പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, കാട്ടറിവുകളുടെ അമ്മ
നാട്ടുവൈദ്യത്തിലെ പ്രാഗത്ഭ്യത്തിന് തിരുവനന്തപുരം വിതുര മൊട്ടമൂടുക്കാരിയായ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരിക്കുന്നു. ആദിവാസി നാട്ടുവൈദ്യം ജനകീയമാക്കിയതിനാണ് പുരസ്കാരം. ലക്ഷിക്കുട്ടിയമ്മയുമായി ടൂറിസം ന്യൂസ് ലൈവ് പ്രതിനിധി ജംഷീന മുല്ലപ്പാട്ട് സംസാരിച്ചു.നാട്ടുവൈദ്യത്തേയും പിന്നിട്ട വഴികളേയും പുരസ്കാരങ്ങളെയുംകുറിച്ച്. ചിത്രം : ജിഎസ് അരവിന്ദ്.
പൊന്മുടി റോഡില്‍ കല്ലാര്‍ ചെക്ക്പോസ്റ്റ് കടന്ന് ഇടത്തോട്ടുള്ള കാട്ടുപാതയിലൂടെ നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൊട്ടമൂട് എന്ന സ്ഥലത്തെത്താം. അവിടെ മരത്തില്‍ കെട്ടിയിട്ട ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട് ലക്ഷ്മികുട്ടിയമ്മ, നാട്ടുവൈദ്യം എന്ന്. വീട്ടിലേക്കുള്ള വഴിയില്‍ നിറയെ വാഹനങ്ങളാണ്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ലക്ഷ്മികുട്ടിയമ്മയെ കാണാനും ഇന്‍റര്‍വ്യു എടുക്കാനും വന്നവരുടെ തിരക്ക്. നേരത്തെ വിളിച്ച് ഞങ്ങളും സംസാരിക്കാന്‍ സമയം ചോദിച്ചിരുന്നു. തിരക്കൊഴിഞ്ഞ് വനമുത്തശ്ശി ടൂറിസം ന്യൂസ് ലൈവിനോട് സംസാരിച്ചു തുടങ്ങി.
കാണി വിഭാഗക്കാരിയായ ലക്ഷ്മിക്കുട്ടിയമ്മ 45 വര്‍ഷമായി പാരമ്പര്യ വിഷ ചികിത്സാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 300ലധികം ആളുകള്‍ക്ക് വിഷചികിത്സ നടത്തിയിട്ടുണ്ട്. 150ലധികം ഔഷധ സസ്യങ്ങള്‍ സ്വന്തം തൊടിയില്‍ വളര്‍ത്തുന്ന ലക്ഷ്മിക്കുട്ടിയമ്മക്ക് അറിയാത്ത പച്ചമരുന്നുകള്‍ കുറവാണ്. മൊട്ടമൂട് ഊരിന്‍റെ മൂപ്പനായിരുന്ന ഭര്‍ത്താവ് മാത്തന്‍ കാണി മരിച്ചതിനു ശേഷം ഒറ്റക്കാണ് താമസം. ഒറ്റയ്ക്ക് താമസിക്കുന്നതിനെ കുറിച്ച് വനമുത്തശ്ശി പറഞ്ഞത് ‘മലയുടെ മടിത്തട്ടില്‍ പിറന്നു വീണു കാടിന്‍റെ മണമേറ്റ് വളര്‍ന്നവരല്ലേ ഞങ്ങള്‍’ എന്നാണ്. കാടു കൊടുത്ത അറിവാണ് എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള ഈ 74കാരിയെ പടുത്തുയര്‍ത്തിയത്.
ജനിച്ച് ആറാം മാസം അച്ഛന്‍ മരിച്ചു. പിന്നീട് അമ്മത്തണലിലായി ജീവിതം. അമ്മ നാട്ടിലെ അറിയപ്പെടുന്ന വയറ്റാട്ടിയായിരുന്നു. ലക്ഷ്മിക്കുട്ടിയമ്മ അടക്കം ഏഴ് മക്കള്‍. 1949ല്‍ കല്ലാറില്‍ കൊട്ടാരം വക കുതിരപ്പുര ഇവിടെയുള്ള ആള്‍ക്കാരെല്ലാം കൂടി നന്നാക്കി സ്കൂളാക്കി മാറ്റി. അന്ന് ഗോപാലാന്‍ കാണിയായിരുന്നു അധ്യാപകന്‍. വിദ്യാര്‍ഥികളായി ലക്ഷ്മിക്കുട്ടിയമ്മയും വേറെ നാലുപേരും. കാലചക്രം കടന്നുപോയിട്ടും ലക്ഷ്മികുട്ടിയമ്മയുടെ ഓര്‍മത്തട്ടില്‍ എല്ലാം ഉണങ്ങാതെ കിടപ്പുണ്ട്. അക്ഷരം കൂട്ടിവായിക്കാന്‍ തുടങ്ങിയപ്പോഴേ വായനയോട് കൂടുകൂടി. പരക്കെ വായിക്കും. തമിഴ്, സംസ്കൃതം വരെ വായിച്ചു തുടങ്ങി. 70കളില്‍ എഴുത്തിന്‍റെ സൂക്കേട് തുടങ്ങി. ജീവിതം ഇതുവരെ എത്തിയതിന്‍റെ കെട്ടുകള്‍ ഓരോന്നായി അഴിക്കാന്‍ തുടങ്ങി. കവിതകളും കഥയും നാടകവും കാഥാപ്രസംഗവും എഴുതി. പലതും പ്രസിദ്ധീകരിച്ചു. ചിലത് മൊഴിമാറ്റം ചെയ്യപ്പെട്ടു. വള്ളത്തോളും വൈലോപ്പിള്ളിയും ഇഷ്ട് എഴുത്തുകാര്‍. കാടും, അതിനെ ചുറ്റിപ്പറ്റിയുള്ള ചൂടും ചൂരുമുള്ള പൊള്ളുന്ന ജീവിതങ്ങളുമാണ് കൂടുതലും എഴുതിയിട്ടുള്ളത്.
ആദിവാസി ഗോത്ര സംസ്ക്കാരത്തിന്‍റെ പ്രാക്തന അറിവുകള്‍ കൃത്യമായി അറിയാവുന്ന തലമുറയിലെ അവസാനത്തെ കണ്ണിയാണ് ലക്ഷ്മിക്കുട്ടിയമ്മ. ഈ അറിവുകള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്. വീടിന്‍റെ പണി പൂര്‍ത്തിയായാല്‍ കുട്ടികളെ വിളിച്ചിരുത്തി പഠിപ്പിക്കണം. അറിവുകള്‍ അന്യം നിന്ന് പോകരുതല്ലോ… ലക്ഷ്മികുട്ടിയമ്മ പ്രതീക്ഷ പങ്കുവെച്ചു. ‘നമ്മുടെ സംസ്ക്കാരത്തിന് ഒരു തത്വ സംഹിതയുണ്ട്. അതുകൊണ്ടാണ് വിദേശികള്‍ പോലും നമ്മളെ ബഹുമാനിക്കുന്നത്. അത് നാളെയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. പഴമയെ നിഷേധിക്കരുത്’.
കുറച്ചു കാലം ഫോക് ലോര്‍ അക്കാദമിയില്‍ ക്ലാസെടുക്കാന്‍ പോയി. എനിക്കറിയാവുന്നത് അവര്‍ക്ക് പറഞ്ഞു കൊടുക്കും. കുട്ടികള്‍ക്ക് അതിഷ്ടമാവും. പിന്നെ പി.എച്ച് .ഡി ചെയുന്നവരൊക്കെ ഇവിടെ വരും. നാട്ടറിവും നാട്ടുപഴക്കമൊക്കെ പഠിക്കാന്‍. പാരീസ്, ഗോവ, ഓസ്ട്രേലിയ, പോണ്ടിച്ചേരി ഇവിടുന്നൊക്കെ കുട്ടികള്‍ വന്നിട്ടുണ്ട്. ബോട്ടണി വിഷയമൊക്കെ ഞാന്‍ പറഞ്ഞു കൊടുക്കും. വനമുത്തശ്ശി തെല്ലൊന്നു ചിരിച്ചുകൊണ്ട് പറഞ്ഞു. ഡിഗ്രികളുടെ കനമില്ലാതെ പ്രകൃതിയില്‍ നിന്നാര്‍ജിച്ച അറിവുകള്‍ മറ്റൊന്നും ആവശ്യപ്പെടാതെ പകര്‍ന്നു നല്‍കുന്നു. അതിന് ഒരു കാരണമേ ലക്ഷിക്കുട്ടിയമ്മക്കുള്ളൂ. അറിവ് അന്യംനിന്നു പോകരുത്.
യാത്രചെയ്യാന്‍ ഇഷ്ടമെങ്കിലും കേരളം വിട്ട് പുറത്തു പോയത് രണ്ടു തവണ മാത്രം. കര്‍ണാടകയിലും തമിഴ്നാട്ടിലും. അതും ഔദ്യോഗിക യാത്ര. അഖിലേന്ത്യ വൈദ്യ സമ്മേളനത്തിന്. പാരമ്പര്യ വിഷ ചികിത്സയിലെ പ്രാഗത്ഭ്യം പരിഗണിച്ച് 1999ല്‍ ലക്ഷ്മിക്കുട്ടിയമ്മയെ സംസ്ഥാന സര്‍ക്കാര്‍ വൈദ്യരത്ന അവാര്‍ഡ് നല്‍കി ആദരിച്ചു. ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ജൈവ വൈവിധ്യബോര്‍ഡ്, അന്തര്‍ ദേശീയ ജൈവ പഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതിനോടകം ആദരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ രാജ്യത്തിന്‍റെ ബഹുമതിയും.
കുറച്ചു സമയം മാത്രമാണ് ഞങ്ങളോട് സംസാരിച്ചത്. ക്ഷീണിതയാണ്. പുരസ്കാരം ലഭിച്ച വിവരം അറിഞ്ഞതു മുതല്‍ വീട്ടില്‍ ആളുകളുടെ ബഹളമാണ്. വിശ്രമിക്കാന്‍ പോലും സമയം കിട്ടിയിട്ടില്ല. രാത്രി കോഴിക്കോട് പോണം. അവിടെ സ്വീകരണമുണ്ട്. ഈ തിരക്ക് കാരണം അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ല. ഞങ്ങളോട് സംസാരിച്ച കുറച്ചു സമയംകൊണ്ട് ലക്ഷ്മിക്കുട്ടിയമ്മ 74 വര്‍ഷത്തെ ജീവിത പുസ്തകം തുറന്നുതന്നു. അത്രക്കും സുതാര്യമാണ് അവരുടെ ജീവിതം. മടങ്ങിപ്പോരാന്‍ നേരം വീടിനകത്തേക്ക് ഞങ്ങളെ ക്ഷണിച്ചു. അകത്ത് ബെഞ്ചില്‍ നിരത്തിവെച്ചിരിക്കുന്ന പൊന്നാടകളും പുരസ്ക്കാരങ്ങളും വായിച്ചുവെച്ച പുസ്തകങ്ങളും. യാത്രപറഞ്ഞിറങ്ങുമ്പോള്‍ പത്മശ്രീ ലക്ഷ്മികുട്ടിയമ്മ ഞങ്ങളോട് പറഞ്ഞു, ‘മക്കള്‍ ഇനിയും വരണം, സമയം ഇല്ലാത്തതു കൊണ്ടാണ്. അടുത്ത തവണ വിശദമായി സംസാരിക്കാം’…