കാടറിഞ്ഞ് കാനനഭംഗി കണ്ട് മുത്തങ്ങാ യാത്ര
താമരശ്ശേരി ചുരം കയറി വയനാടെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മതിയാവോളം ആസ്വദിക്കാനുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ വയനാടുണ്ട്. പ്രകൃതി, സാഹസികത, സംസ്ക്കാരം, പുരാതന കേന്ദ്രങ്ങള്‍, കാട് എല്ലാം കൂടിച്ചേര്‍ന്ന സമ്പന്ന കാഴ്ചാ വിരുന്നാണ് സഞ്ചാരികള്‍ക്ക് വയനാട് ഒരുക്കുന്നത്.
സഹ്യന്റെ മകള്‍ :
കേരളത്തിന്റെയും, തമിഴ്നാടിന്റെയും, കര്‍ണാടകയുടേയും അതിര്‍ത്തി പങ്കിടുന്ന വനമേഖലയാണ് മുത്തങ്ങ. വന്യജീവികൾ സ്വസ്ഥമായി വിഹരിക്കുന്ന കാട്ടുപാതകൾ. കാടിന്റെ പച്ചപ്പാണ് മുത്തങ്ങയെ വിനോദസഞ്ചാരികളുടെ പ്രിയ ഇടമാക്കുന്നത്. മുതുമല, ബന്ദിപ്പൂര്‍ വന്യജീവിസങ്കേതങ്ങളോട് ചേര്‍ന്നാണ് മുത്തങ്ങ വനം. വനസസ്യങ്ങളും അപൂര്‍വ ജൈവവൈവിധ്യങ്ങളും ഈ മഴക്കാടിന്റെ മാത്രം പ്രത്യേകതയാണ്.
പ്രകൃതിയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മനോഹരമായ കാഴ്ചകളാണ് മുത്തങ്ങ ഒരുക്കുക. മുത്തങ്ങ വന്യജീവികളുടെ സുരക്ഷിത മേഖലയായിട്ടാണ് കണക്കാക്കുന്നത്. കർണാടകത്തിലെ ബന്ദിപ്പൂർ, തമിഴ്നാട്ടിലെ മുതുമല കടുവസങ്കേതങ്ങൾ മുത്തങ്ങയോട് ചേർന്നുകിടക്കുന്നു. സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ.
വന്യജീവികള്‍ കണ്മുന്നില്:
കർണാടകയും തമിഴ്നാടും കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിൾ പോയിന്റ് എന്നാണ് വിളിക്കുന്നത്. രാത്രി ഒമ്പതു മണിക്ക് ശേഷം ഈ വഴിയില്‍ വാഹനങ്ങള്‍ കയട്ടിവിടില്ല. പകല്‍ സമയങ്ങളില്‍ ഈ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കാട്ടുപോത്തോ, ആനയോ, കടുവയോ ദര്‍ശനംതരും. കാട്ടു ചോലകള്‍ അന്വേഷിച്ചിറങ്ങുന്നതാവും അവര്‍.
മുത്തങ്ങയിലെത്തുന്ന സഞ്ചാരികള്‍ക്കായി സര്‍ക്കാരിന്റെ താമസ സംവിധാനങ്ങളുണ്ട്. ഹോട്ടലുകള്‍ക്ക് പുറമേ മരങ്ങളിലേ ഏറുമാടങ്ങളിലും താമസിക്കാം. മുത്തങ്ങയ്ക്ക് അടുത്തുള്ള ചുണ്ട എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. കാട്ടിൽ മലകയറ്റത്തിന് പോകാനുള്ള സൗകര്യമുണ്ട്. സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ഇവിടുത്തെ ടൂറിസം സീസണ്.
വനസഫാരി
മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് സഫാരി നടത്താം. 10 കിലോമീറ്റരാണ് സഫാരി ദൂരം. രാവിലെ 7-10 വരെയും വൈകീട്ട് 3-5 വരെയുമാണ് സഫാരി അനുവദിക്കുക. സര്‍ക്കാര്‍ ജീപ്പുകള്‍ യാത്രക്ക് ലഭ്യമാകും.
എങ്ങനെ എത്താം :
സമീപ വിമാനത്താവളം: കോഴിക്കോട് വിമാനത്താവളം – 140 കിലോമീറ്റർ
സമീപ റെയിൽവേ സ്റ്റേഷൻ: കോഴിക്കോട് – 105 കിലോമീറ്റർ
താമരശ്ശേരി ചുരം വഴി സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബാംഗ്ലൂര്‍ പോകുന്ന കെ.എസ്ആർ.ടി.സി ബസുകൾ കോഴിക്കോട് ബസ് സ്റ്റാന്റിൽ നിന്ന് മുത്തങ്ങയിലേക്ക് കിട്ടും.