ഗവിക്ക് പോകണോ… ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തോളൂ…
മലകയറി കോടമഞ്ഞില്‍ പുതയാന്‍ ഗവിയിലേക്ക് ഇനിമുതല്‍ അത്രപെട്ടന്നൊന്നും പോകാന്‍ പറ്റില്ല. ഫെബ്രുവരി മുതല്‍ ഗവിയില്‍ നിയന്ത്രണം വരുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ഗവിയില്‍ പോകാന്‍ പറ്റൂ. വനം വകുപ്പാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.
ഈ മാസം 31ന് രാവിലെ 11മുതല്‍ www.gavikakkionline.com വെബ് സൈറ്റില്‍ ബുക്കിംഗ് ആരംഭിക്കും. ഒരു ദിവസം പരമാവധി 30 വാഹനങ്ങളേ കടത്തി വിടൂ. ബുക്ക് ചെയുന്ന വാഹനങ്ങള്‍ രാവിലെ 11ന് മുമ്പായി വനം വകുപ്പിന്റെ ആങ്ങമുഴി ടിക്കറ്റ് കൗണ്ടറില്‍ എത്തണം. ആളൊന്നിന് 30 രൂപ വെച്ച് പാസ് വാങ്ങണം. വിദേശികള്‍ 60 രൂപ അടച്ച് പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കണം. പതിമൂന്നു വയസ്സിന് താഴെയുള്ളവര്‍ക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല. ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയും കൈവശമുണ്ടായിരിക്കണം.
മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി ഡാമുകള്‍ക്ക് മുകളിലൂടെയാണ് യാത്ര. മൂഴിയാര്‍, എക്കോ പോയിന്റ്, ആനത്തോട്, പച്ചക്കാനം, കൊച്ചുപമ്പ മേഖലകളില്‍ വാഹനം നിര്‍ത്തി സഞ്ചാരികള്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. മോട്ടക്കുന്നുകളിലും പുല്‍മേടുകളിലും മൃഗങ്ങളെയും കാണാം.
യാത്ര എങ്ങനെ
പത്തനം തിട്ടയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ ആങ്ങമുഴിയിലാണ് ഗവിയിലെക്കുള്ള കവാടം. ഇവിടെ നിന്നും ഗവി വരെ വനപാതയിലൂടെ 67 കിലോമീറ്റര്‍ സഞ്ചരിക്കണം. 56 കിലോമീറ്റര്‍ അകലെയുള്ള ആനത്തോട് ചെക്ക്പോസ്റ്റ് ഉച്ചക്ക് 2.30ന് മുമ്പ് കടന്നുപോകണം. ഗവിയില്‍ നിന്നും വാഹനങ്ങള്‍ തിരികെ ആങ്ങമുഴി വഴി കടത്തിവിടില്ല. പകരം വൈകീട്ട് ആറുമണിക്ക് മുമ്പ് വള്ളക്കടവ് ചെക്ക്പോസ്റ്റ് കടക്കണം.