Food

ലണ്ടന്‍ ഇങ്ങ് കൊച്ചിയിലുണ്ട്‌. കേമന്മാര്‍ ലണ്ടനില്‍ അഥവാ കൊച്ചിയില്‍


സഞ്ചാരികളുടെ പറുദീസയാണ് കൊച്ചിയിലെ മട്ടാഞ്ചേരി. ദിനംപ്രതി ലോകത്തിലെ നാനാ ദിക്കില്‍ നിന്നെത്തുന്ന സഞ്ചാരികളെ മട്ടാഞ്ചേരി സ്വീകരിക്കുന്നത്  മനസ് തുറന്നാണ് . മട്ടാഞ്ചേരിയിലെ കല്‍വാത്തി തെരുവിലെത്തുന്ന സഞ്ചാരികള്‍ക്കായി ലണ്ടന്‍ മാതൃകയിലുള്ള ഭക്ഷണശാല ഒരുക്കിയിരിക്കുകയാണ് ഈസ്റ്റ് ഇന്ത്യ സ്ട്രീറ്റ് കഫേ. കഫേയിലെത്തി വാതില്‍ തുറന്ന് അകത്ത് കയറിയാല്‍ പിന്നെ കൂടു വിട്ട് കൂടു മാറും  പോലെയാണ്. പുതിയ  രുചികളും   പുതിയ അനുഭവങ്ങളും സഞ്ചാരികള്‍ക്ക്  സമ്മാനിക്കും വിധം കൊളോണിയല്‍ രീതിയിലാണ് നിര്‍മാണം.

 

ലണ്ടന്‍ തെരുവോരത്തിന്‍റെ   പ്രതീതിയിലാണ്  ഭക്ഷണശാല . ഇഷ്ടിക ഭിത്തികള്‍ക്ക് ചാരെ ഇരിപ്പിടങ്ങള്‍.കഫേയിലെത്തുന്നവരുടെ കണ്ണ് ആദ്യം എത്തുന്നത് ബ്രിട്ടന്റെ മികച്ച രൂപകല്‍പനകളില്‍ ഒന്നായ ചുവന്ന  ടെലിഫോണ്‍ ബൂത്തിലേക്കാണ്. മെനുവില്‍ ഒന്നു കണ്ണോടിച്ചാല്‍ നമ്മള്‍ കേട്ടതും കേള്‍ക്കാത്തതുമായ നിരവധി കൊളോണിയല്‍ വിഭവങ്ങള്‍ കാണാം. വിഭവങ്ങളുടെയെല്ലാം രുചി കേന്ദ്രം അസിസ്റ്റന്റ് കോര്‍പ്പറേറ്റ് ഷെഫ് ടിബിന്‍ തോമസിന്റെ കൈകളില്‍ നിന്നാണ്. ആദ്യമായി എത്തുന്നവര്‍ക്ക് വിഭവങ്ങള്‍ ഓരോന്നും ഷെഫ് തന്നെ പരിചയപ്പെടുത്തും . ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കഫേ കൊളോണിയല്‍ സംസ്‌ക്കാരത്തോടൊപ്പം പുതുമയാര്‍ന്ന രുചികള്‍ കൂടി പരീക്ഷിക്കുകയാണ്.
അരോമ ഓര്‍ഗാനിക്ക് നല്‍കുന്ന കീടനാശിനി തളിക്കാത്ത ഓര്‍ഗാനിക്ക് പച്ചകറികളാണ് കഫേയില്‍ ഉപയോഗിക്കുന്നത്. രണ്ടുപേര്‍ക്ക് ശരാശരി അറുന്നൂറ് രൂപയ്ക്ക് ഭക്ഷണം ലഭിക്കും എന്നതാണ് കഫേയുടെ മറ്റൊരു പ്രത്യേകത. പുതുരുചികള്‍ തേടുന്ന സഞ്ചാരികള്‍ക്ക് മട്ടാഞ്ചേരിയിലെ ഈസ്റ്റ് ഇന്ത്യ സ്ട്രീറ്റ് കഫേ ഇഷ്ടപ്പെട്ട സ്ഥലമായി മാറി കഴിഞ്ഞു.