കേരളത്തിലേക്ക് വരൂ.. ആകാശവിസ്മയത്തിനു സാക്ഷിയാകാം
അത്യപൂര്‍വമായ ജ്യോതിശാസ്ത്ര പ്രതിഭാസം കാണണോ ? എങ്കില്‍ തയ്യാറായിക്കോളൂ. നാളെ കേരളക്കര ഈ കാഴ്ചക്ക് വേദിയാവും. 150 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ സൂപ്പര്‍ മൂണ്‍, ബ്ലൂ മൂണ്‍, ചന്ദ്രഗ്രഹണം എന്നിവ ഒരേ ദിവസം സംഭവിക്കും. 1866 മാര്‍ച്ച് 31നാണ് ഈ പ്രതിഭാസം അവസാനമായി സംഭവിച്ചത് .
നാളെ വൈകീട്ടോടെ അത്ഭുതകരമായ കാഴ്ച്ചയുടെ വിരുന്നൊരുക്കും ഈ ശാസ്ത്ര സംഭവം. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുമെങ്കിലും ദൂരദര്‍ശിനിയിലൂടെ കാണുമ്പോഴേ അതിന്റെ പൂര്‍ണത മനസ്സിലാവൂ. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യുസിയത്തിലെ പ്രിയദര്‍ശിനി പ്ലാനറ്റോറിയം ഈ പ്രതിഭാസം ജനങ്ങളിലെത്തിക്കാന്‍ ദൂരദര്‍ശിനികള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മറ്റു സ്ഥലങ്ങളിലും വിവിധ ശാസ്ത്ര സംഘടനകള്‍ സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
നാളെ വൈകീട്ട് നാലുമണിക്ക് ജ്യോതിശാസ്ത്രജ്ഞരുടെ ബോധവല്‍ക്കരണ ക്ലാസ് നടക്കും. തുടര്‍ന്ന് ആകാശനിരീക്ഷണം ആരംഭിക്കും. സൂര്യാസ്തമയത്തിനു ശേഷം ചന്ദ്രനെ ആസ്വദിച്ചു തുടങ്ങാം. 4.21ന് ചന്ദ്രന്റെ നിഴല്‍ പ്രത്യക്ഷമായിത്തുടങ്ങും. 6.21ന് ചന്ദ്രഗ്രഹണം കാണാം. 7.37ന് പൂര്‍ണ ചന്ദ്രഗ്രഹണം നടക്കും. പിന്നീട് 8.41ന് വീണ്ടും പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാവും.