കരിമ്പാറകള്‍ അതിരുതീര്‍ത്ത മുഴുപ്പിലങ്ങാട്
മണല്‍പ്പരപ്പിനപ്പുറം ആര്‍ത്തലക്കുന്ന നീല സാഗരം. അങ്ങിങ്ങായി മുളച്ചുപൊന്തിയ പാറക്കൂട്ടങ്ങള്‍. പാറക്കെട്ടുകളില്‍ ആഞ്ഞടിച്ച് ചിതറിത്തെറിക്കുന്ന തിരമാലകള്‍. ഓരോ തുള്ളിയും കൂട്ടിമുട്ടി കടലിന്റെയും കരയുടെയും സ്നേഹബന്ധത്തിന്റെ സപ്തസ്വരങ്ങള്‍ തീര്‍ക്കും. ഓരോ ദിവസവും ആവേശത്തോടെ അഥിതിയെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുന്ന നീലിച്ച സമുദ്രം. കണ്ണൂരിന്റെ സാഗര സൗന്ദര്യമാണ് മുഴുപ്പിലങ്ങാട്. കടലിനെ സ്നേഹിക്കുന്ന സഞ്ചാരികള്‍ ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിക്കുന്ന കടൽത്തീരം.
കണ്ണൂര്‍ നഗരത്തില്‍ നിന്ന് മുഴുപ്പിലങ്ങാടിലേക്ക് 15 കിലോമീറ്ററാണ് ദൂരം. ഏഷ്യയിലെ നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചാണിത്. സായാഹ്നത്തില്‍ ആരെയും മോഹിപ്പിക്കുന്ന ബീച്ചിന്റെ ദൈര്‍ഘ്യം അഞ്ച് കിലോമീറ്ററാണ്. കടൽ തീരത്തുനിന്നും 200 മീറ്റർ അകലെയായി മറ്റൊരു വിനോദ സഞ്ചാര സ്ഥലമായ ധർമടം തുരുത്ത് സ്ഥിതിചെയ്യുന്നു.
മണലില്‍ പൂഴ്ന്നു പോകാതെ എല്ലാതരം വാഹനങ്ങളിലും ഈ കടല്‍ത്തീരത്തില്‍ സഞ്ചരിക്കാനാകും. കരിമ്പാറകള്‍ അതിരുകെട്ടി സംരക്ഷണം തീര്‍ത്ത ഇവിടം വിദേശികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ്. അങ്ങിങ്ങായി പടര്‍ന്ന് കിടക്കുന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെ രൂപപ്പെട്ട് പുറത്തേക്കൊഴുകുന്ന ചെറു അരുവികളും മുഴപ്പിലങ്ങാടിന് അപൂര്‍വ സൗന്ദര്യം സമ്മാനിക്കുന്നു.
ഏപ്രിൽ – മെയ് മാസത്തിൽ ഇവിടെ ‘ബീച്ച് ഫെസ്റ്റിവൽ’ നടക്കാറുണ്ട്. കടലിലെ സാഹസിക യാത്ര, ഉല്ലാസ യാത്രകൾ, കുട്ടികളുടെ വിനോദ പരിപാടികൾ, കലാ-സാംസ്ക്കാരിക പരിപാടികൾ, പ്രദർശനങ്ങൾ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായി ഒരുക്കാറുണ്ട്. ശൈത്യകാലങ്ങളിൽ ദേശങ്ങള്‍ താണ്ടി ദേശാടനക്കിളികളും മുഴപ്പിലങ്ങാടിനെ തേടിയെത്തും.
എങ്ങനെ എത്താം
അടുത്തുള്ള റെയില്വേസ്റ്റേഷന്: തലശ്ശേരി, കണ്ണൂര്‍.
അടുത്തുള്ള വിമാനത്താവളം: കരിപ്പൂര്‍ ഇന്റര്‍നാഷണല്‍
എയര്‍പോര്‍ട്ട്, കണ്ണൂരില്‍ നിന്ന് 93 കി.മീ ദൂരം