Kerala

ഉത്തരവാദ ടൂറിസം: പ്രാദേശിക പങ്കാളിത്തത്തോടെ ഹോം സ്റ്റേകള്‍

കോട്ടയം: കേരളത്തിന്‍റെ  ടൂറിസം മേഖലയിൽ ദീർഘകാല സുസ്ഥിര വികസന മാതൃകകൾ  വ്യാപിപ്പിക്കുന്നതിനുള്ള പരിശ്രമത്തിന്‍റെ ഭാഗമായി 1000 ഹോംസ്റ്റേകളും 300 ഫാം ഹൗസുകളും നിർമിക്കുന്നതിന്  പ്രാദേശിക സമൂഹത്തെ  സഹായിക്കുവാൻ തയ്യാറാവുകയാണ് സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം മിഷൻ.

പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച കോട്ടയം തിരുവാർപ്പ് എന്ന ചെറു ഗ്രാമത്തിലെ മികവാർന്ന സംരംഭകരോടൊപ്പം ഹോംസ്റ്റേകൾ, ഫാം ഹൗസുകൾ എന്നിവ സ്ഥാപിക്കുന്നതിൽ താത്പര്യം പ്രകടിപ്പിക്കുന്ന  അപേക്ഷകരുമായി  ജനുവരി 26 ന് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരം സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വെച്ച് സമ്മേളനം സംഘടിപ്പിച്ചു. തിരുവാർപ്പിൽ നിന്നും ലഭ്യമായിട്ടുള്ള  ആദ്യ സെറ്റ് അപേക്ഷകൾ കേരളത്തിന്‍റെ ടൂറിസം മേഖലയിൽ ഉയർന്നു വരുന്ന സംരംഭങ്ങളായും അവ കൂടുതൽ പേർ  ഈ മേഖലയിലേക്ക് കടന്ന് വരുന്നതിനും താത്പര്യം പ്രകടിപ്പിക്കുന്നതിനും  പ്രേരണയാകുമെന്നും  ഉത്തരവാദിത്ത മിഷൻ കണക്കാക്കുന്നു.

പദ്ധതികളനുസരിച്ച് ഹോംസ്റ്റേ, ഫാം ഹൗസ് സംരംഭങ്ങൾ സജ്ജീകരിക്കുന്നതിനുള്ള  അപേക്ഷകൾക്ക്  ഉത്തരവാദിത്ത ടൂറിസം മിഷൻ മികച്ച പിന്തുണയേകുകയും ടൂറിസം പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഏതൊരു പ്രവർത്തനത്തിലും പ്രാദേശിക സമൂഹത്തിലുള്ളവരുടെ പങ്കാളിത്തം ഉറപ്പ്  വരുത്തുകയും ചെയ്യും എന്ന് ഭാരവാഹികൾ അറിയിച്ചു.

ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ കോഓർഡിനേറ്റർ ശ്രീ കെ രൂപേഷ് കുമാർ

കേരളത്തിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക്  താത്കാലിക വിശ്രമ കേന്ദ്രങ്ങളിൽ ആതിഥേയരാകുവാനും, അവരുടെ വിനോദയാത്രകളുടെ ഭാഗമായി പ്രാദേശിക ജീവിതം, പരമ്പരാഗത സംസ്കാരം, പാചക വിഭവങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനും  അവസരമൊരുക്കുന്ന കേരളത്തിന്‍റെ  പരിസ്ഥിതി സൗഹൃദ സംരംഭങ്ങളുടെ ഭാഗമാകുന്നതാകും ഹോംസ്റ്റേ സ്റ്റാർട്ടപ്പുകൾ എന്ന പ്രതീക്ഷയിലാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ. ഇത്തരം സംരംഭങ്ങൾ വഴി പ്രാദേശിക സമൂഹത്തിന് കൂടുതൽ സംരംഭക സാധ്യതകളും തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിലും  ഉത്തരവാദിത്ത ടൂറിസം മിഷൻ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന്  ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ കോഓർഡിനേറ്റർ ശ്രീ കെ രൂപേഷ് കുമാർ പറഞ്ഞു.

സംസ്ഥാനത്തിന്‍റെ ഏത് ഭാഗത്തും ഹോം സ്റ്റേ, ഫാം ഹൗസ് എന്നിവ ആരംഭിക്കാൻ തയ്യാറുള്ളവർക്ക് പരിശീലനം നൽകുവാനും ഉത്തരവാദിത്ത ടൂറിസം മിഷൻ തയാറാകുന്നു. വൈക്കം പെപ്പർ പദ്ധതിയുടെ ഭാഗമായി ഹോം സ്റ്റേ ഒരുക്കുന്നവർക്കും പരിശീലനം നൽകും. ഇത്തരത്തിലുള്ള ഒരു പരിശീലന പരിപാടി ഫെബ്രുവരി 15 മുതൽ 20 വരെ തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിൽ നടക്കുമെന്ന് ശ്രീ രൂപേഷ് കുമാർ അറിയിച്ചു.

കേരളത്തിലെവിടേയും ഹോംസ്റ്റേകളും ഫാം ഹൗസുകളും സജ്ജീകരിക്കുന്നതിനായി മുന്നൊരുക്കങ്ങൾ ഉറപ്പാക്കുന്നതിനുള്ള പദ്ധതിയുമായി സഹകരിക്കാൻ താൽപ്പര്യമുള്ള വ്യക്തികൾ തങ്ങളുടെ അപേക്ഷകൾ ദി സ്റ്റേറ്റ് ആർ ടി മിഷൻ കോ ഓർഡിനേറ്റർ, കേരള റെസ്പോൺസിബിൾ  ടൂറിസം മിഷൻ, ടൂറിസം വകുപ്പ്, പാർക്ക് വ്യൂ, തിരുവനന്തപുരം എന്ന വിലാസത്തിലേക്ക് ഫെബ്രുവരി 10ന് മുൻപ് ലഭിക്കത്തക്ക രീതിയിൽ അയക്കേണ്ടതാണ്. അപേക്ഷകൾ rtmission@rtkerala.com എന്ന മെയിലിലും അയക്കാവുന്നതാണ്.