ചറിയാം.. മുംബൈയില്‍ ചേരി ടൂറിസം
പലതരം ടൂറിസം കടന്ന് ഒടുവില്‍ ജയില്‍ ടൂറിസത്തില്‍ എത്തിയ നാടാണ് മഹാരാഷ്ട്ര. ഇവിടെയാണ് ചേരി ടൂറിസവും പിറക്കുന്നത്.
ചേരി നിവാസികളുടെ ജീവിത ദുരിതം മനസിലാക്കി പണം മുടക്കി ചേരിയില്‍ കഴിയാന്‍ അവസരമെന്നാണ് ഇതിന്റെ പ്രചാരണം. ഹോളണ്ട് സ്വദേശി ഡേവിഡ് ബിജലിന്റെതാണ് ആശയം. ചേരി നിവാസികള്‍ക്കിടയിലാണ് ഡേവിഡിന്റെ പ്രവര്‍ത്തനം. ചേരിയില്‍ താമസിക്കുന്ന രവി സന്‍സിയാണ് ചേരി ടൂറിസത്തില്‍ ഡേവിഡിന്റെ പങ്കാളി.
രണ്ടായിരം രൂപയാണ് ചേരിയില്‍ താമസിക്കാന്‍ നിരക്ക്. പണം മുഴുവന്‍ കുടില്‍ ഉടമക്ക് നല്‍കും.അതിഥിക്ക് പ്രത്യേക സ്ഥലമുണ്ടാകും. അവിടെ പുതിയ വിരി വിരിച്ച നിലത്തു കിടക്കാം.എസിയും ഫ്ലാറ്റ് ടിവിയുമുണ്ടാകും.എന്നാല്‍ മലമൂത്ര വിസര്‍ജ്ജനത്തിനു ചേരിയിലെ പൊതു ശൌചാലയം ഉപയോഗിക്കണം.
രവി സന്‍സിയുടെ വീട് അഴുക്കു ചാലിനോട് ചേര്‍ന്നാണ്. കുടുംബാംഗങ്ങളായപതിനാറു പേര് ഒപ്പം താമസിക്കുന്നു. വീട്ടിലാര്‍ക്കും ഇംഗ്ലീഷ് അറിയില്ല.എങ്കിലും വിദേശികള്‍ വേര്‍പിരിയാനാവാതെ ഇവിടം വിട്ട അനുഭവം രവി സന്സിക്ക് പറയാനുണ്ട്.
ചേരിയെ പലരും തെറ്റായാണ് മനസ്സിലാക്കിയതെന്നും സന്‍സി. പലര്‍ക്കും ഇവിടെ വന്ന് വെറുതെ ചിത്രമെടുത്ത് ഫേസ്ബുക്കില്‍ ഇടാനാണ് താത്പര്യം. എന്നാല്‍ ചേരിയില്‍ താമസിക്കുന്നത് അത്തരം ചിന്തകളെ മാറ്റിമറിക്കുമെന്നും സന്‍സി.
ചേരി ടൂറിസത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദം ഉയര്‍ന്നു കഴിഞ്ഞു. ചേരി നിവാസികളെ കാഴ്ചബംഗ്ലാവു പോലെ പ്രദര്‍ശന വസ്തുവാക്കും ഇതെന്ന് ചിലര്‍. ചേരികള്‍ ഇന്ത്യയുടെ പൈതൃക സ്മാരകമല്ലെന്നും പാമ്പാട്ടികളുടെ നാട് എന്ന ദുഷ്പേരിനു പുറമേ ചേരികളുടെ നാട് എന്ന ഖ്യാതി വരാനേ ഈ ടൂറിസത്തിലൂടെ ഉപരിക്കൂ എന്നും അവര്‍.എന്നാല്‍ ചേരി ജീവിതത്തിന്റെ സത്യസന്ധമായ അനുഭവം ഇതിലൂടെ മനസിലാക്കാമെന്നാണ് മറുവിഭാഗത്തിന്റെ വാദം.