ജയിലിലേക്ക് അവര്‍ പറന്നെത്തി;തടവറയില്‍ താമസിക്കാന്‍
ഹൈദരാബാദ്: ജയിലിലെ തടവുപുള്ളികളുടെ ജീവിതം അനുഭവിച്ചറിയാന്‍ അവരെത്തി.മലേഷ്യയിലെ ദന്ത ഡോക്ടര്‍ ന്ഗ് ഇന്‍ വോയും ബിസിനസുകാരനായ ഓന്ഗ് ബൂണ്‍ ടെക്കും. തെലങ്കാനയിലെ സംഗറെഡ്ഡി ജയിലില്‍ താമസിക്കാനാണ് ഇരുവരും മലേഷ്യയില്‍ നിന്നെത്തിയത്. തെലങ്കാന സര്‍ക്കാരിന്‍റെ ജയില്‍ ടൂറിസം പദ്ധതിയാണ് മറ്റുള്ളവരെ ജയിലില്‍ കഴിയാന്‍ അനുവദിക്കുന്നത്.
ജയില്‍ ടൂറിസത്തെക്കുറിച്ച് ഇന്‍റര്‍നെറ്റില്‍ ലഭ്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരും ജയില്‍ അധികൃതരെ ബന്ധപ്പെടുന്നത്.
മലേഷ്യയില്‍ നിന്ന് ജയിലില്‍ കഴിയാന്‍ എത്തിയവരെ ജയില്‍ അധികൃതര്‍ സ്വീകരിച്ചു.നടപടിക്രമങ്ങള്‍ക്ക് ശേഷം ജയിലില്‍ കഴിയാനുള്ള വസ്ത്രങ്ങളും മഗ്ഗുകളും പാത്രങ്ങളും നല്‍കി.രണ്ടുപേരും രണ്ടു ദിവസം ജയിലില്‍ താമസിച്ചു.
തോട്ടം നനയ്ക്കല്‍, വസ്ത്രം അലക്കല്‍ എന്നിവയായിരുന്നു ജയിലിലെ ജോലി. ഭക്ഷണം പാകം ചെയ്യേണ്ടിയിരുന്നെങ്കിലും ഇരുവരും വിസമ്മതിച്ചു. ഭക്ഷണം പുറത്തു നിന്നെത്തിച്ചു കൊടുത്തെങ്കിലും മറ്റെല്ലാ സൗകര്യങ്ങളും ജയില്‍പ്പുള്ളികള്‍ക്കുള്ളവയായിരുന്നു.
ഒരു ദിവസത്തേക്ക് അഞ്ഞൂറ് രൂപയാണ് ഒരാള്‍ക്ക് ജയിലില്‍ കഴിയാന്‍ നിരക്ക്. രാജ്യത്ത് ആദ്യമായി ജയില്‍ ടൂറിസം നടപ്പാകിയത് തെലങ്കാനയാണ്. തെലങ്കാനയുടെ ചുവടുപിടിച്ച് മഹാരാഷ്ട്രയും ജയില്‍ ടൂറിസം നടപ്പാക്കാന്‍ ഒരുങ്ങുകയാണ്.
നൈസാമിന്‍റെ കാലത്ത് 1796ലാണ് സംഗറെഡ്ഡി ജയില്‍ നിര്‍മ്മിച്ചത്.