ജന്മദിനാശംസകള് ഇടുക്കി…. 46ലും ഇവളാണിവളാണ് മിടുമിടുക്കി
ഇടുക്കിക്കിന്ന് 46ാം പിറന്നാള്‍. തെക്കിന്റെ കശ്മീര്‍ എന്നറിയപ്പെടുന്ന ഇടുക്കി വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയാണ്. പച്ചപുതച്ച നിബിഢ വനങ്ങളും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയെന്ന ഗര്‍വ്വോടെ തലയുയര്ത്തിനില്ക്കുന്ന ആനമുടിയും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച്ഡാമെന്ന അപൂര്‍വ്വ ബഹുമതിയോടെ ഇടുക്കി ഡാമും ഇടുക്കിയുടെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു. ഇയ്യോബിന്റെ പുസ്ത്തകത്തിലെ ആലോഷിയിലൂടെ മലയാളികള്‍ ഇടുക്കിയെ കൂടുതല്‍ സ്നേഹിച്ചുതുടങ്ങി. അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്.
ചേര വംശജരുടെയും പുരാതന യൂറോപ്യന്‍ അധിനിവേശകരുടെയും വ്യവഹാര ഭൂമിയെന്ന നിലയില്‍ ഇടുക്കി ജില്ലയ്ക്ക് ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. പ്രാചീന കാലം മുതല്‍ തന്നെ വിദൂര രാജ്യങ്ങളിലേക്ക് തേക്ക്, ഈട്ടി, ആനക്കൊമ്പ്, ചന്ദനം, മയിലുകള്‍ എന്നിവ കയറ്റിയയക്കുന്ന പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു ഇടുക്കി. ശിലായുഗത്തിലെ ആദിമനിവാസികളുടെ ചരിത്രസാന്നിദ്ധ്യത്തിന് ഇവിടെനിന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. . കേരളത്തിലെ വലുപ്പത്തില്‍ രണ്ടാംസ്ഥാനമുള്ള ഇടുക്കിജില്ല 1972 ജനുവരി 26നാണ് രൂപീകൃതമായത്. ദേവികുളം, അടിമാലി, ഉടുമ്പന്‍ചോല, തേക്കടി, മുരിക്കാടി, പീരുമേട്, തൊടു പുഴ എന്നീ പ്രമുഖ പട്ടണങ്ങള്‍ ഇടുക്കി ജില്ലയിലാണ്.
മൂന്നാറാണ് ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. പ്രകൃതി കനിഞ്ഞു നല്കിയ ജൈവസമ്പത്തുണ്ടവിടെ. അടിവാരം കടന്നാല്‍ മുന്നാറിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നത് തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളുമാണ്. ഇടുക്കിയിലെത്തുന്ന സഞ്ചാരിയുടെ പ്രിയ സ്ഥലവും മൂന്നാര്‍ തന്നെ. നീരുറവകളും വെള്ളച്ചാട്ടങ്ങളും പശ്ചിമഘട്ടത്തിലെ കുന്നുകളും നിങ്ങളെ വിടാതെ പിന്തുടരും. അത്രയ്ക്ക് വശ്യമാണ് മൂന്നാര്‍. മൂന്നാര്‍ കൂടാതെ യൂക്കാലിപ്റ്റസ് താഴ്വരയായ വാഗമണ്‍, വരയാടുകളുടെ ആവാസകേന്ദ്രമായ പീരുമേട്, രാമക്കല്‍മേട് തുടങ്ങിയ സ്ഥലങ്ങളും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.
സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരമുള്ള ആനമുടിയെ കൂടാതെ 13 കൊടുമുടികള്‍ വേറെയുമുണ്ട് ഈ ഹരിത ഭൂമി യില്‍. തൊടുപുഴയാര്‍, പെരിയാര്‍, തലയാര്‍ എന്നീ പുഴകള്‍ ഇടുക്കിയുടെ മാറിലെ മുത്തുകളാണ്. ആര്‍ച് ഡാമിനുപുറമെ കുളമാവ്, ചെറുതോണി എന്നീ ഡാമുകളും ഇടുക്കിയിലുണ്ട്. ഇവിടത്തെ ജലാശയങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ തയ്യാറാവുന്ന സഞ്ചാരികള്‍ക്ക് ഈ മൂന്ന് ഡാമുകള്‍ സന്ദര്ശിക്കാതിരിക്കാനാവില്ല. കേരളത്തിലെ പ്രമുഖ ജലസേചന പദ്ധതിയായ മലങ്കര റിസര്‍വോയര്‍ ബോട്ടിങ്ങിലും ഫിഷിങ്ങിലും താല്പര്യമുള്ള സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.
മുരിക്കാടിയിലെ കാറ്റിന് കാപ്പിയുടേയും തേയിലയുടേയും കൊതിപ്പിക്കുന്ന ഗന്ധമാണ്. കുരുമുളകും ഏലവും വിളയുന്ന നെടുങ്കണ്ടംഹില്ലിനെ സുഗന്ധ വിളകളുടെ തീരമെന്ന് വിളിക്കാം. ഇടുക്കിയിലെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ് മംഗളദേവി ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്ന് 1337 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം വടക്കുംകൂര്‍ നാടുവാഴിയാണ് പണിതതെന്ന് കരുതപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ പണിതെന്നു കരുതുന്ന ഒരു ചര്‍ച്ച് തൊടുപുഴയ്ക്കടുത്തുണ്ട്. മറ്റൊരു ആകര്‍ഷണം പെരിയാര്‍ നാഷണല്‍ പാര്‍ക്കാണ്.
അത്യപൂര്‍വ്വ സസ്യവന്യജാലങ്ങളുള്ള കുറിഞ്ഞിമല സാങ്ച്വറിയുടെ സമീപ പ്രദേശങ്ങളിലായി വേറെയും സാങ്ച്വറികളും ഉദ്യാനങ്ങളുമുണ്ട്. ചിന്നാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി, ഇന്ദിരാ ഗാന്ധി വൈല്‍ഡ് ലൈഫ് സാങ്ച്വറി, ആനമുടി ശോല നാഷണല്‍ പാര്‍ക്ക്, ഇരവികുളം നാഷണല്‍ പാര്‍ക്ക്, പാമ്പാടുംശോല നാഷണല്‍ പാര്‍ക്ക് എന്നിവ അവയില്‍ ചിലതാണ്. നീലഗിരി ത്ഥാര്‍, നീലഗിരി വുഡ് പീജിയന്‍, കാട്ട്പോത്തുകള്‍, പര്‍പ്പിള്‍ ഫ്രോഗ് ടൈഗര്‍, കലമാനുകള്‍, നീലക്കുറിഞ്ഞി എന്നീ അപൂര്‍വവും വിവിധങ്ങളുമായ സസ്യവന്യ വിസ്മയം കാണാന്‍ ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നും സഞ്ചാരികള്‍ ഇവിടെയെത്തുന്നു.
തട്ടേക്കാട് പക്ഷിസങ്കേതം അഥവാ സലിംഅലി പക്ഷിസങ്കേതം സ്വദേശികളും അല്ലാത്തതുമായ ഒരുപാട് വിവിധയിനം പക്ഷികളുടെ വിഹാരകേന്ദ്രമാണ്. വംശനാശ ഭീഷണിയുള്ള ധാരാളം പക്ഷികളെ മറ്റെങ്ങുമില്ലാത്ത വിധം ഇവിടെ കാണാം. ചിലയിനം ഉരഗങ്ങളും മൃഗങ്ങളും പക്ഷികള്‍ക്ക് പുറമെ ഇവിടെയുണ്ട്. ട്രെക്കിംങ് ഇഷ്ടപ്പെടുന്ന ഒരു സാഹസികപ്രിയരാണ് നിങ്ങളെങ്കില്‍ കാല്‍വരി മൌണ്ട്, കുളമാവ്, പാല്‍ക്കുളമേട്, നെടുങ്കണ്ടം ഹില്‍ എന്നീ മലഞ്ചെരിവുകളും വനപാതകളും സന്ദര്‍ശിക്കാന്‍ മറക്കരുത്.
ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കും സാഹസികപ്രിയര്‍ക്കും ഉല്ലാസയാത്രയ്ക്ക് വരുന്നവര്‍ക്കുമൊക്കെ ഇടുക്കി ഒരു പോലെ പ്രിയപ്പെട്ട സ്ഥലമാണ്.